

വാഷിംഗ്ടണ്‍: ലൈംഗിക കുറ്റവാളിയെന്ന് കണ്ടെത്തിയ ലാറി നാസറിനെ അഭിസംബോധന ചെയ്ത് ജെഫ്രി എപ്സ്റ്റീന്‍ എഴുതിയതെന്ന പേരില്‍ എപ്സ്റ്റീന്‍ ഫയലുകളുടെ ഭാഗമായി പുറത്തിറങ്ങിയ കത്ത് വ്യാജമാണെന്ന് യുഎസ് നീതിന്യായ വകുപ്പ്. കത്തിലെ കയ്യക്ഷരത്തിന് എപ്സ്റ്റീന്റെ കയ്യക്ഷരവുമായി സാമ്യം പോലുമില്ലെന്നും ഒരു ഡോക്യുമെന്റ് പുറത്തുവിട്ടു എന്നതിനര്‍ത്ഥം അതിലെ അവകാശവാദങ്ങളെല്ലാം ശരിയാണ് എന്നല്ലെന്നും നീതിന്യായ വകുപ്പ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
'ജെഫ്രി എപ്സ്റ്റീന്‍ ലാറി നാസറിന് എഴുതിയതായി പറയപ്പെടുന്ന കത്ത് വ്യാജമാണ്. വ്യാജ കത്ത് ജയിലിലെ മേൽവിലാസത്തിൽ ലഭിച്ചതാണ്. കത്തിലെ കയ്യക്ഷരം ജെഫ്രി എപ്സ്റ്റീന്റേതുമായി പൊരുത്തപ്പെടുന്നില്ല. എപ്സ്റ്റീന്‍ മരിച്ച് മൂന്ന് ദിവസത്തിന് ശേഷം വടക്കന്‍ വിര്‍ജീനിയയില്‍ നിന്നാണ് കത്ത് പോസ്റ്റ്മാര്‍ക്ക് ചെയ്തത്. അതിന്റെ ടു അഡ്രസില്‍ എപ്സ്റ്റീന്‍ കഴിഞ്ഞിരുന്ന ജയിലിന്റെ പേര് രേഖപ്പെടുത്തിയിരുന്നില്ല. നീതിന്യായ വകുപ്പ് ഒരു രേഖ പുറത്തുവിട്ടു എന്നത് കൊണ്ട് മാത്രം അതിലെ ആരോപണങ്ങളോ അവകാശവാദങ്ങളോ വസ്തുതാപരമാകുന്നില്ല' എന്നാണ് യുഎസ് നീതിന്യായ വകുപ്പ് പങ്കുവെച്ച പ്രസ്താവനയില്‍ പറയുന്നത്.
എപ്സ്റ്റീന്‍ ഫയല്‍സില്‍ 69 തവണയാണ് ട്രംപിന്റെ പേര് പരാമര്‍ശിച്ചിരിക്കുന്നത്. എപ്സ്റ്റീന്റെ വിമാനമായ ലോലിത എക്‌സ്പ്രസില്‍ ട്രംപ് ഒന്‍പത് തവണ യാത്ര ചെയ്തതായും രേഖകളിലുണ്ട്. ട്രംപ് യുവതിയെ ബലാത്സംഗം ചെയ്‌തെന്നും എപ്സ്റ്റീന്‍ ഫയല്‍സില്‍ പരാമര്‍ശമുണ്ടായിരുന്നു. നീതിന്യായ വകുപ്പ് അതും തളളിയിരുന്നു.
Content Highlights: US Justice Department clarifies letter claiming 'Trump likes little girls' is fake