

കഴുത്തിലും മടക്കുകളിലും കറുത്തനിറം ശ്രദ്ധയില്‍പ്പെടുമ്പോഴേ, തൈരും കടലമാവുമൊക്കെ കുഴച്ചിട്ട് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്. അകന്തോസിസ് നിഗ്രിക്കന്‍സ് എന്നൊരു അവസ്ഥയാണിത്. മധ്യവയസ്‌കരില്‍ ഇത് സാധാരണയായി കാണപ്പെടുന്ന ഒരു അവസ്ഥയാണിത്. സ്ത്രീകളിലും പുരുഷന്മാരിലും കാണപ്പെടുന്ന ഈ അവസ്ഥ ചിലരില്‍ നെറ്റിയിലും വശങ്ങളിലും മൂക്കിന് ഇരുവശത്തും ഉണ്ടാകും. മറ്റുചിലരില്‍ കൈമുട്ട്, വിരല്‍ മടക്കുകള്‍, കാല്‍മുട്ട് എന്നിവിടങ്ങളിലും കറുപ്പുനിറം കാണപ്പെടുന്നുണ്ട്.
ഇത് സാധാരണയായി ചര്‍മത്തിലുണ്ടാകുന്ന ഒരു മാറ്റം എന്ന നിലയില്‍ വലിയ പ്രാധാന്യം നല്‍കാതെ ഒഴിവാക്കുന്ന കാര്യമാണ്. എന്നാല്‍ കഴുത്തില്‍ കാണുന്ന കറുപ്പ് നിറം അഴുക്കോ, അല്ലെങ്കില്‍ ശുചിത്വകുറവ് മൂലമോ സംഭവിക്കുന്നതല്ലെന്നും ഇന്‍സുലിനുമായി ഇത് ബന്ധമുണ്ടെന്നും പറയുകയാ് ഡോ സയാജി റാവു ഗെയ്ക്വാദ്.
ഇന്‍സുലിന് പ്രതിരോധത്തിന്റെ ലക്ഷണങ്ങളിലൊന്നാണ് ഇത്തരത്തില്‍ കാണപ്പെടുന്ന കറുത്ത നിറം. കോശങ്ങള്‍ ഇന്‍സുലിനെ പ്രതിരോധിക്കുമ്പോള്‍ ശരീരം കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കും. ഈ ഇന്‍സുലിന്‍ ചര്‍മത്തിലെ കോശങ്ങളെയും പിഗ്മെന്റുകളെയും ഉത്തേജിപ്പിക്കും. ഇതോടെ കറുത്തനിറം ചര്‍മത്തിലുണ്ടാവും.
പലരും സൗന്ദര്യപ്രശ്‌നമായി മാത്രം കാണുന്ന ഈ അവസ്ഥ പ്രീഡയബറ്റീസ്, ടൈപ്പ് 2 പ്രമേഹം, പിസിഒഎല്, ഫാറ്റി ലിവര്‍ എന്നിവയുടെ മുന്നറിയിപ്പാകാമെന്നാണ് ഡോക്ടര്‍ പറയുന്നത്. മാനസികമായ ആരോഗ്യം ശ്രദ്ധിക്കുന്നതും, മതിയായ രീതിയില്‍ ഉറക്കം ഉറപ്പാക്കുന്നതും ഈ അവസ്ഥയെ പ്രതിരോധിക്കാനുള്ള പരിഹാരങ്ങളാണ്. തീര്‍ന്നില്ല, കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുക, മുട്ടയും മത്സ്യവും പയര്‍വര്‍ഗങ്ങളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. പത്തുശതമാനത്തോളം ശരീരഭാരം കുറയ്ക്കുന്നതും ഉത്തമമാണ്. വ്യായാമവും പതിവാക്കാം.
Content Highlights: Doctors caution that dark pigmentation on the neck and underarms could be a sign of serious underlying health issues