മലബാറിൽ എസ്എൻഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലേ?; വെള്ളാപ്പള്ളി പറഞ്ഞതിലെ വസ്തുതയെന്ത്?

വ‍ർക്കലയിൽ മാധ്യമ പ്രവർ‌ത്തകരോട് പ്രതികരിക്കവെ വയനാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ എസ്എൻഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു

മലബാറിൽ എസ്എൻഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലേ?; വെള്ളാപ്പള്ളി പറഞ്ഞതിലെ വസ്തുതയെന്ത്?
dot image

കൊച്ചി: മലബാറിലെ മൂന്ന് ജില്ലകളിൽ തങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലെന്ന എസ്എൻ‍ഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വാദത്തിൽ വസ്തുതയുണ്ടോ? വ‍ർക്കലയിൽ മാധ്യമ പ്രവർ‌ത്തകരോട് പ്രതികരിക്കവെ വയനാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ എസ്എൻഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. എന്നാൽ വസ്തുതയെന്താണ്?. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം അടക്കമുള്ള മലബാറിലെ ജില്ലകളിൽ എസ്എൻഡിപി യോ​ഗം നടത്തുന്ന കോളേജുകളുണ്ട്.

കാസർകോട് കാലിച്ചാനടുക്കത്ത് എസ്എൻഡിപിയുടെ കീഴിൽ ഒരു ആർട്സ് ആൻഡ് സയൻസ് കോളേജ് നിലവിലുണ്ട്. 2003ലാണ് ഈ കോളേജ് നിലവിൽ വരുന്നത്. കാസർകോട് ജില്ലയിലെ ​ഗ്രാമീണ മേഖലകളിലെ ​ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസം ലക്ഷ്യമിട്ട് കോളേജ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് വ്യക്തമാക്കപ്പെടുന്നത്. കണ്ണൂർ ജില്ലയിലും എസ്എൻഡിപിയുടെ കോളേജുണ്ട്. എസ്എൻഡിപി യോ​ഗത്തിൻ്റെ കീഴിലുള്ള കണ്ണൂർ എസ് എൻ കോളേജ് കണ്ണൂർ ജില്ലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉന്നതവിദ്യാഭ്യാസ കേന്ദ്രമാണ്. ആർ ശങ്കറിൻ്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട ഈ സ്ഥാപനം ഉദ്ഘാടനം ചെയ്യപ്പെട്ടത് 1960ലാണ്. വയനാട് ജില്ലയിലെ കുടിയേറ്റ മേഖലയായ പുൽപ്പള്ളിയിലും എസ്എൻഡിപിയുടെ കീഴിൽ കോളേജുണ്ട്. എസ്എൻഡിപി യോ​ഗം ആർട്സ് ആൻഡ് സയൻസ് കോളേജ് ഇവിടെ ആരംഭിച്ചത് 1995ലാണ്.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്ക് സമീപം മുൻ മുഖ്യമന്ത്രിയും എസ് എൻ ട്രസ്റ്റിൻ്റെ സ്ഥാപക സെക്രട്ടറിയുമായ ആർ ശങ്കറിൻ്റെ പേരിലാണ് എസ്എൻഡിപി നടത്തുന്ന കോളേജുള്ളത്. ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി യോ​ഗം കോളേജ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലാണ് വരുന്നത്. 1995ലാണ് ആർ എസ് എം എസ്എൻഡിപി കോളേജ് സ്ഥാപിച്ചത്. കോഴിക്കോട് ജില്ലയിൽ തന്നെ മറ്റൊരു കോളേജും എസ്എൻഡിപി യോ​ഗത്തിന് കീഴിലുണ്ട്. കോഴിക്കോട് ചേളന്നൂരിലാണ് ശ്രീനാരായണ ​ഗുരു കോളേജ് 1968ലാണ് സ്ഥാപിതമാകുന്നത്. ആർ ശങ്കർ മുൻകൈ എടുത്താണ് ഈ കോളേജ് സ്ഥാപിച്ചത്. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലും എസ്എൻഡിപി യോ​ഗത്തിൻ്റെ കീഴിലുള്ള കോളേജുണ്ട്. എസ്എൻഡിപി യോ​ഗം ശതാബ്ദി സ്മാരക കോളേജ് 2002ലായിരുന്നു സ്ഥാപിച്ചത്. എസ്എൻഡിപി യോ​ഗത്തിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാ​ഗമായാണ് കോളേജ് സ്ഥാപിക്കപ്പെട്ടത്.

മലബാർ പ്രദേശത്ത് മൂന്ന് ജില്ലകളിൽ ഞങ്ങൾക്ക് എന്തുണ്ട് എന്നായിരുന്നു നേരത്തെ വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. 'മലപ്പുറത്ത് ഉണ്ടോ, വയനാട് ഉണ്ടോ, കാസർകോട് ഉണ്ടോ, ഒറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഞങ്ങൾക്കില്ല. ഈ ദുഃഖം ഞാനൊന്ന് പറഞ്ഞുപോയി' എന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ്റെ പ്രതികരണം. സ്ഥലം കിട്ടാത്തതാണോ തടസ്സമെന്ന് മാധ്യമങ്ങൾ ചോദിച്ചു. 'സ്ഥലമുണ്ട്, അനുമതി കിട്ടുന്നില്ല' എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ മറുപടി. തുടർന്ന് ഒൻപത് വർഷമായി പിണറായി സർക്കാരല്ലേ ഭരിക്കുന്നതെന്ന് റിപ്പോർട്ടർ ടിവിയുടെ മാധ്യമപ്രവർത്തകൻ ചോദിച്ചു. ഇതിന് പിന്നാലെ വെള്ളാപ്പള്ളി പ്രകോപിതനാകുകയും റിപ്പോ‍ർട്ടറിൻ്റെ മൈക്ക് തട്ടി മാറ്റുകയും ചെയ്തു. റിപ്പോർട്ടർ ടി വി കുറേ നാളായി തുടങ്ങിയെന്ന് പറഞ്ഞുകൊണ്ടായിരുന്നു കയ്യേറ്റം.

Content Highlights: Does the SNDP not have educational institutions in Malaba the truth behind what Vellappally said

dot image
To advertise here,contact us
dot image