
ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവം എന്തായിരിക്കും? യാത്ര എന്നായിരിക്കും ഭൂരിഭാഗം പേരുടെയും ഉത്തരം. എല്ലാ ജോലികളും മാറ്റിവെച്ച് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് യാത്ര പോകുക , മനുഷ്യരുമായി ഇടപഴകുക അങ്ങനെ ഒരുപാട് ആഗ്രഹങ്ങളായിരിക്കും പലർക്കും ഉണ്ടാകുക. എന്നാൽ ജോലി തന്നെ വേണ്ടെന്ന് വെച്ച് മുഴുവൻ സമയ യാത്രയ്ക്കിറങ്ങിപ്പുറപ്പെട്ടവരെക്കുറിച്ച് കേട്ടാലോ? അവിശ്വസനീയമെന്ന് നമുക്കൊരുപക്ഷേ തോന്നിയേക്കാം. പക്ഷെ സത്യമാണ്.
വെറും 28 വയസ് മാത്രം പ്രായമുള്ള നിക് ചാസീ, മതിൽഡെ വൗഗ്നി എന്നിവരാണ് മുഴുവൻ സമയ യാത്രയ്ക്കായി തങ്ങളുടെ ജീവിതം മാറ്റിവെച്ചിരിക്കുന്നത്. മൂന്ന് വർഷം മുൻപാണ് ഇരുവരും ജോലിയെല്ലാം ഉപേക്ഷിച്ച് യാത്ര ചെയ്യാനിറങ്ങിയത്. അതും തങ്ങളുടെ ലാൻഡ് റോവറിൽ. ഇന്നവർ പതിനായിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടിയ, ഒട്ടേറെ ജീവിതങ്ങളും അനുഭവങ്ങളും കണ്ട മനുഷ്യരായി മാറിക്കഴിഞ്ഞു.
ഒരു ടെക്നോളജി സ്റ്റാർട്ടപ്പിൽ ജോലി ചെയ്യുകയായിരുന്നു നിക് ചാസീ. മതിൽഡെ വൗഗ്നി ആകട്ടെ ഐക്യരാഷ്ട്ര സംഘടനയിലും. ഈ ജോലിത്തിരക്കിനിടയിലും ഇരുവരും ചെറിയ യാത്രകൾ നടത്താൻ സമയം കണ്ടെത്തിയിരുന്നു. ഇതിനിടെ യാത്രകൾ ഇരുവർക്കും ഒരു പാഷനായി മാറി. ആ പാഷനാണ് ജോലി വേണ്ടെന്ന് വെച്ച് ഇരുവരെയും ലോകം ചുറ്റാൻ പ്രേരിപ്പിച്ചത്.
രണ്ട് വർഷമെടുത്താണ് ഇരുവരും യാത്രയ്ക്കുള്ള പണം കണ്ടെത്തിയത്. ആദ്യഘട്ടങ്ങളിൽ ഇരുവരും തങ്ങളുടെ കയ്യിലുള്ള പണം മുഴുവനായും എടുത്ത് യാത്ര ചെയ്യുകയായിരുന്നു. പിന്നീട് തങ്ങളുടെ യാത്രകളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതുവഴി ഇരുവർക്കും പണം ലഭിച്ചുതുടങ്ങി. പണം തീരുന്ന മുറയ്ക്ക് യാത്ര അവസാനിപ്പിക്കാനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാൽ ഫലം മറ്റൊന്നായിരുന്നു. ഇരുവരുടെയും യാത്ര തുടർന്നുകൊണ്ടേയിരുന്നു.
ഇരുവരും തങ്ങൾക്ക് വരുന്ന ചെലവുകളുടെ ഒരു കണക്കും പറഞ്ഞുതരുന്നുണ്ട്. കാറിന് വേണ്ട ഇന്ധനം മെയിന്റനൻസ്, വൈഫൈ, വിനോദോപാധികൾ, വിസ, കാർ ഷിപ്പ് ചെയ്യാനുള്ള പണം എന്നിവയാണ് വരുന്ന പ്രധാന ചെലവുകൾ. ഏകദേശം 41,000 ഡോളറാണ്, ഒരു വർഷം മാത്രം ഇതിനായി ഇവർക്ക് ആവശ്യം വരിക. കാർ ഷിപ്പ് ചെയ്യേണ്ടിവരുമ്പോൾ ഇരുവരും അവസാന നിമിഷത്തിൽ ഫ്‌ളൈറ്റ് ടിക്കറ്റുകൾ എടുക്കുകയാണ് ചെയ്യുക.
