

ബെയ്ജിങ്: ചൈനയുടെ കുടുംബാസൂത്രണ കമ്മീഷനായിരുന്ന പെങ് പെയ്യൂണിന്റെ മരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. ചൈനയുടെ ഒറ്റക്കുട്ടി നയത്തിന്റെ തലപ്പത്തുണ്ടായിരുന്ന പെങ് പെയ്യൂണിന് ആദരാഞ്ജലിക്ക് പകരം വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
1988 മുതല്‍ 1998 വരെ ചൈനയുടെ കുടുംബാസൂത്രണ കമ്മീഷനായിരുന്ന പെങ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മികച്ച നേതാവായിരുന്നുവെന്നാണ് ചൈനയുടെ ഔദ്യോഗിക മാധ്യമങ്ങളുടെ വിവരണം. എന്നാല്‍ 'ഇല്ലാതാക്കപ്പെട്ട കുട്ടികള്‍ നിങ്ങള്‍ക്കായി അവിടെ കാത്തിരിക്കുന്നുണ്ടാകും' എന്നാണ് ചൈനയുടെ ജനപ്രിയ മൈക്രോ ബ്ലോഗായ വെയ്‌ബോയില്‍ ഒരാള്‍ കുറിച്ചത്. ആ കുട്ടികള്‍ ജനിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 40 വയസായിരുന്നേനെയെന്നും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.
1980 മുതല്‍ 2015 വരെ നീണ്ടു നിന്ന ചൈനയുടെ, ഒരു ദമ്പതികള്‍ക്ക് ഒരു കുട്ടിയെന്ന ഉത്തരവ് ഒരുപാട് സ്ത്രീകളെ ഗര്‍ഭച്ഛിദ്രത്തിനും വന്ധ്യംകരണത്തിനും പ്രേരിപ്പിച്ചിരുന്നു. അനിയന്ത്രിതമായ രീതിയില്‍ ജനസംഖ്യ ഉയര്‍ന്നതിന് പിന്നാലെയാണ് ചൈനയില്‍ ഒറ്റക്കുട്ടി നയം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. എന്നാല്‍ ചൈനയുടെ ജനസംഖ്യ ഇപ്പോള്‍ ഗണ്യമായി കുറഞ്ഞുവരുന്നുണ്ട്. പത്ത് വര്‍ഷത്തില്‍ താഴെയായി ഈ നയം കുറച്ചിരുന്നെങ്കില്‍ ഈ രീതിയില്‍ ചൈനയുടെ ജനസംഖ്യ കുറയില്ലെന്നുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
ഗ്രാമങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പെങ് പ്രവര്‍ത്തിച്ചിരുന്നത്. വാര്‍ധക്യത്തിലെത്തുമ്പോള്‍ തങ്ങളെ പരിപാലിക്കുന്നതിനായി ദമ്പതികള്‍ ഒരുപാട് കുട്ടികൾക്ക് ജന്മം നൽകുന്ന പ്രവണത ചൈനയുടെ ഗ്രാമങ്ങളിലുണ്ടായിരുന്നു. കുടുംബപ്പേര് നിലനിര്‍ത്തുന്നതിനായി ആണ്‍കുട്ടികളെ പ്രസവിക്കുന്നതിനായിരുന്നു കൂടുതല്‍ പ്രാധാന്യം നല്‍കിയത്. അതുകൊണ്ട് തന്നെ പെണ്‍കുട്ടിയെയാണ് ഗര്‍ഭം ധരിക്കുന്നതെങ്കില്‍ ഗര്‍ഭഛിദ്രം നടത്തുന്നതും സ്വാഭാവികമായിരുന്നു.
എന്നാല്‍ ഒറ്റക്കുട്ടി നയം ലഘൂകരിക്കണമെന്ന് പറഞ്ഞ് 2010കളോടെ പെങ് തന്റെ നിലപാടുകള്‍ പരസ്യമായി മാറ്റിയിരുന്നു. നിലവില്‍ ശിശുസംരക്ഷണ സബ്‌സിഡികള്‍, നീണ്ട പ്രസവാവധി, നികുതി ഇളവുകള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ വഴി കുറയുന്ന ജനനനിരക്ക് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ചൈന.
ജനസംഖ്യ കുറയുന്നതിലൂടെ തൊഴിലാളികളുടെ എണ്ണം കുറയുന്നത് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യമായ ചൈനയെ ബാധിക്കുമെന്ന ആശങ്കയും അധികാരികള്‍ക്കുണ്ട്. 2023ല്‍ ഇന്ത്യയ്ക്ക് പിന്നിലായിരുന്നു ജനസംഖ്യയില്‍ ചൈനയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷം 1.39 ബില്യണായിരുന്നു ചൈനയുടെ ജനസംഖ്യ. വരും വര്‍ഷങ്ങളിലും ജനസംഖ്യ കുറയുമെന്നാണ് ചൈനയുടെ കണക്കുകൂട്ടല്‍.
Content Highlights: former head of China's family planning commission death of Peng Peiyun criticism on social media.