4 മൃതദേഹങ്ങൾ ഹമാസ് വിട്ട് നൽകിയതായി IDF; പൗരന്മാരുടെ ജീവൻ ഹമാസ് അപഹരിക്കുന്നുവെന്ന് പലസ്തീൻ പ്രസിഡന്‍റ്

ജീവനോടെയുള്ള എല്ലാ ബന്ദികളെയും ഹമാസ് വിട്ടയച്ചെങ്കിലും ബന്ദികളായവരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കാത്തതില്‍ ഹമാസിന് മേല്‍ സമ്മര്‍ദം വര്‍ധിക്കുകയാണ്

4 മൃതദേഹങ്ങൾ ഹമാസ് വിട്ട് നൽകിയതായി IDF; പൗരന്മാരുടെ ജീവൻ ഹമാസ് അപഹരിക്കുന്നുവെന്ന് പലസ്തീൻ പ്രസിഡന്‍റ്
dot image

ടെല്‍ അവീവ്: ഹമാസ് ബന്ദികളാക്കിയ നാല് പേരുടെ മൃതദേഹങ്ങള്‍ വിട്ട് നല്‍കിയതായി സ്ഥിരീകരിച്ച് ഇസ്രയേല്‍ പ്രതിരോധ സേന. ഇന്നലെ രാത്രി റെഡ് ക്രോസ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുകയും ഇസ്രയേല്‍ സേനയ്ക്ക് കൈമാറുകയുമായിരുന്നു. 28 ബന്ദികളുടെ മൃതദേഹവും വിട്ടുനല്‍കിയില്ലെങ്കില്‍ ഗാസയിലേക്കുള്ള സഹായം തടയുമെന്ന ഇസ്രയേല്‍ ഭീഷണിക്ക് പിന്നാലെയാണ് ഹമാസ് ബന്ദികളുടെ മൃതദേഹം വിട്ടുനല്‍കിയത്. തിങ്കളാഴ്ച 20 ബന്ദികളെയും നാല് പേരുടെ മൃതദേഹവും ഹമാസ് വിട്ട് നല്‍കിയിരുന്നു.

ഇസ്രയേല്‍ തടവിലാക്കിയ 45 പലസ്തീനികളുടെ മൃതദേഹം ഇന്നലെ വിട്ടുനല്‍കി. ജീവനോടെയുള്ള എല്ലാ ബന്ദികളെയും ഹമാസ് വിട്ടയച്ചെങ്കിലും ബന്ദികളായവരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കാത്തതില്‍ ഹമാസിന് മേല്‍ സമ്മര്‍ദം വര്‍ധിക്കുകയാണ്. അതേസമയം വെടിനിര്‍ത്തലിന് പിന്നാലെ ഗാസയില്‍ ഹമാസ് പിടിമുറുക്കിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഹമാസും പലസ്തീന്‍ ഗോത്രങ്ങളും തമ്മില്‍ ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ ചാരന്മാരെന്ന് ആരോപിച്ച് എട്ട് പേരെ വധിക്കുന്ന ദൃശ്യങ്ങള്‍ ഹമാസ് പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഹമാസ് ചെയ്തത് കുറ്റകരമാണെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് അപലപിച്ചു. ന്യായമായ വിചാരണ കൂടാതെ ഡസന്‍ കണക്കിന് പൗരന്മാരുടെ ജീവന്‍ ഹമാസ് അപഹരിച്ചെന്ന് അദ്ദേഹം പറഞ്ഞു.

ഹമാസിനെതിരെ നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തെത്തിയിരുന്നു. ഹമാസ് ആയുധങ്ങള്‍ വെച്ച് കീഴടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഹമാസ് അങ്ങനെ ചെയ്തില്ലെങ്കില്‍ അക്രമാസക്തമായ നടപടി സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു. ഹമാസ് ആയുധം തിരികെ വെക്കണമെന്നും ഗാസയില്‍ ആയുധനിര്‍മാണശാലകളില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സിബിസി ന്യൂസിനോട് പ്രതികരിച്ചു.

അതേസമയം സമാധാന കരാര്‍ ലംഘിച്ച് ഗാസയില്‍ ഇസ്രയേലും ആക്രമണം നടത്തി. ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് പലസ്തീനികള്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടു. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ വടക്കന്‍ ഗാസയിലേക്ക് മടങ്ങിയെത്തി സ്വന്തം വീടുകള്‍ തേടി അലയുന്നവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

Content Highlights: IDF says Hamas released 4 bodies of hostages

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us