

വിരമിക്കൽ പ്രഖ്യാപനവുമായി ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ അലീസ ഹീലി. ഇന്ത്യക്കെതിരെ അടുത്ത മാസം നടക്കുന്ന പരമ്പരയ്ക്ക് ശേഷം വിരമിക്കുമെന്ന് താരം അറിയിച്ചു. 2010ൽ ഓസ്‌ട്രേലിയക്കായി അരങ്ങേറിയ ഹീലി ടീമിന്റെ ആറ് ടി20 ലോകകപ്പ് വിജയങ്ങളിലും രണ്ട് ഏകദിന ലോകകപ്പ് വിജയങ്ങളിലും നിർണായക സാന്നിധ്യമായിരുന്നു.
35കാരിയായ ഹീലി 10 ടെസ്റ്റിലും 123 ഏകദിനങ്ങളിലും 162 ടി20യിലും ഓസ്‌ട്രേലിയക്കായി കളത്തിലിറങ്ങി. ഓസ്‌ട്രേലിയക്കായി വിവിധ ഫോർമാറ്റുകളിലായി 7000ൽ അധികം റൺസും വിക്കറ്റിന് പിന്നിൽ 275 പുറത്താകലുകളിലും പങ്കാളിയായിട്ടുണ്ട്. 2022ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 170 റൺസടിച്ച് ലോകകപ്പ് ഫൈനലിലെ ഒരു താരത്തിൻറെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ കുറിച്ച് ഹീലി റെക്കോർഡിട്ടിരുന്നു.
ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പുറത്താകലുകളിൽ പങ്കാളിയായ വനിതാ വിക്കറ്റ് കീപ്പറെന്ന റെക്കോർഡും(126) വനിതാ ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറിൻറെ(148*)ഹീലിയുടെ പേരിലാണ്.
ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിൽ കളിക്കാൻ സാധ്യതയില്ലാത്തതിനാലാണ് നേരത്തെ വിരമിക്കൽ പ്രഖ്യാപിക്കുന്നതെന്ന് ഹീലി വ്യക്തമാക്കി. മൂന്ന് മാസങ്ങൾക്ക് മുമ്പെ വിരമിക്കാൻ തയാറായിരുന്നുവെന്നും താരം പറയുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യയോട് തോറ്റശേഷം ഹീലി വിരമിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഫെബ്രുവരിയിൽ ഇന്ത്യക്കെതിരെ മൂന്ന് ടി20 മത്സരങ്ങളും രണ്ട് ഏകദിനങ്ങളും ഒരു ടെസ്റ്റും അടങ്ങുന്ന പരമ്പരയിലാണ് ഹീലി അവസാനമായി കങ്കാരുപ്പടക്ക് വേണ്ടി കളത്തിലിറങ്ങുക. ഓസ്ട്രേലിയൻ പുരുഷ ടീം അംഗം മിച്ചൽ സ്റ്റാർക് ആണ് ഹിലിയുടെ ഭർത്താവ്.
Content Highlights- Alyssa Healy retired from International cricket