കൃത്യമായി പ്ലാൻ ചെയ്ത ശേഷമാണ് ഇരുവരും ഇതെല്ലാം ചെയ്യുക. ഷിപ്പിങിന്റെ സമയം അനുസരിച്ച് മാത്രമാണ് ഇരുവരും ഫ്‌ളൈറ്റ് ബുക്ക് ചെയ്യുക. ഒരിക്കലും യാത്ര മുടങ്ങുകയോ മാറ്റിവെക്കുകയോ ചെയ്യില്ല എന്ന് ഇരുവരും ഉറപ്പ് വരുത്താറുണ്ട്. എന്തെങ്കിലും കാരണം കൊണ്ട് ഷിപ്പിൽ നിന്ന് കാർ ലഭിക്കാൻ വൈകിയാൽ ബൈക്കിലാണ് ഇരുവരും യാത്ര ചെയ്യുക.
ഭക്ഷണം തുടങ്ങിയ പ്രാഥമികകാര്യങ്ങൾ എല്ലാം ഇവർ സ്വയമാണ് ചെയ്യുക. പെട്രോൾ സ്റ്റേഷനുകളിൽ ചെല്ലുമ്പോൾ ഇവർ കുടിവെള്ളവും മറ്റും ശേഖരിച്ചുവെക്കും. കുളിക്കാനായും ഭക്ഷണം വെക്കാനായും പ്രത്യേക സംവിധാനങ്ങളുണ്ട്. രണ്ടാഴ്ച കൂടുമ്പോഴാണ് തുണി അലക്കുന്നതും മറ്റുമെല്ലാം ചെയ്യുന്നത്. രാത്രികളിൽ ഫാനുകൾ ഘടിപ്പിച്ച ശേഷം കാറിൽ തന്നെയാണ് ഇരുവരുടെയും ഉറക്കം.
ഓസ്‌ട്രേലിയയിൽ വെച്ച് ഉണ്ടായ ഒരു അനുഭവവും ഇരുവരും പങ്കുവെക്കുന്നുണ്ട്. ഓസ്‌ട്രേലിയയിലെ യാത്രയ്ക്കിടയിൽ വണ്ടിയുടെ എഞ്ചിൻ പണിമുടക്കി. ഇതിനിടെ ഒരു പ്രദേശശവാസിയാണ് ഇരുവരെയും സഹായിച്ചത്. വണ്ടി ശരിയാകുന്നത് വരെ, അതും 21 ദിവസം ആ പ്രദേശവാസിയുടെ വീട്ടിലാണ് ഇരുവരും താമസിച്ചത്. തങ്ങൾ ചെന്ന രാജ്യങ്ങളിലെല്ലാം വലിയ സ്വീകരണമാണ് ലഭിച്ചതെന്നും നിരവധി പേർ സ്വന്തം ആളുകളെപ്പോലെ തങ്ങളെ കണ്ടുതുടങ്ങിയെന്നും ഇരുവരും പറയുന്നുണ്ട്.
ഇതുവരെയ്ക്കും പല രാജ്യങ്ങളിലായി 1,60,000 കിലോമീറ്ററോളമാണ് ഇരുവരും സഞ്ചരിച്ചിട്ടുള്ളത്. നിരവധി സുഹൃത്തുക്കൾ ഇവർക്ക് യാത്രയിലൂടെ ലഭിച്ചു. വീണ്ടും ഒരു യാത്രയ്ക്കിറങ്ങുമ്പോൾ ഇവരെയെല്ലാം അറിയിക്കുമെന്നും യാത്രകൾക്ക് ഒരിക്കലും അവസാനിക്കില്ല എന്നും ഇവർ പറയുന്നു.
Content Highlights: couple who travelled allover the world with landrover after leaving their jobs