

തിരുവനന്തപുരം: കേരള കോൺഗ്രസ് എം ഇടതുമുന്നണി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാൻ ഹൈക്കമാൻഡ് നീക്കം നടത്തുന്നതായാണ് വിവരം. മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ജോസ് കെ മാണിയുമായി ഫോണിൽ സംസാരിച്ചെന്നാണ് പുറത്തുവരുന്ന സൂചന. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ഇടപെടുന്നുണ്ട് എന്നാണ് വിവരം. എന്നാൽ ജോസ് കെ മാണിയെ സോണിയ ഗാന്ധി വിളിച്ചുവെന്ന അഭ്യൂഹം കോൺഗ്രസ് നേതൃത്വം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
മുന്നണി മാറ്റം സംബന്ധിച്ച് ജോസ് കെ മാണി എന്ത് തീരുമാനം എടുത്താലും ഒപ്പമുണ്ടാകുമെന്ന് കേരള കോൺഗ്രസ് എമ്മിന്റെ നാല് എംഎൽഎമാർ ഉറപ്പുനൽകി. കാഞ്ഞിരപ്പള്ളി എംഎൽഎ എൻ ജയരാജ്, പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കൽ, ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിൾ, റാന്നി എംഎൽഎ പ്രമോദ് നാരായണൻ എന്നിവരാണ് ജോസ് കെ മാണിയെ നിലപാട് അറിയിച്ചത്.
അതേസമയം എൽഡിഎഫിൽ തുടരണമെന്നാണ് ഇടുക്കി എംഎൽഎയും ജലവിഭവവകുപ്പ് മന്ത്രിയുമായ റോഷി അഗസ്റ്റിന്റെ നിലപാട്. പാർട്ടി മുന്നണി മാറ്റമെന്ന തീരുമാനം എടുത്താൽ റോഷി അഗസ്റ്റിൻ എൽഡിഎഫിനൊപ്പം തുടരുമെന്നാണെങ്കിൽ കേരള കോൺഗ്രസ് എം വീണ്ടും പിളരുന്ന സാഹചര്യത്തിലേക്ക് വരെ എത്തും. മുന്നണിയിൽ തുടരുമെന്ന് വ്യക്തമാക്കും വിധം 'തുടരും' എന്ന് റോഷി അഗസ്റ്റിൻ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. എൽഡിഎഫ് നേതാക്കൾക്കും മന്ത്രിമാർക്കും ഒപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരള കോൺഗ്രസ് എം എൽഡിഎഫ് മുന്നണിവിട്ട് യുഡിഎഫിലേക്ക് പോകുമെന്ന് സൂചന ശക്തമാക്കുന്ന നീക്കമാണിത്. 16 ന് കോട്ടയത്ത് ചേരുന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി ഇതിൽ നിർണായകമാകും.
ഇതിനിടെ എൽഡിഎഫിന്റെ മധ്യമേഖലാ ജാഥാ ക്യാപ്റ്റന്റെ സ്ഥാനത്തുനിന്നും ജോസ് കെ മാണി മാറിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. റാലിയുടെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാകാൻ ജോസ് കെ മാണി തയ്യാറെടുക്കുന്നതായും റാലി നയിക്കാൻ എൻ ജയരാജിനോട് ആവശ്യപ്പെട്ടതുമായാണ് വിവരം. ഫെബ്രുവരി ആറ് മുതൽ 13വരെയുള്ള ജാഥ ആറന്മുളയിൽനിന്ന് തുടങ്ങി അങ്കമാലിയിലാണ് അവസാനിക്കുക.
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ സത്യാഗ്രഹ സമരത്തിൽ ജോസ് കെ മാണി പങ്കെടുത്തിരുന്നില്ല. കേരളത്തിന് പുറത്ത് യാത്രയിൽ ആയതിനാലാണ് പാർട്ടി ചെയർമാന് തിരുവനന്തപുരത്തെ സമര പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്നായിരുന്നു കോൺഗ്രസ് എമ്മിന്റെ വിശദീകരണം. മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് എൻ ജയരാജുമടക്കം പാർട്ടിയുടെ എംഎൽഎമാരും സമരപരിപാടിയിൽ പങ്കെടുത്തിരുന്നു.
Content Highlights: reports saying jose k mani's kerala congress m planning to join with udf