
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് പ്രദീപ് രംഗനാഥൻ. രണ്ട് 100 കോടി സിനിമകളാണ് നടന്റെ പേരിലുള്ളത്. എന്നാൽ അതേസമയം പ്രദീപിനെതിരെ നിറയെ വിമർശനങ്ങളും ഉയരുന്നുണ്ട്. നടൻ സ്ഥിരമായി റൊമാന്റിക് സിനിമകളാണ് ചെയ്യുന്നതെന്നും ഒരേ ഴോണർ സിനിമകൾ മാറ്റിപ്പിടിക്കേണ്ട സമയമായി എന്നും കമന്റുകൾ ഉയരുന്നുണ്ട്. ഇപ്പോഴിതാ ഇതിൽ പ്രതികരിക്കുകയാണ് പ്രദീപ്.
ചിത്രത്തിന്റെ തെലുങ്ക് സക്സസ് മീറ്റിൽ വെച്ച് ഒരു ആരാധകൻ പ്രദീപിനോട് ചോദിച്ച ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു താരം. 'റൊമാന്റിക് സിനിമകൾ ഒരുപാട് ചെയ്തല്ലോ ഇനി എന്നാണ് അസുരനും വടചെന്നൈയും പോലെ ഒരു സിനിമ ചെയ്യുന്നത്', എന്നായിരുന്നു ആരാധകന്റെ ചോദ്യം. 'കമിങ് സൂൺ' എന്നായിരുന്നു പ്രദീപിന്റെ മറുപടി. നേരത്തെ താൻ ഒരു സയൻസ് ഫിക്ഷൻ ആക്ഷൻ സിനിമയുടെ പണിപ്പുരയിലാണെന്ന് പ്രദീപ് വെളിപ്പെടുത്തിയിരുന്നു. ഡ്യൂഡിന് ശേഷം ചെറിയ ഇടവേളയെടുത്ത് ആ സിനിമയുടെ എഴുത്തിലേക്ക് കടക്കുമെന്നും താരം പറഞ്ഞിരുന്നു.
ആഗോള ബോക്സ് ഓഫീസിൽ നിന്ന് 95 കോടിയാണ് ഇതുവരെ ഡ്യൂഡിന്റെ കളക്ഷൻ. സിനിമ വൈകാതെ 100 കോടിയിലേക്ക് കടക്കും. അങ്ങനെയെങ്കിൽ പ്രദീപിന്റെ തുടർച്ചയായ മൂന്നാമത്തെ 100 കോടി പടമാകും ഡ്യൂഡ്. ദീപാവലി ആയതിനാൽ കുടുംബ പ്രേക്ഷകരും യുവാക്കളും ഡ്യൂഡ് തന്നെ കാണാൻ പോകുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്. ഡ്യൂഡിൽ മമിത ബൈജു ചെയ്ത വേഷത്തിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
Q: You are doing youthful love stories.. Can we expect Vadachennai & Asuran type of films from you..❓#PradeepRanganathan : Coming Soon..💥
— Laxmi Kanth (@iammoviebuff007) October 22, 2025
(Looks like his next film Sci-fi Actioner is gonna be in a violent zone..)pic.twitter.com/QMNN3ngPFy
നവാഗത സംവിധായകനായ കീർത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്തിരിക്കുന്നത്. സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ തിയേറ്ററുകളിൽ ആഘോഷമായാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിരിക്കുന്നത്. നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കളായുള്ളത്. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം.
Content Highlights: Pradeep Ranganathan responds to criticisms