
ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പരിഹസിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തൊളള അലി ഖമേനി. അമേരിക്കയില്‍ ട്രംപിന്റെ നയങ്ങള്‍ക്കെതിരെ നടക്കുന്ന 'നോ കിംഗ്' പ്രതിഷേധങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഖമേനിയുടെ പരിഹാസം. ട്രംപിന് കഴിവുണ്ടെങ്കില്‍ അദ്ദേഹം ആദ്യം അവരെ ശാന്തമാക്കട്ടെ എന്ന് ഖമേനി പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏഴ് ദശലക്ഷം ജനങ്ങള്‍ നിരവധി അമേരിക്കന്‍ സംസ്ഥാനങ്ങളിലായി ഈ വ്യക്തിക്കെതിരെ പ്രതിഷേധിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ശരിക്കും കഴിവുണ്ടെങ്കില്‍ നിങ്ങളുടെ സ്വന്തം ആളുകള്‍ ശാന്തരായിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. മറ്റ് രാജ്യങ്ങളുടെ കാര്യത്തില്‍ ഇടപെടരുത്': ഖമേനി എക്‌സില്‍ കുറിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയിലും ന്യൂയോര്‍ക്കിലും ലോസ് ആഞ്ചലസിലുമുള്‍പ്പെടെ നിരവധി യുഎസ് സ്റ്റേറ്റുകളില്‍ ട്രംപിനെതിരെ നടക്കുന്ന 'നോ കിംഗ്' പ്രതിഷേധങ്ങളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
അമേരിക്കയില്‍ രാജാക്കന്മാരില്ല, അധികാരം ജനങ്ങളുടേതാണ് എന്ന മുദ്രാവാക്യമുയര്‍ത്തി വിവിധ സംസ്ഥാനങ്ങളിലായി ജനങ്ങള്‍ തെരുവിലിറങ്ങുകയാണ്. വാഷിംഗ്ടണിലും ന്യൂയോര്‍ക്കിലും ലോസ് ആഞ്ചലസിലും സാന്‍ ഫ്രാന്‍സിസ്‌കോയിലും ഡെന്‍വറിലും സാന്‍ഡിയാഗോയിലും ഫിലിയിലും തുടങ്ങി ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വരെ ട്രംപിനെതിരെ മുദ്രാവാക്യങ്ങൾ ഉയരുകയാണ്. ട്രംപ് ഭരണകൂടത്തിന്റെ നടപടികൾ ജനാധിപത്യവിരുദ്ധമെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.
ജൂണിലാണ് ആദ്യത്തെ 'നോ കിംഗ്‌സ്' പ്രതിഷേധം നടന്നത്. ട്രംപ് ഭരണകൂടത്തിന്റെ ചില വിവാദ നീക്കങ്ങൾക്ക് പിന്നാലെയായിരുന്നു ഇത്. രാഷ്ട്രീയ എതിരാളികളെ ക്രിമിനൽ പീഡനത്തിന് ഇരയാക്കൽ, ഒന്നിലധികം യുഎസ് നഗരങ്ങളിൽ ഫെഡറൽ സൈനികരെ വിന്യസിക്കൽ എന്നി നടപടികൾക്കെതിരെയായിരുന്നു പ്രതിഷേധം.
Content Highlights:'If you can, pacify those protesting against you in your own country': Khamenei to trump