

തിരുവനന്തപുരം: കായിക, ശാസ്ത്ര മേളകളുടെ പേര് പറഞ്ഞ് എഇഒ ഓഫീസുകള്‍ കേരളത്തില്‍ നടത്തുന്നത് ഗുണ്ടാപ്പിരിവാണെന്ന് എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സികെ നജാഫ്. കായിക മേളയും ശാസ്ത്രമേളയും നടത്താന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ല എന്നാണ് വകുപ്പ് മേധാവികളുടെ ന്യായീകരണമെന്നും ഈ വട്ടപ്പിരിവിന് നേതൃത്വം കൊടുക്കുന്ന വിവിധ ഘട്ടങ്ങളിലെ ഓഫീസുകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കിയ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയാണ് ഇതിന് മറുപടി നല്‍കേണ്ടതെന്നും നജാഫ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് എംഎസ്എഫ് ജനറല്‍ സെക്രട്ടറി ഇക്കാര്യം ആവശ്യപ്പെട്ടത്.
മേളകള്‍ നടത്താന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നത് അവസാനിപ്പിച്ചോ എന്നും നജാഫ് ചോദിച്ചു. വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫണ്ട് പിരിക്കാന്‍ സ്‌കൂളുകളുടെ തലയെണ്ണി ഫണ്ട് നിശ്ചയിക്കുന്നത് ഏത് മാനദണ്ഡം അടിസ്ഥാനമാക്കിയാണെന്നും ഫണ്ട് നല്‍കാത്ത സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ മത്സരിക്കാനുളള അവസരം നിഷേധിക്കുമെന്ന തീരുമാനം വിദ്യാഭ്യാസമന്ത്രിയുടെ നിലപാടാണോ എന്നും നജാഫ് ചോദിച്ചു. ഔദ്യോഗിക അറിയിപ്പില്ലാതെയാണ് പിരിവെങ്കില്‍ തെറ്റുകാര്‍ക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ഔദ്യോഗിക ഉത്തരവില്ലാതെ, രസീതില്ലാതെ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന തുറന്ന കൊളള മന്ത്രിയപ്പൂപ്പന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഞങ്ങള്‍ പോയി അതിന് താഴിടുമെന്നും വിദ്യാര്‍ത്ഥികളെ പിഴിയുന്ന കൊളള അവസാനിപ്പിക്കണമെന്നും നജാഫ് ആവശ്യപ്പെട്ടു.
സ്‌കൂള്‍ മേളകള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ട വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജില്ലാ, ഉപജില്ലാ മേളകള്‍ക്കുവേണ്ടി അധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും പണപ്പിരിവ് നടത്താമെന്നാണ് ഉത്തരവ്. മേളകള്‍ക്കുവേണ്ടി സര്‍ക്കാര്‍ നീക്കിവെച്ച ഫണ്ട് അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 300 മുതല്‍ 450 രൂപ വരെയാണ് അധ്യാപകരില്‍ നിന്ന് പിരിച്ചെടുക്കുന്നത്.
ജില്ലാ, ഉപജില്ലാ കലാ, കായിക, ശാസ്ത്ര മേളകള്‍ നടത്തുന്നതിനായി ഫണ്ട് പിരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. വിദ്യാര്‍ത്ഥികളില്‍ നിന്നും സാഹചര്യത്തിന് അനുസരിച്ച് പണം പിരിക്കണമെന്നും അതിന്റെ ചുമതല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കാണ്, ഇവര്‍ ഈ പണം പിരിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ വഴി പൊതുവിദ്യാഭ്യാസ വകുപ്പില്‍ അടയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Content Highlights: MSF demands investigation into money collection in schools in the name of sports and science fairs