

തിരക്കഥ വായിക്കുന്നത് കേട്ട് ഉറങ്ങിപോകാറുണ്ടെന്ന് നടൻ അജു വർഗീസ്. വെള്ളിമൂങ്ങയുടെ കഥ കേട്ട് ഉറങ്ങിപ്പോയ ആളാണ് താൻ. അതുകൊണ്ട് ഇപ്പോൾ തന്റെ റോൾ എന്താണെന്ന് മാത്രം കഥ പറയാൻ വരുന്നവരോട് പറയുമെന്നും അജു വർഗീസ് പറഞ്ഞു. ദി എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലാണ് അജു വർഗീസ് മനസുതുറന്നത്.
'സത്യം പറഞ്ഞാൽ കഥ കേൾക്കുമ്പോൾ ഞാൻ ഉറങ്ങിപോകും. വെള്ളിമൂങ്ങയുടെ കഥ കേട്ട് ഉറങ്ങിപ്പോയ ആളാണ് ഞാൻ. അതിലും വലിയ ഉദാഹരണം വേറെ വേണ്ടല്ലോ. അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്ന സിറ്റുവേഷൻ ആണെങ്കിൽ കുഴപ്പമില്ല. കഥ പറയുമ്പോൾ എനിക്ക് ഇടയ്ക്ക് കേറി എന്തൊക്കെയുണ്ട് വിശേഷം എന്ന് ചോദിക്കാൻ പറ്റില്ലല്ലോ. ഞാൻ കുറച്ചൊക്കെ കഥ കേൾക്കാൻ ശ്രമിച്ചിട്ടുണ്ട്. അവസാനം അവരെ അപമാനിക്കുന്നത് പോലെ ആകുമല്ലോ എന്നാകുമ്പോൾ സിനിമ ചെയ്യാം എന്ന് സമ്മതിക്കും. ഇപ്പോൾ ഞാൻ എന്റെ റോൾ എന്താണ് അത് മാത്രം പറയാൻ പറയും', അജുവിന്റെ വാക്കുകൾ.
നിവിൻ പോളി ചിത്രം സർവ്വം മായയിൽ അജു വർഗീസ് ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇരുവരുടെയും കോമ്പിനേഷൻ സീനുകൾക്ക് വലിയ കയ്യടികളാണ് ലഭിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ സിനിമ ഇതിനോടകം 100 കോടി പിന്നിട്ടുകഴിഞ്ഞു. കേരളത്തിലും വലിയ നേട്ടമാണ് സിനിമ ഉണ്ടാക്കുന്നത്. പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ കേരളത്തിൽ നിന്ന് മാത്രം സിനിമ 50 കോടി പിന്നിട്ടു. മിക്ക തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. നിവിൻ-അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങൾക്ക് തിയേറ്ററിൽ നല്ല റെസ്പോൺസ് ആണെന്നാണ് കമന്റുകൾ. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്ന റിയ ഷിബു മികച്ച പെർഫോമൻസ് ആണ് കാഴ്ചവെച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങൾ ഉണ്ട്.
പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്.
Content Highlights: Aju Varghese about hearing movie scripts