'ക്രൈസ്തവരെ ലക്ഷ്യം വെയ്ക്കുന്നു'; നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഡോണൾഡ് ട്രംപ്

ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്

'ക്രൈസ്തവരെ ലക്ഷ്യം വെയ്ക്കുന്നു'; നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഡോണൾഡ് ട്രംപ്
dot image

വാഷിംഗ്ടൺ: നൈജീരിയയിലെ ഐഎസ്‌ഐഎസ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. നൈജീരിയയിലെ ക്രൈസ്തവരെ ഐഎസ്‌ഐഎസ് ലക്ഷ്യം വെയ്ക്കുന്നുവെന്നും അതിക്രമങ്ങൾ വർധിക്കുന്നുവെന്നും ആരോപിച്ചായിരുന്നു ആക്രമണം. വടക്ക് പടിഞ്ഞാറൻ നൈജീരിയയിലെ ഭീകരകേന്ദ്രങ്ങളെയാണ് യു എസ് ആക്രമിച്ചത്.

ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. തൻ്റെ നിർദ്ദേശപ്രകാരം പടിഞ്ഞാറൻ നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ യുഎസ് ശക്തമായ ആക്രമണം നടത്തിയെന്നും വർഷങ്ങളായി അവർ നിരപരാധികളായ ക്രൈസ്തവരെ കൊല്ലുകയാണെന്നും ട്രംപ് കുറിച്ചു. ക്രൈസ്തവർക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം വലിയ വില നൽകേണ്ടിവരുമെന്ന് താൻ മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇതാ അത് നടന്നിരിക്കുന്നു. കൃത്യമായ ആക്രമണമാണ് യുഎസ് നടത്തിയത്. തന്റെ നേതൃത്വത്തിൽ യുഎസ് ഒരു കാരണവശാലും ഇസ്ലാമിക തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും ഇനിയും ക്രൈസ്തവരെ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നും ട്രംപ് പറഞ്ഞു. പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്തും ആക്രമണത്തിൽ പ്രതികരണവുമായി രംഗത്തെത്തി. നൈജീരിയൻ സർക്കാരിന്റെ സഹകരണത്തിന് നന്ദി എന്നായിരുന്നു അദ്ദേഹം എക്‌സിൽ കുറിച്ചത്.

ആക്രമണം നടത്തി എന്ന് മാത്രമാണ് ട്രംപ് അറിയിച്ചത്. എത്ര പേർ മരിച്ചുവെന്നോ, ആക്രമണത്തിൽ നാശനഷ്ടം എത്രയെന്നോ സംബന്ധിച്ച് വിവരങ്ങളില്ല. നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ട്രംപ് നവംബറിൽ തന്നെ അറിയിച്ചിരുന്നതാണ്. ക്രൈസ്തവരെ സംരക്ഷിക്കാനായി നൈജീരിയൻ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നാരോപിച്ചായിരുന്നു ആക്രമണത്തിന് ആഹ്വാനം ചെയ്തത്. നൈജീരിയയിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണ് എന്നും ട്രംപ് പറഞ്ഞിരുന്നു.

Content Highlights: ISIS centres in western nigeria attacked, says Tump

dot image
To advertise here,contact us
dot image