'സമയം പാഴാക്കാനില്ല'; ബുദാപെസ്റ്റില്‍ പുടിനുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് ട്രംപ്, സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്

കഴിഞ്ഞ വ്യാഴാഴ്ചയാണ് റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാഡിമിര്‍ പുടിനുമായി ബുദാപെസ്റ്റില്‍ കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്

'സമയം പാഴാക്കാനില്ല'; ബുദാപെസ്റ്റില്‍ പുടിനുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് ട്രംപ്, സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്
dot image

വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ച നിര്‍ത്തിവെച്ചതിന് പിന്നാലെ പ്രതികരണവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപ്. പ്രയോജനമില്ലാത്ത കൂടിക്കാഴ്ചയ്ക്ക് താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനു വേണ്ടി സമയം പാഴാക്കാനില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാഡിമിര്‍ പുടിനുമായി ബുദാപെസ്റ്റില്‍ കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് ഈ കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതയില്ലന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ സ്ഥിരീകരിക്കുകയായിരുന്നു. ഉടനെയൊന്നും ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയ്ക്ക് സാധ്യതയില്ലെന്നായിരുന്നു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്റെ പ്രതികരണം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയതായും അതിനാല്‍ ഇരുവരും തമ്മില്‍ ഇനി നേരിട്ടുള്ള കൂടിക്കാഴ്ചയുടെ ആവശ്യമില്ലെന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രണ്ടുമാസം മുന്‍മ്പ് അലാസ്‌കയില്‍വെച്ചാണ് ട്രംപും പുടിനും തമ്മില്‍ അവസാനം കൂടിക്കാഴ്ച നടത്തിയത്. അലാസ്‌കയിലെ കൂടിക്കാഴ്ച മൂന്നുമണിക്കൂറോളം നീണ്ടെങ്കിലും യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു കരാറിലെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നായിരുന്നു ഇരുനേതാക്കളുടെയും അവകാശവാദം.അലാസ്‌കയിലെ കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായാണ് ബുദാപെസ്റ്റില്‍ പ്രതീക്ഷിച്ചിരുന്നത്. ഇതിനുമുന്നോടിയായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയും റഷ്യന്‍ വിദേശകാര്യ മന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നും ബുദാപെസ്റ്റിലെ ഉച്ചകോടിക്ക് അത് അടിത്തറയിടുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

Content Highlight : Now Trump won't meet with Putin on Ukraine, White House official says

dot image
To advertise here,contact us
dot image