
പാലക്കാട്: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് ഹൈക്കോടതി പുറത്തുവിട്ടതെന്നും ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവൻ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജൂലൈ മുപ്പതിന് തിരുവാഭരണ കമ്മീഷണർ മദ്രാസിലെ കമ്പനി വിശ്വസിക്കാൻ കൊള്ളില്ലെന്നും സ്വർണപ്പാളി കൊണ്ടുപോകരുതെന്നും പറഞ്ഞു. എന്നാൽ ഓഗസ്റ്റ് എട്ടിന് കമ്മീഷണർ നിലപാടിൽ കീഴ്‌മേൽ മറിഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്നെ കൊടുത്തുവിടണമെന്ന് പറയുന്നു. ഇപ്പോഴത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ ഇടപെടലാണ് അതിന് പിന്നിലെന്നും സതീശൻ പറഞ്ഞു.
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇത്തവണ കൊണ്ടുപോയ ദ്വാരപാലക ശിൽപവും വിൽക്കുമായിരുന്നു. ആറ് കൊല്ലത്തിനിടയിൽ നാൽപത് വർഷം വാറണ്ടിയുള്ള സാധനം വീണ്ടും മങ്ങിയെന്നു പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൊടുത്തത് വലിയ കവർച്ചയ്ക്ക് വേണ്ടിയാണ്. ദേവസ്വം മാന്വലും ഹൈക്കോടതി നിർദേശങ്ങളും വിധിയും ലംഘിച്ചാണ് നിലവിലെ ബോർഡ് പ്രവർത്തിച്ചത്. വലിയ സ്വർണകവർച്ചയാണ് ശബരിമലയിൽ നടന്നതെന്ന് ഹൈക്കോടതി അടിവരയിട്ട് രേഖപ്പെടുത്തുന്നുണ്ട്. ഇപ്പോഴത്തെ ദേവസ്വം ബോർഡിനും ദേവസ്വം മന്ത്രിക്കും പങ്കുണ്ടെന്നത് വളെര വ്യക്തമാണ്. അടിയന്തരമായി ദേവസ്വം മന്ത്രി രാജിവെയ്ക്കണം. ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.
'ദേവസ്വം പ്രസിഡന്റ് ഇടപെട്ടാണ് ദേവസ്വം കമ്മീഷണർ ഒരാഴ്ചയ്ക്കകം അഭിപ്രായം മാറ്റിയതെന്നാണ് ഹൈക്കോടതി പറഞ്ഞത്. ദേവസ്വം ഉദ്യോഗസ്ഥർ ഇടപെട്ടെന്നാണ് പ്രസിഡന്റിന്റെ പ്രതികരണമെങ്കിൽ പിന്നെ എന്തിനാണ് ആ പദവിയിൽ അദ്ദേഹം അവിടെ നിൽക്കുന്നത്, നോക്കുകുത്തിയാകാനാണോ?. ദേവസ്വം ബോർഡ് തന്നെ പ്രതിയാണ്. ദേവസ്വം പ്രസിഡന്റ് കള്ളനാണ്. സ്വർണം കട്ട കള്ളനാണ്. കേസിൽ പ്രതിയാകേണ്ട ആളാണ്. അങ്ങനെയുള്ളവർ അയ്യോ താൻ തെറ്റ് ചെയ്തുവെന്ന് പറയുമോ. ഇയാളെയൊന്നും അതിന്റെ അകത്ത് കയറ്റാൻ പാടില്ല, അടിച്ച് ഓടിക്കണം. ശബരിമലയിലെ കട്ടിലും കതകും ദ്വാരപാലക ശിൽപവും കൊണ്ടുപോയി കോടീശ്വരന്മാർക്ക് വിറ്റു. ഇനി അവിടെ ബാക്കിയുള്ളത് അയ്യപ്പന്റെ തങ്ക വിഗ്രഹം മാത്രമാണ്. കോടതിയില്ലായിരുന്നെങ്കിൽ അവർ അതുകൂടി അടിച്ചുകൊണ്ടുപോകുമായിരുന്നു' സതീശൻ പറഞ്ഞു.
പിഎം ശ്രീ വിവാദത്തിലും സതീശൻ പ്രതികരിച്ചു. കേന്ദ്ര സർക്കാരിന്റെ പേര് ആരോഗ്യ കേന്ദ്രങ്ങളുടെ ബോർഡിലെഴുതാൻ വേറെ ആളെ നോക്കിയാൽ മതിയെന്ന് പറഞ്ഞവരാണ് രണ്ട് കൊല്ലത്തിന് ശേഷം അതേ പേര് എഴുതിയത്. രണ്ട് കൊല്ലത്തെ കാശ് പോയി എന്നതാണ് അതിലുണ്ടായ നഷ്ടം. പിഎം ശ്രീയിൽ ഒരുപാട് നിബന്ധനകളുണ്ട്. ബിജെപിയുടെ വർഗീയ രാഷ്ട്രീയം അടിച്ചേൽപിക്കാനുള്ള അജണ്ടയാണ്. എന്നാൽ സർക്കാർ മുന്നോട്ടിറങ്ങി അത്തരം നിബന്ധനകളെ ഒഴിവാക്കി കേന്ദ്രത്തിൽനിന്ന് പണം വാങ്ങുന്നതിൽ തങ്ങൾക്ക് എതിർപ്പില്ല. കേന്ദ്രത്തിന്റെ പണം മോദിയുടെ വീട്ടിലെ പണമല്ല, നമ്മുടെ നികുതി പണമാണ്. പക്ഷെ പണം തരുന്നതിനൊപ്പം ബിജെപിയുടെ വർഗീയ രാഷ്ട്രീയം അടിച്ചേൽപ്പിക്കുന്ന നിബന്ധനകൾ സംസ്ഥാന സർക്കാർ സ്വീകരിക്കരുതെന്നും സതീശൻ പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിലെ സിപിഐ വിയോജിപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഏത് സിപിഐ എന്നാണ് എം വി ഗോവിന്ദൻ ചോദിച്ചത്. തങ്ങളാരെയും ക്ഷണിക്കുന്നില്ല, എന്നാലും ഈ നാണക്കേട് സഹിച്ച് സിപിഐ എൽഡിഎഫിൽ നിൽക്കണോ. ഏത് മുസ്‌ലിം ലീഗ് എന്ന് തങ്ങൾ ചോദിക്കുമോ?. സഹിച്ച് നിൽക്കുന്നത് കാണുമ്പോൾ തനിക്ക് തന്നെ സങ്കടം വന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.
Content Highlights: VD Satheesan says the High Court has released shocking evidence related to the Sabarimala gold theft