'ബംഗ്ലാദേശ് പൊലീസിന്റെ വാദം അടിസ്ഥാനരഹിതം'; ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നിട്ടില്ലെന്ന് ബിഎസ്എഫ്

'ഹാദി കൊലക്കേസ് പ്രതികള്‍ അതിര്‍ത്തി കടന്നെത്തി എന്ന വാദം ശരിവെയ്ക്കുന്ന യാതൊരു വിവരവും ലഭിച്ചിട്ടില്ല'

'ബംഗ്ലാദേശ് പൊലീസിന്റെ വാദം അടിസ്ഥാനരഹിതം'; ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നിട്ടില്ലെന്ന് ബിഎസ്എഫ്
dot image

ഷില്ലോങ്: ബംഗ്ലാദേശ് വിദ്യാര്‍ത്ഥി പ്രക്ഷോഭ നേതാവ് ഒസ്മാന്‍ ഹാദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഇന്ത്യയിലേക്ക് കടന്നുവെന്ന ബംഗ്ലാദേശ് പൊലീസിന്റെ ആരോപണം തള്ളി ബിഎസ്എഫും മേഘാലയ പൊലീസും. ബംഗ്ലാദേശിന്റെ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മേഘാലയയിലെ ബിഎസ്എഫ് മേധാവി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഒ പി ഉപാധ്യായ പറഞ്ഞു.

ഹാലുഘട്ട് അതിര്‍ത്തി കടന്ന് മേഘാലയയിലേക്ക് ആരെങ്കിലും കടന്നിട്ടുണ്ട് എന്നതിന് യാതൊരു തെളിവുമില്ലെന്ന് ബിഎസ്എഫ് മേധാവി പറഞ്ഞു. അത്തരം ഒരു സംഭവം ബിഎസ്എഫ് കണ്ടെത്തിയിട്ടില്ല. അങ്ങനെ എന്തെങ്കിലും ഒരു റിപ്പോര്‍ട്ട് ബിഎസ്എഫിന് ലഭിച്ചിട്ടില്ലെന്നും ഉപാധ്യായ പറഞ്ഞു. ഹാദി കൊലക്കേസ് പ്രതികള്‍ അതിര്‍ത്തി കടന്നെത്തി എന്ന വാദം ശരിവെയ്ക്കുന്ന യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് മേഘാലയ പൊലീസും പറഞ്ഞു. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും മേഘാലയ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രാദേശിക പൊലീസ് യൂണിറ്റുകള്‍ അത്തരം നീക്കങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കേന്ദ്ര ഏജന്‍സികളുമായി ഏകോപനം നടത്തിവരികയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഹാദി കൊലക്കേസിനെ പ്രധാന പ്രതികളായ ഫൈസല്‍ കരീം മസൂസ്, ആലംഗീര്‍ ഷെയ്ഖ് എന്നിവര്‍ ഇന്ത്യയിലേക്ക് കടന്നതായാണ് ധാക്ക മെട്രോപോളിറ്റന്‍ പൊലീസ് പറഞ്ഞത്. മേഘാലയിലെ ഹാലുഘട്ട് അതിര്‍ത്തി വഴിയാണ് പ്രതികള്‍ കടന്നതെന്നും പൊലീസ് പറഞ്ഞിരുന്നു. ധാക്ക പൊലീസിലെ അഡീഷണല്‍ കമ്മീഷണര്‍ എസ് എന്‍ നസ്‌റുള്‍ ഇസ്‌ലാമായിരുന്നു ഇക്കാര്യം പറഞ്ഞത്. പ്രതികള്‍ക്ക് രാജ്യം വിടാന്‍ പ്രാദേശിക സഹായം ലഭിച്ചിരുന്നു. ഹാലുഘട്ട് അതിര്‍ത്തിയില്‍ പുരി എന്ന് പേരുള്ളയാളാണ് പ്രതികളെ സ്വീകരിച്ചത്. അതിന് ശേഷം സമി എന്ന് പേരുള്ള ഒരു ടാക്‌സി ഡ്രൈവര്‍ ഇവരെ മേഘാലയയിലെ ടുറാ സിറ്റിയില്‍ എത്തിച്ചതായും കമ്മീഷണര്‍ പറഞ്ഞു. പൊലീസിന് ലഭിച്ച അനൗദ്യോഗിക വിവരം അനുസരിച്ച് പ്രതികളെ ഇന്ത്യന്‍ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തതായാണ് അറിയുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാനും ശേഷം കൈമാറാനുമായി ഇന്ത്യന്‍ അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണെന്നും അഡീഷണല്‍ കമ്മീഷണര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബിഎസ്എഫും മേഘാലയ പൊലീസും രംഗത്തെത്തിയിരിക്കുന്നത്.

ഷെയ്ഖ് ഹസീനയെ അധികാരത്തില്‍ നിന്ന് നിലത്തിറക്കിയ പ്രക്ഷോഭത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന നേതാവായിരുന്നു ഒസ്മാന്‍ ഹാദി. 2026ല്‍ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങിയിരുന്നു. ഇതിനിടെയായിരുന്നു ഹാദിയുടെ മരണം. ധാക്കയിലെ ബിജോയ്നഗര്‍ പ്രദേശത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ അജ്ഞാതര്‍ ഹാദിക്ക് നേരെ വെടിയുതിര്‍ത്തുകയായിരുന്നു. മുഖംമൂടി ധരിച്ചവര്‍ വെച്ച വെടി ഹാദിയുടെ തലയിലാണ് ഏറ്റത്. ആരോഗ്യാവസ്ഥ അതീവ ഗുരുതരമായതോടെ കൂടുതല്‍ ചികിത്സയ്ക്കായി ഹാദിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയി.

ചികിത്സയ്ക്കിടെയായിരുന്നു മരണം. ഹാദിയുടെ മരണത്തെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ വ്യാപക സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. 'ജതിയ ഛത്ര ശക്തി' എന്ന വിദ്യാര്‍ത്ഥി സംഘടന സംഘടിപ്പിച്ച വിലാപയാത്രയ്ക്കിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘടന ആഭ്യന്തര മന്ത്രിയുടെ കോലം കത്തിക്കുകയും രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Content Highlights- Osman hadi murder case: Meghalaya security agancies reject Bengladesh police's claim of suspects entering india

dot image
To advertise here,contact us
dot image