ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് മേൽ 25 ശതമാനം തീരുവ ചുമത്തി ട്രംപിൻ്റെ ഭീഷണി; ഇന്ത്യക്ക് പ്രഹരം

ഇന്ത്യ, ചൈന, യുഎഇ, തുര്‍ക്കി എന്നീ രാജ്യങ്ങളെയായിരിക്കും പ്രഖ്യാപനം പ്രധാനമായും ബാധിക്കുക

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് മേൽ 25 ശതമാനം തീരുവ ചുമത്തി ട്രംപിൻ്റെ ഭീഷണി; ഇന്ത്യക്ക് പ്രഹരം
dot image

വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിലെ താരിഫ് വര്‍ധനയ്ക്ക് പിന്നാലെ ഇറാനില്‍ നിന്നുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 25 ശതമാനം തീരുമ ചുമത്തുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. ഈ വര്‍ഷത്തെ ട്രംപിന്റെ ആദ്യത്തെ താരിഫ് മുന്നറിയിപ്പാണിത്.

'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായി വ്യാപാരം നടത്തുന്ന ഏത് രാജ്യത്തിനും അമേരിക്കയുമായുള്ള വ്യാപാരത്തില്‍ 25 ശതമാനം താരിഫ് ചുമത്തും', ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഉത്തരവ് അന്തിമമാണെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാനില്‍ അമേരിക്കന്‍ സൈന്യം ഇടപെടുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിരിക്കുന്നത്.

ഇന്ത്യ, ചൈന, യുഎഇ, തുര്‍ക്കി എന്നീ രാജ്യങ്ങളെയായിരിക്കും ഈ പ്രഖ്യാപനം പ്രധാനമായും ബാധിക്കുക. നിലവില്‍ റഷ്യന്‍ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം പിഴച്ചുങ്കം അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുണ്ട്. 25 ശതമാനം തീരുവയും 25 ശതമാനം പിഴച്ചുങ്കവും ചേര്‍ത്ത് നിലവില്‍ 50 ശതമാനം തീരുവയാണ് അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ പുതിയ പ്രഖ്യാപനം വീണ്ടും ഇന്ത്യയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നത്.

ഇറാനിയന്‍ എണ്ണയ്ക്ക് ഉപരോധമുണ്ടെങ്കിലും ഇന്ത്യയും ഇറാനും തമ്മില്‍ ശക്തമായ മറ്റ് ഉഭയകക്ഷി വ്യാപാരം നിലവിലുണ്ട്. 1950ല്‍ ഒപ്പുവെച്ച ഇന്ത്യ-ഇറാന്‍ സൗഹൃദക്കരാറിന്റെ 75ാം വാര്‍ഷികമാണ് നിലവില്‍ നടക്കുന്നത്. ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് ഇന്ത്യ. ഇറാനില്‍ നിന്നും ഡ്രൈഫ്രൂട്‌സ്, കെമിക്കലുകള്‍ തുടങ്ങിയവ ഇന്ത്യ ഇറക്കുമതി ചെയ്യുകയും തിരികെ ബസ്മതി അരി, തേയില, പഞ്ചസാര, മരുന്നുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ആഭരണങ്ങള്‍, ചണം തുടങ്ങിയവ ഇന്ത്യ കയറ്റുമതി ചെയ്യുന്നുമുണ്ട്.

നിലവില്‍ പരമോന്നത നേതാവ് ആയത്തള്ള അലി ഖമനയി ഉള്‍പ്പെടെയുള്ളവര്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഇറാനില്‍ രാഷ്ട്രീയ പ്രക്ഷോഭം നടക്കുകയാണ്. റിയാലിന്റെ തകര്‍ച്ചയും നാണ്യപ്പെരുപ്പവും മൂലം ഇറാനില്‍ ആരംഭിച്ച പ്രതിഷേധത്തില്‍ മരണസംഖ്യ 648 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ 31 പ്രവിശ്യകളിലെ 180 നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടം കടുത്ത മുറകള്‍ പ്രയോഗിക്കുന്നുണ്ട്.

പ്രതിഷേധം പൊളിക്കാനായി രാജ്യത്ത് ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. അതേസമയം, പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി ലോകമെമ്പാടും മാര്‍ച്ചുകളും നടക്കുന്നുണ്ട്. ലണ്ടന്‍, പാരിസ്, ഇസ്താംബുള്‍ എന്നിവിടങ്ങളിലാണ് പ്രതിഷേധ മാര്‍ച്ചുകള്‍ നടക്കുന്നത്.

Content Highlights: US President Donald Trump announced that the United States will impose a 25 percent tariff on any country conducting business with Iran

dot image
To advertise here,contact us
dot image