

ന്യൂഡൽഹി: ആറ് വർഷം മുമ്പ് ഒരു പുതുവത്സര തലേന്നായിരുന്നു പിന്നീട് ലോകത്തെ കീഴ്മേൽ മറിച്ച കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട ആദ്യ മുന്നറിയിപ്പ് വരുന്നത്. 2019 ഡിസംബർ 31നാണ് ചൈനയിലെ വുഹാനിലെ ആരോഗ്യ അധികൃതർ തിരിച്ചറിയപ്പെടാത്ത ന്യുമോണിയ കേസുകൾ റിപ്പോർട്ട് ചെയ്തു കൊണ്ട് അടിയന്തിര ആരോഗ്യ മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ ആ മുന്നറിയിപ്പ് ആ ഘട്ടത്തിൽ ലോകം അത്ര ഗൗരവത്തോടെ പരിഗണിച്ചിരുന്നില്ല. എന്നാൽ ഏറെ താമസിയാതെ ആഗോളവ്യാപകമായി മനുഷ്യ ജീവിതത്തെയും സമ്പദ് വ്യവസ്ഥയെയും സാമൂഹിക ഇടപെടലുകളെയും താറുമാറാക്കിയ മഹാദുരന്തത്തിൻ്റെ വരവറിയിപ്പായി ഈ മുന്നറിയിപ്പ് മാറി.
വുഹാൻ മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ ചൈനയിലെ മെഡിക്കൽ സ്ഥാപനങ്ങൾക്ക് അയച്ച മുന്നറിയിപ്പിൽ അജ്ഞാതമായ ഉറവിടത്തെക്കുറിച്ച് സൂചിപ്പിച്ച് കടുത്ത ശ്വസന ലക്ഷണങ്ങളുള്ള നിരവധി രോഗികളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. പിന്നീട് ദിവസങ്ങൾക്കകം വുഹാനിലെ സമുദ്രവിഭവ മാർക്കറ്റാണ് രോഗത്തിൻ്റെ ഉറവിടമെന്ന് കണ്ടെത്തി. വളരെ വേഗം, ഏതാണ്ട് ആഴ്ചകൾക്കുള്ളിൽ വുഹാനിലെ സമുദ്രവിഭവ മാർക്കറ്റിൽ നിന്ന് ഭൂഖണ്ഡങ്ങളും സമുദ്രങ്ങളും കടന്ന് രാജ്യാതിർത്തികളെ ഭേദിച്ച് ലോകത്തെ അക്ഷരാർത്ഥത്തിൽ പിടിച്ചുകുലുക്കി.
21-ാം നൂറ്റാണ്ടിലെ ഏറ്റവും വിനാശകരമായ പകർച്ചവ്യാധിയായ COVID-19 പിന്നീട് ലോകത്തിൻ്റെ ഗതിവിഗതികളെ മാറ്റിമറിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. മാസങ്ങൾക്കുള്ളിൽ ഏതാണ്ട് 2020 മാർച്ചോടെ അതിവേഗം പടരുന്ന കൊവിഡ് വൈറസിനെ തടയാനുള്ള അടിയന്തര ശ്രമത്തിൻ്റെ ഭാഗമായി രാജ്യങ്ങൾ അതിർത്തികൾ അടച്ചു. ചില രാജ്യങ്ങൾ നഗരങ്ങൾ ഒഴിപ്പിച്ചു. കോടിക്കണക്കിന് ആളുകളെ വീടുകൾക്കുള്ളിൽ മാത്രം കഴിയാൻ നിർബന്ധിതരാക്കി. വ്യോമഗതാഗതം പൂർണ്ണമായി തടസ്സപ്പെടുകയും വൻകിട ഫാക്ടറികൾ അടക്കം അടച്ചിടകയും ചെയ്തു. തിരക്കേറിയ മെട്രോപോളിറ്റൻ നഗരങ്ങൾ വരെ തിരക്കൊഴിഞ്ഞ് നിശബ്ദമാകുന്ന കാഴ്ചയാണ് ലോകം പിന്നീട് കണ്ടത്.
2020 മാർച്ചിൽ കോവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയിൽ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടു. കോവിഡ്-19 ന്റെ ഡെൽറ്റ വകഭേദം ആഴ്ചകൾക്കുള്ളിൽ ഇന്ത്യയിൽ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ചു. വർക്ക് അറ്റ് ഹോം, ഡിജിറ്റൽ സേവനങ്ങൾ, ടെലിമെഡിസിൻ തുടങ്ങിയ രീതികൾ അവംലബിച്ച് കൊവിഡ് വ്യാപനത്തിൻ്റെ തോത് കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ ഇന്ത്യയിൽ ആവിഷ്കരിക്കപ്പെട്ടു. കൊവിഡിനെതിരായ വാക്സിൻ ഇന്ത്യ വളരെ വേഗം വികസിപ്പിച്ചെടുത്തു. ഭാരത് ബയോടെക് തദ്ദേശിയമായി കോവാക്സിൻ വികസിപ്പിച്ചെടുത്തു. അതേസമയം സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീൽഡ് വൻതോതിൽ ഉൽപ്പാദിപ്പിച്ചു. ഇതിന് പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ഡ്രൈവ് ഇന്ത്യ പ്രാവർത്തികമാക്കി.
Content Highlights: December 31 2019 The warning that went unnoticed on New Year's Eve and turned the world upside down