
ഇന്ത്യയുടെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലിനെ വാനോളം പുകഴ്ത്തി ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറില്‍ താരത്തെ തുടര്‍ച്ചയായി മാറ്റുന്നതില്‍ ഓസ്‌ട്രേലിയയുടെ മുന്‍ പേസര്‍ ഗ്ലെന്‍ മഗ്രാത്ത് അത്ഭുതം പങ്കുവെയ്ക്കുകയും ചെയ്തു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന സാഹചര്യത്തിലാണ് മഗ്രാത്തിന്റെ പ്രതികരണം.
പെര്‍ത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ രാഹുല്‍ ആറാമനായാണ് ഇറങ്ങിയത്. അഞ്ചാം നമ്പറില്‍ ഇറങ്ങേണ്ട രാഹുലിന് പകരം അക്‌സര്‍ പട്ടേല്‍ ഇറങ്ങിയതാണ് വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി വെച്ചത്. ഇങ്ങനെ തുടര്‍ച്ചയായി ബാറ്റിങ് പൊസിഷന്‍ മാറ്റുന്നത് രാഹുലിന് പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടാവുമെന്നും താരത്തിന്റെ ആത്മവിശ്വാസത്തെ കാര്യമായി ബാധിക്കാമെന്നും മഗ്രാത്ത് ചൂണ്ടിക്കാട്ടി.
'കെ എല്‍ രാഹുലിനെ ബാറ്റിങ് ഓര്‍ഡറില്‍ തുടര്‍ച്ചയായി മാറ്റുകയാണ് അവര്‍ ചെയ്യുന്നത്. ഇപ്പോള്‍ ഏതാണ്ട് 11 പൊസിഷനുകളിലും രാഹുല്‍ ബാറ്റുചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. നിരന്തരമായ പൊസിഷന്‍ മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ താരത്തിന് ബുദ്ധിമുട്ടായിരിക്കും. പക്ഷേ വളരെ വേഴ്‌സറ്റൈലായ താരങ്ങളിലൊരാളാണ് രാഹുല്‍. വളരെ ദുഷ്‌ക്കരമായ സാഹചര്യങ്ങളില്‍ പോലും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്', മഗ്രാത്ത് പറഞ്ഞു.
Glenn McGrath on KL Rahul:
— INCUBUS (@Klassyisback_) October 22, 2025
"He's a versatile player who adapts well. Despite shifting roles and batting positions, he performs under tough conditions and also keeps wickets — very adaptable."pic.twitter.com/zxadytS5Cu
'പക്ഷേ അത് ചിലപ്പോള്‍ രാഹുലിന്റെ ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതുമായി പൊരുത്തപ്പെടാന്‍ ശീലമായെന്നാണ് എനിക്ക് തോന്നുന്നത്. രാഹുല്‍ നന്നായി കീപ്പിങ്ങും ചെയ്യുന്നുണ്ട്. കാരണം അദ്ദേഹം വളരെ വേഴ്‌സറ്റൈലായ താരമാണ്', മഗ്രാത്ത് കൂട്ടിച്ചേര്‍ത്തു.
പെര്‍ത്ത് ഏകദിനത്തില്‍ ആറാമനായി ഇറങ്ങിയ രാഹുൽ 31 പന്തില്‍ നിന്ന് 38 റണ്‍സ് നേടിയിരുന്നു. ഓപ്പണറായി കരിയര്‍ ആരംഭിച്ച രാഹുല്‍ ഏഴാം സ്ഥാനത്താണ് ബാറ്റ് ചെയ്തിരുന്നത്. എന്നാൽ അഞ്ചാമതായി ഇറങ്ങി രണ്ട് സെഞ്ച്വറികളും ഒമ്പത് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 56.47 എന്ന മികച്ച ശരാശരിയില്‍ 1299 റണ്‍സ് രാഹുല്‍ നേടിയിട്ടുണ്ട്.
Content Highlights: Glenn McGrath's stunning statement on KL Rahul ahead of AUS vs IND 2025 2nd ODI