

ഇസ്ളാമാബാദ്: വനിതാ വിഭാഗമായ 'ജമാഅത്ത്-ഉൽ-മോമിനാ'ത്തിൻ്റെ പുതിയ യൂണിറ്റിന് കീഴിൽ സ്ത്രീകളെ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും വിന്യസിക്കുന്നതിനുമുള്ള വിശദമായി പദ്ധതി വ്യക്തമാക്കി ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ. 21 മിനിട്ട് ദൈർഘ്യമുള്ള ഓഡിയോ സന്ദേശത്തിലാണ് മസൂദ് അക്തർ പദ്ധതി സംബന്ധിച്ച് വിശദീകരിച്ചിരിക്കുന്നത്. ജെയ്‌ഷെ മുഹമ്മദ് തങ്ങളുടെ ആദ്യ വനിതാ വിഭാഗം രൂപീകരിക്കുന്നതായി പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ യൂണിറ്റ് എങ്ങനെ സജ്ജമാക്കണമെന്ന് സംബന്ധിച്ച പദ്ധതി മസൂദ് അസ്ഹർ വ്യക്തമാക്കിയിരിക്കുന്നത്.
സ്ത്രീകളെ എങ്ങനെ റിക്രൂട്ട് ചെയ്യുമെന്നും, പരിശീലിപ്പിക്കുമെന്നും, തന്റെ ദീർഘകാല 'ആഗോള ജിഹാദ്' ദൗത്യത്തിൻ്റെ ഭാഗമാക്കണമെന്നുമാണ് അസ്ഹർ ശബ്ദ സന്ദേശത്തിൽ വിശദീകരിക്കുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പുരുഷന്മാർക്കായി ജെയ്‌ഷെ മുഹമ്മദ് ആവിഷ്കരിച്ചിരിക്കുന്ന ദീർഘകാല പരിശീലന പരിപാടിയുടെ ഘടനയെ പ്രതിഫലിപ്പിക്കുന്നതാണ് സ്ത്രീകൾക്കായി മസൂദ് അസ്ഹർ വിഭാവനം ചെയ്തിരിക്കുന്ന പുതിയ പദ്ധതിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പുരുഷന്മാർ 15 ദിവസത്തെ 'ദൗറ-ഇ-തർബിയത്ത്' കോഴ്‌സിൻ്റേത് പോലെ ഒരു ഇൻഡക്ഷൻ കോഴ്സിൽ 'ജമാഅത്ത്-ഉൽ-മൊമിനാത്തിൽ' ചേരുന്ന സ്ത്രീകളും പങ്കെടുക്കണമെന്നാണ് മസൂദ് അസ്ഹർ നിർദ്ദേശിച്ചിരിക്കുന്നത്. ബഹാവൽപൂരിലെ മർകസ് ഉസ്മാൻ ഒ അലിയിൽ നടത്തുന്ന 'ദൗറ-ഇ-തസ്കിയ' എന്ന ഇൻഡക്ഷൻ കോഴ്‌സിൽ സ്ത്രീകൾ പങ്കെടുത്തണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ജെയ്‌ഷെ മുഹമ്മദിന്റെ പുരുഷ റിക്രൂട്ട്‌മെന്റുകൾക്കുള്ള പ്രാഥമിക പ്രബോധന ഘട്ടമായി 'ദൗറ-ഇ-തർബിയത്ത്' എന്ന ഇൻഡക്ഷൻ കോഴ്സ് നടത്തി വരുന്നുണ്ട്. ഇന്ത്യയ്‌ക്കെതിരായ ജിഹാദ് സ്വർഗം ഉറപ്പാക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്തുന്നതാണ് ഈ പരിശീലന പരിപാടിയെന്നാണ് റിപ്പോർട്ട്. ഇപ്പോൾ സ്ത്രീകൾക്കും ഇതേ പ്രത്യയശാസ്ത്ര പരിശീലനം നൽകാനാണ് അസ്ഹർ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 'ജമാഅത്ത്-ഉൽ-മൊമിനാ'ത്തിൽ ചേരുന്ന ഏതൊരു സ്ത്രീയും 'മരണശേഷം അവളുടെ ശവക്കുഴിയിൽ നിന്ന് നേരിട്ട് സ്വർഗത്തിലേക്ക് പോകു'മെന്നാണ് ശബ്ദ സന്ദേശത്തിൽ മസൂദ് അസ്ഹർ വ്യക്തമാക്കുന്നത്. ആദ്യ കോഴ്‌സ് പൂർത്തിയാക്കുന്ന സ്ത്രീകൾ രണ്ടാം ഘട്ടമായ 'ദൗറ-ആയത്ത്-ഉൽ-നിസ'യുടെ ഭാഗമാകും. 'സ്ത്രീകൾക്ക് ജിഹാദ്' നടത്താൻ ഇസ്ലാമിക ഗ്രന്ഥങ്ങൾ എങ്ങനെ നിർദ്ദേശിക്കുന്നു എന്നാണ് ഇത് പഠിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.
