

ധാക്ക: ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭ നേതാവ് ഷരീഫ് ഒസ്മാന്‍ ഹാദിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ഫൈസല്‍ കരീം മസൂദ് യുഎഇയില്‍. ഇന്ത്യയിലേക്ക് കടന്നെന്ന് ബംഗ്ലാദേശ് പൊലീസ് അവകാശപ്പെട്ട പ്രതിയാണ് ഇപ്പോള്‍ യുഎഇയില്‍ എത്തിയിരിക്കുന്നത്. യുഎഇയില്‍ നിന്ന് ഒരു വീഡിയോയും ഇയാള്‍ പുറത്തുവിട്ടു.
ദുബായിലാണ് നിലവിള്ളതെന്നാണ് വീഡിയോയില്‍ ഫൈസല്‍ കരീം മസൂദ് പറയുന്നത്. ഒസ്മാന്‍ ഹാദിയെ താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്നാണ് ഫൈസല്‍ കരീം പറയുന്നത്. തന്നെയും കുടുംബത്തെയും കേസില്‍ കുടുക്കുകയായിരുന്നു. ജീവന്‍രക്ഷാര്‍ത്ഥമാണ് ദുബായിലേക്ക് വന്നതെന്നും ഫൈസല്‍ കരീം പറയുന്നു. ഹാദിയുടെ കൊലയ്ക്ക് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയാണ്. ഹാദിയെ വാര്‍ത്തെടുത്തതുതന്നെ ജമാഅത്തെ ഇസ്‌ലാമിയാണെന്നും ജമാഅത്തെ പ്രവര്‍ത്തകരാണ് ഹാദിയെ കൊലപ്പെടുത്തിയതെന്നും ഫൈസല്‍ കരീം പറഞ്ഞു. ഹാദിയുമായി തനിക്ക് ബിനിസന് പങ്കാളിത്തമുണ്ടായിരുന്നുവെന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി ഹാദിക്ക് ചില ഘട്ടങ്ങളില്‍ താൻ സംഭാവന നല്‍കിയിട്ടുണ്ടെന്നും ഫൈസൽ കരീം പറഞ്ഞു.
നേരത്തേ ഒസ്മാന്‍ ഹാദി വധക്കേസിലെ പ്രധാന പ്രതികളായ ഫൈസല്‍ കരീം മസൂദും ആലംഗീര്‍ ഷെയ്ഖും ഇന്ത്യയിലേക്ക് കടന്നുവെന്ന അവകാശവാദവുമായി ധാക്ക മെട്രോപോളിറ്റന്‍ പൊലീസ് രംഗത്തെത്തിയിരുന്നു. മേഘാലയയിലെ ഹാലുഘട്ട് അതിര്‍ത്തി വഴി പ്രതികള്‍ കടന്നതായായിരുന്നു പൊലീസിന്റെ വാദം. പ്രതികള്‍ക്ക് രാജ്യം വിടാന്‍ പ്രാദേശിക സഹായം ലഭിച്ചിരുന്നു. പ്രതികെ ഇന്ത്യന്‍ അധികൃതര്‍ കസ്റ്റഡിയയില്‍ എടുത്തതായാണ് അറിയാന്‍ കഴിയുന്നതെന്നും ധാക്ക പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ തള്ളി പിഎസ്എഫും മേഘാലയ പൊലീസും രംഗത്തെത്തിയിരുന്നു. ബംഗ്ലാദേശിന്റെ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മേഘാലയയിലെ ബിഎസ്എഫ് മേധാവി വ്യക്തമാക്കിയിരുന്നു.
ഷെയ്ഖ് ഹസീനയെ അധികാരത്തില്‍ നിന്ന് നിലത്തിറക്കിയ പ്രക്ഷോഭത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന നേതാവായിരുന്നു ഒസ്മാന്‍ ഹാദി. 2026ല്‍ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങിയിരുന്നു. ഇതിനിടെയായിരുന്നു ഹാദിയുടെ മരണം. ധാക്കയിലെ ബിജോയ്‌നഗര്‍ പ്രദേശത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ അജ്ഞാതര്‍ ഹാദിക്ക് നേരെ വെടിയുതിര്‍ത്തുകയായിരുന്നു. മുഖംമൂടി ധരിച്ചവര്‍ വെച്ച വെടി ഹാദിയുടെ തലയിലാണ് ഏറ്റത്. ആരോഗ്യാവസ്ഥ അതീവ ഗുരുതരമായതോടെ കൂടുതല്‍ ചികിത്സയ്ക്കായി ഹാദിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയി.
ചികിത്സയ്ക്കിടെയായിരുന്നു മരണം. ഹാദിയുടെ മരണത്തെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ വ്യാപക സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. 'ജതിയ ഛത്ര ശക്തി' എന്ന വിദ്യാര്‍ത്ഥി സംഘടന സംഘടിപ്പിച്ച വിലാപയാത്രയ്ക്കിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘടന ആഭ്യന്തര മന്ത്രിയുടെ കോലം കത്തിക്കുകയും രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Content Highlights- Main accused of Osman hadi murder case fled to uae