അബഹ വിമാനത്താവളത്തിന് നേരെ ഹൂത്തി ആക്രമണം; ഗൾഫ് മേഖലയിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു

യമനും സൗദിയും തമ്മിൽ വീണ്ടും ഉടലെടുത്ത പ്രാദേശിക സംഘർഷമാണ് ഇതിന് വഴിവെച്ചത്.

അബഹ വിമാനത്താവളത്തിന് നേരെ ഹൂത്തി ആക്രമണം; ഗൾഫ് മേഖലയിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു
dot image

യമനിലെ ഹൂത്തി വിമതർ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തെ തുടർന്ന് സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. യുഎഇ അടക്കമുള്ള വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സർവീസുകളാണ് മുടങ്ങിയത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയുണ്ടായ ആക്രമണത്തിന് പിന്നാലെ നിരവധി സർവീസുകൾ റദ്ദാക്കിയിരുന്നു. ഇതേ തുടർന്ന് ചൊവ്വാഴ്ച രാവിലെയും സർവീസുകൾ മുടങ്ങിയതായാണ് ഫ്ലൈറ്റ് റഡാർ 24-ൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്.

സൗദിയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ, ബജറ്റ് എയർലൈനായ ഫ്ലൈനാസ് എന്നിവയുടെ അബഹയിൽ നിന്നുള്ള ആഭ്യന്തര സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റുകളാണ് ഇതിൽ ഭൂരിഭാഗവും. യമനും സൗദിയും തമ്മിൽ വീണ്ടും ഉടലെടുത്ത പ്രാദേശിക സംഘർഷമാണ് ഇതിന് വഴിവെച്ചത്.

ദുബായിൽ നിന്ന് ചൊവ്വാഴ്ച അബഹയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഫ്ലൈദുബായ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. തിങ്കളാഴ്ച അബഹ വിമാനത്താവളം താൽക്കാലികമായി അടച്ചതിനെ തുടർന്ന് ദുബായിൽ നിന്നുള്ള എഫ്ഇസഡ് 811 (FZ 811) വിമാനം ത്വായിഫിലേക്ക് തിരിച്ചുവിട്ടിരുന്നു. യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് യാത്രാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അബഹ, നജ്റാൻ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരുമായി തങ്ങൾ നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും ഫ്ലൈദുബായ് വക്താവ് അറിയിച്ചു.

സന വിമാനത്താവളത്തിന് നേരെ നടന്ന വ്യോമാക്രമണത്തിന് പ്രതികാരമായാണ് തങ്ങൾ അബഹ വിമാനത്താവളത്തിലേക്ക് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് സൈനിക നടപടി സ്വീകരിച്ചതെന്ന് ഹൂത്തി സൈനിക വക്താവ് യഹ്യ സരീ വീഡിയോ പ്രസ്താവനയിലൂടെ വ്യക്തമാക്കി. സന അന്താരാഷ്ട്ര വിമാനത്താവളത്തിന് മേലുള്ള ഉപരോധം മാറ്റുന്നത് വരെ സൗദി വ്യോമപാത ഉപയോഗിക്കരുതെന്ന് അദ്ദേഹം മറ്റ് വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Content Highlights: Abha Airport came under a Houthi attack, affecting flight services in parts of the Gulf region. Authorities are monitoring the situation amid continued security concerns.

dot image
To advertise here,contact us
dot image