'ജെയ്‌ഷെയുടെ ശത്രുക്കൾ ഹിന്ദു സ്ത്രീകളെ സൈന്യത്തിൽ ഉൾപ്പെടുത്തുകയും തങ്ങൾക്കെതിരെ വനിതാ പത്രപ്രവർത്തകരെ സജ്ജമാക്കുകയും ചെയ്യുന്നു' എന്നാണ് വനിതാ ബ്രിഗേഡ് രൂപീകരണത്തിൻ്റെ ന്യായീകരണമായി അസ്ഹർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അവർക്കെതിരെ മത്സരിക്കാനും പോരാടാനും തങ്ങളുടെ സ്ത്രീകളെ അണിനിരത്തുകയാണെന്നാണ് അസ്ഹർ പ്രഖ്യാപിച്ചിരിക്കുന്നത്. ജെയ്‌ഷെയുടെ പുരുഷ മുജാഹിദുകൾ ഈ പുതിയ വനിതാ യൂണിറ്റിനൊപ്പം പ്രവർത്തിക്കുമെന്ന് അസ്ഹർ വ്യക്തമാക്കി. വനിതാ ബ്രിഗേഡ് 'ലോകമെമ്പാടും ഇസ്ലാം പ്രചരിപ്പിക്കും. പാകിസ്ഥാനിലെ എല്ലാ ജില്ലകളിലും ജമാഅത്ത്-ഉൽ-മോമിനാത്ത് ശാഖകൾ തുറക്കും. പ്രാദേശികമായി സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിന് ഉത്തരവാദിത്തമുള്ള ഒരു ജില്ലാ മുൻതാസിമയുടെ നേതൃത്വത്തിൽ ഓരോന്നിനും ശാഖകൾ തുറക്കു'മെന്നുമാണ് അസ്ഹർ പ്രഖ്യാപിച്ചിരിക്കുന്നത്.
ബ്രിഗേഡിൽ ചേരുന്ന സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരോ അടുത്ത കുടുംബാംഗങ്ങളോ ഒഴികെ ഫോണിലൂടെയോ മെസഞ്ചർ വഴിയോ അന്യ പുരുഷന്മാരുമായി സംസാരിക്കരുതെന്ന കടുത്ത നിയന്ത്രണവും അസ്ഹർ പ്രഖ്യാപിച്ചിട്ടുണ്ട്. മസൂദ് അസറിന്റെ സഹോദരി സാദിയ അസ്ഹറായിരിക്കും വനിതാ വിഭാഗത്തിന് നേതൃത്വം നൽകുക. നേരത്തെ മെയ് 7ന് ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യൻ സൈന്യം ജെയ്‌ഷെ മുഹമ്മദിന്റെ മുൻ താവളമായ മർകസ് സുബ്ഹാനള്ളയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ അവരുടെ ഭർത്താവ് യൂസഫ് അസ്ഹർ കൊല്ലപ്പെട്ടിരുന്നു. അസ്ഹറിൻ്റെ മറ്റൊരു സഹോദരി സമൈറ അസ്ഹറും പുൽവാമ ആക്രമണകാരി ഉമർ ഫാറൂഖിന്റെ വിധവയായ അഫീറ ഫാറൂഖും നേതൃത്വത്തിന്റെ ഭാഗമാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. സ്ത്രീകളെ പ്രചോദിപ്പിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമായി ദിവസേന ഓൺലൈൻ സെഷനുകൾ നടത്തുക എന്നതാണ് അവരുടെ ചുമതലയെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പുരുഷന്മാരുടെ ബന്ധുക്കളായ നാലോ അഞ്ചോ സ്ത്രീകൾ 'ജമാഅത്ത്-ഉൽ-മോമിനാ'ത്തിൽ ഉൾപ്പെടുന്നുവെന്നും അസ്ഹർ വെളിപ്പെടുത്തിയിട്ടുണ്ട്. പുതുതായി ചേരുന്നവർക്ക് 'ഷോബ-ഇ-ദഅവത്ത്' എന്ന കാമ്പെയ്‌ൻ്റെ ഭാഗമായി അവർ പ്രചോദനം നൽകും. പ്രബോധനത്തിന്റെ ഭാഗമായി വനിതാ കേർഡർമാർ തന്റെ 'ഏ മുസൽമാൻ ബെഹ്‌ന' (ഓ മുസ്ലീം സഹോദരി) എന്ന പുസ്തകം വായിക്കാണമെന്നും മസൂദ് അസ്ഹർ അഭ്യർത്ഥിച്ചിട്ടുണ്ട്. തന്റെ സഹോദരിയോടൊപ്പം ഒരു വനിതാ ബ്രിഗേഡ് എന്ന ആശയം സങ്കൽപ്പിച്ചിരുന്നതായും ശബ്ദ സന്ദേശത്തിൽ വികാരഭരിതനായി അസ്ഹർ വെളിപ്പെടുത്തുന്നുണ്ട്.
Content Highlights: Jaish has begun advertising online classes and courses to recruit women into Jamaat-ul-Mominat