'ശ്രീലേഖയെ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് പാർട്ടിക്കറിയാം, മാധ്യമവാർത്തകൾക്ക് മറുപടിയില്ല'; വി വി രാജേഷ്

രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ നിന്ന് എത്തിയ ശേഷം ഭാവിപ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യും എന്ന് രാജേഷ്

'ശ്രീലേഖയെ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് പാർട്ടിക്കറിയാം, മാധ്യമവാർത്തകൾക്ക് മറുപടിയില്ല'; വി വി രാജേഷ്
dot image

തിരുവനന്തപുരം: കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മറുപടിയുമായി തിരുവനന്തപുരം കോർപ്പറേഷൻ നിയുക്ത മേയർ സ്ഥാനാർഥി വി വി രാജേഷ്‌. ഒരു വ്യക്തിക്ക് കയറി മേയറെ തീരുമാനിക്കാൻ കഴിയുന്ന പാർട്ടിയല്ല ബിജെപി എന്നും സിസ്റ്റമാറ്റിക്കായാണ് പാർട്ടി പ്രവർത്തിക്കുന്നത് എന്നും രാജേഷ് റിപ്പോർട്ടറിനോട് പറഞ്ഞു. കോഫി വിത്ത് സുജയ പാർവതിയിലായിരുന്നു വി വി രാജേഷിൻ്റെ പ്രതികരണം. ശ്രീലേഖ അനുഭവ സമ്പത്തുള്ള പൊതുപ്രവർത്തകയാണ്. അവരെ എങ്ങനെ പൊതുസമൂഹത്തിനായി പ്രയോജനപ്പെടുത്തണമെന്ന് പാർട്ടിക്കറിയാം. മേയർ തെരഞ്ഞെടുപ്പിൽ പാർട്ടി രണ്ട് തട്ടിലൊന്നുമല്ല എന്നും ഏഴും എട്ടും ഘടകങ്ങളിൽ ചർച്ച ചെയ്താണ് തീരുമാനങ്ങൾ എടുത്തത് എന്നും രാജേഷ് വ്യക്തമാക്കി.

മേയറായി തെരഞ്ഞെടുക്കപ്പെടാൻ പോകുന്നതിലെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു. ഇന്നലെ ഉച്ചയോടെ ഡൽഹിയിലെ ചർച്ച പൂർത്തിയാക്കിയ ശേഷമാണ് രാജീവ് ചന്ദ്രശേഖർ വിവരമറിയിച്ചത്. താനൊരു നിമിത്തം മാത്രമായെന്നും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. 2030 ആകുമ്പോഴേക്കും രാജ്യത്തെ ഏറ്റവും കൂടുതൽ വികസനമെത്തിയ 3 നഗരങ്ങളിൽ ഒന്നായി തിരുവനന്തപുരത്തെ മാറ്റുക എന്നതാണ് ലക്ഷ്യം. ആരും ജീവിക്കാൻ ആഗ്രഹിക്കുന്ന നഗരമാക്കിയും തിരുവനന്തുപരത്തെ മറ്റും. ഇതിനായി പ്രതിപക്ഷത്തുള്ള നേതാക്കന്മാരുടെ അനുഭവസമ്പത്തടക്കം പ്രയോജനപ്പെടുത്തും എന്നും രാജേഷ് പറഞ്ഞു. പ്രതിപക്ഷത്തിരുന്ന കാലഘട്ടം കൊണ്ട് കോർപ്പറേഷനെക്കുറിച്ച് കൂടുതൽ പഠിക്കാൻ കഴിഞ്ഞു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ നിന്ന് എത്തിയ ശേഷം ഭാവിപ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യും എന്നും രാജേഷ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയായി വി വി രാജേഷിനെ തെരഞ്ഞെടുത്തത്. വലിയ വിവാദങ്ങളാണ് ഇതിന് പിന്നാലെ ഉണ്ടായത്. അവസാന നിമിഷം വരേയ്ക്കും ശ്രീലേഖയുടെ പേരാണ് ഉയർന്നുകേട്ടിരുന്നത്. എന്നാൽ പൊടുന്നനെ തീരുമാനം വി വി രാജേഷിന് അനുകൂലമാകുകയിരുന്നു.

വി മുരളീധരന്റെ ഇടപെടലാണ് വി വി രാജേഷിന് വഴിയൊരുക്കിയത്. ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് വഴിയാണ് വി മുരളീധരൻ ഈ നീക്കം നടത്തിയത്. പദവികൾ ലഭിച്ചു തുടങ്ങുന്ന സമയത്ത് അവ സെലിബ്രിറ്റികൾക്ക് നൽകരുത് എന്നും പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട ആളുകൾക്ക് അവ നല്കണമെന്നുമായിരുന്നു വി മുരളീധരന്റെ വാദം. ഇത് കേന്ദ്ര നേതൃത്വം അംഗീകരിച്ചതോടെയായിരുന്നു രാജേഷിന് നറുക്ക് വീണത്. ശ്രീലേഖയുടെ പേര് തള്ളപ്പെട്ടതോടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പക്ഷത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്.

Content Highlights: v v rajesh on r sreelekha mayor issue and how he will handle corporation

dot image
To advertise here,contact us
dot image