ഉറക്കം 10 മണിക്കൂർ, മധുരം നിർബന്ധം, ബ്രേക്ക്ഫാസ്റ്റ് കഴിക്കാറില്ല; ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി അക്ഷയ് ഖന്ന

'എനിക്ക് ഓർമയുള്ള കാലം മുതൽ പ്രഭാതഭക്ഷണം കഴിച്ചിട്ടില്ല. നേരെ ഉച്ചഭക്ഷണത്തിലേക്കാണ് കടക്കുന്നത്'

ഉറക്കം 10 മണിക്കൂർ, മധുരം നിർബന്ധം, ബ്രേക്ക്ഫാസ്റ്റ് കഴിക്കാറില്ല; ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി അക്ഷയ് ഖന്ന
dot image

ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ സംസാരവിഷയം അക്ഷയ് ഖന്ന ആണ്. രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ദർ എന്ന സിനിമയിൽ അക്ഷയ് ഖന്ന അവതരിപ്പിച്ച കഥാപാത്രം വലിയ കയ്യടികൾ ആണ് നേടുന്നത്. ചിത്രത്തിലെ നടന്റെ പ്രകടനവും ഒരു രംഗത്തിലെ ഡാൻസുമെല്ലാം സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്. മുമ്പൊരു അഭിമുഖത്തിൽ തന്റെ ഭക്ഷണരീതികളെക്കുറിച്ച് അക്ഷയ് ഖന്ന മനസുതുറന്നിരുന്നു. ഇപ്പോഴിതാ ഈ വാക്കുകൾ വീണ്ടും വൈറലാകുകയാണ്.

പ്രഭാതഭക്ഷണം ഞാൻ പൂർണ്ണമായും ഒഴിവാക്കും. എനിക്ക് ഓർമയുള്ള കാലം മുതൽ പ്രഭാതഭക്ഷണം കഴിച്ചിട്ടില്ല. നേരെ ഉച്ചഭക്ഷണത്തിലേക്കാണ് കടക്കുന്നത്. പിന്നെ രാത്രിയിലെ ഭക്ഷണവും കഴിക്കും. ബിസ്‌കറ്റോ സാൻഡ്വിച്ചോ പോലെയുള്ള ഒരു ലഘുഭക്ഷണവും ഞാൻ കഴിക്കാറില്ല. വൈകുന്നേരം ഒരു കപ്പ് ചായ മാത്രം കുടിക്കും. വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണമാണ് ഞാൻ കൂടുതൽ കഴിക്കുന്നത്. സാധാരണയായി ഉച്ചഭക്ഷണത്തിൽ ദാലും (പരിപ്പ്) ഏതെങ്കിലുമൊരു പച്ചക്കറിയും ചോറുമായിരിക്കും ഉൾപ്പെടുത്തുക.

അതിനൊപ്പം ചിക്കനോ മീനോ അല്ലെങ്കിൽ മറ്റേതെങ്കിലുമൊരു നോൺ വെജ് ഉണ്ടാകും.

രാത്രിയിൽ ചപ്പാത്തിയും ഒപ്പം പച്ചക്കറി വിഭവവും ചിക്കനും ആണ് കഴിക്കുക. ഇടയ്‌ക്കൊക്കെ മദ്യപിക്കും. പിന്നെ ഒരു കാരണവശാലും എനിക്കൊഴിവാക്കാൻ പറ്റാത്തൊരു കാര്യമുണ്ട്, അതാണ് മധുര പലഹാരങ്ങൾ. കേക്കാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. മധുരമുള്ളതെന്തും ഞാൻ കഴിക്കും', അക്ഷയ് ഖന്നയുടെ വാക്കുകൾ.

ഭക്ഷണത്തേക്കാൾ അക്ഷയ് പ്രാധാന്യം നൽകുന്നത് ഉറക്കത്തിനാണ്. ദിവസവും പത്ത് മണിക്കൂർ എങ്കിലും താൻ ഉറങ്ങാറുണ്ടെന്ന് അക്ഷയ് ബോളിവുഡ് ഹങ്കാമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. വെണ്ടയ്ക്കാണ് താരത്തിന്റെ ഇഷ്ട പച്ചക്കറി. ലിച്ചിയാണ് ഇഷ്ടപ്പെട്ട പഴം. ഷൂട്ടിങ്ങിനിടെയും ഇതേ ശീലം തന്നെയാണ് പിന്തുടരാറുള്ളതെന്നും താരം പറയുന്നു. അതേസമയം, ധുരന്ദർ മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുകയാണ്. ആഗോളതലത്തിൽ സിനിമ 1000 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു.

akshaye khanna

സിനിമയ്ക്ക് വമ്പൻ ഒടിടി ഡീൽ ലഭിച്ചതായി റിപ്പോട്ടുകൾ ഉണ്ട്. 285 കോടി രൂപയ്ക്ക് സിനിമയുടെ ഒ ടി ടി റൈറ്റ്സ് നെറ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഒരു ബോളിവുഡ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഡീൽ ആണിത്. സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലായി 2026 മാർച്ച് 19 ന് ചിത്രം തിയേറ്ററുകളിൽ എത്തും. കേരളത്തിലും വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിച്ചത്.

Content Highlights: Akhaye Khanna says he never eats breakfast and revelas his fitness secret

dot image
To advertise here,contact us
dot image