'കുട്ടികൾ പട്ടിണി മൂലം മരിക്കുന്ന ലോകത്ത് എങ്ങനെ സമാധാനമുണ്ടാകും';യുഎന്നിൽ ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് എർദൊഗാൻ

പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അമേരിക്ക വിസ നിഷേധിച്ചതിനെതിരെ സംസാരിച്ചാണ് എര്‍ദൊഗാന്‍ ഐക്യരാഷ്ട്ര സഭ ജനറല്‍ അസബ്ലിയില്‍ പ്രസംഗിച്ച് തുടങ്ങിയത്

'കുട്ടികൾ പട്ടിണി മൂലം മരിക്കുന്ന ലോകത്ത് എങ്ങനെ സമാധാനമുണ്ടാകും';യുഎന്നിൽ ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് എർദൊഗാൻ
dot image

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയില്‍ പലസ്തീന്‍ അധികൃതര്‍ക്ക് അമേരിക്ക വിസ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദൊഗാന്‍. പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് അടക്കമുള്ള അധികൃതര്‍, പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അമേരിക്ക വിസ നിഷേധിച്ചതിനെതിരെ സംസാരിച്ചാണ് എര്‍ദൊഗാന്‍ ഐക്യരാഷ്ട്ര സഭ ജനറല്‍ അസബ്ലിയില്‍ പ്രസംഗിച്ച് തുടങ്ങിയത്.

'പലസ്തീനെ നിരവധി രാജ്യങ്ങള്‍ അംഗീകരിക്കുന്ന ഈ സമയത്ത് പലസ്തീന്‍ രാഷ്ട്രത്തിന്റെ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ അസാന്നിധ്യത്തില്‍ ഞാന്‍ ആദ്യം തന്നെ എന്റെ ഖേദം രേഖപ്പെടുത്തുന്നു. എന്റെ 8.6 കോടി ജനങ്ങള്‍ക്ക് വേണ്ടിയും നിശബ്ദമായിപ്പോയ ഞങ്ങളുടെ പലസ്തീന്‍ സഹോദരീ സഹോദരന്‍മാര്‍ക്ക് വേണ്ടിയുമാണ് ഞാനിവിടെ നില്‍ക്കുന്നത്. പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച എല്ലാ രാജ്യങ്ങളോടും ഞാന്‍ നന്ദി പറയുന്നു. അംഗീകരിക്കാത്ത രാജ്യങ്ങള്‍ എത്രയും പെട്ടെന്ന് പലസ്തീനെ അംഗീകരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു', എര്‍ദൊഗാന്‍ പറഞ്ഞു.

ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 250ലധികം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി എര്‍ദോഗാന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഗാസയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും ഇസ്രയേല്‍ അടച്ചെങ്കിലും അവര്‍ക്ക് വംശഹത്യ മറച്ച് വെക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വംശഹത്യയിലേക്ക് ഐക്യരാഷ്ട്ര സഭയുടെ മേധാവി അന്റോണിയോ ഗുട്ടറസ് ശ്രദ്ധ ക്ഷണിച്ചിട്ടുണ്ടെങ്കിലും സ്വന്തം ഉദ്യോഗസ്ഥരെ പോലും സംരക്ഷിക്കാന്‍ യുഎന്നിന് സാധിച്ചില്ലെന്നും എര്‍ദൊഗാന്‍ കൂട്ടിച്ചേര്‍ത്തു. ഇസ്രയേല്‍ ആക്രമണത്തിൽ പരിക്കേറ്റവരെ രക്ഷിക്കുന്നതിനിടയില്‍ നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Erdogan
എർദൊഗാൻ

ഗാസയിലെ ആക്രമണങ്ങളുടെ ചിത്രവും എര്‍ദൊഗാന്‍ പ്രസംഗത്തിനിടെ എടുത്തു കാണിച്ചു. ഗാസയിലെ ദൈനംദിന ജീവിതം ഇങ്ങനെയാണെന്നും എര്‍ദൊഗാന്‍ പറഞ്ഞു. ഭക്ഷണത്തിന് വേണ്ടി പാത്രങ്ങള്‍ പിടിച്ച് നില്‍ക്കുന്നവരുടെ ചിത്രവും പോഷാകാഹാരക്കുറവ് നേരിടുന്ന കുട്ടികളുടെ ചിത്രവുമാണ് എര്‍ദൊഗാന്‍ ഉയര്‍ത്തിക്കാട്ടിയത്. 'നിങ്ങളുടെ മനസാക്ഷിയെ മുന്‍നിര്‍ത്തി ഇനിയുള്ള ചോദ്യത്തിന് ഉത്തരം നല്‍കൂ. 2025ലെ ഈ ക്രൂരതയ്ക്ക് ന്യായമായ കാരണമുണ്ടോ? ഈ ചിത്രം ഗാസയെ തുറന്നുകാട്ടുന്നതാണ്. 23 മാസമായി ഇതാണ് ഗാസയില്‍ നടക്കുന്നത്. ഏത് തരത്തിലുള്ള
മനുഷ്യര്‍ക്കാണ് ഇത് സഹിക്കാന്‍ സാധിക്കുക? ഇതിനെതിരെ എങ്ങനെയാണ് ഒരാള്‍ക്ക് മിണ്ടാതിരിക്കാന്‍ സാധിക്കുക? കുട്ടികള്‍ പട്ടിണി മൂലവും മരുന്നുകളുടെ അഭാവത്തിലും മരിച്ചു വീഴുന്ന ഈ ലോകത്ത് സമാധാനവും ശാന്തിയും ഉണ്ടാകുമോ? അദ്ദേഹം ചോദിച്ചു.

ഇസ്രയേല്‍ ഗാസയിലും വെസ്റ്റ് ബാങ്കിലും മാത്രമല്ല ആക്രമണം നടത്തിയതെന്നും സിറിയ, ഇറാന്‍, യെമന്‍, ലെബനന്‍ എന്നിവിടങ്ങളും ആക്രമിച്ചിട്ടുണ്ടെന്ന് എര്‍ദൊഗാന്‍ ചൂണ്ടിക്കാട്ടി. അടുത്തിടെ ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം നടത്തി. ഇസ്രയേല്‍ നേതൃത്വത്തിന് പൂര്‍ണമായും നിയന്ത്രണം നഷ്ടപ്പെട്ടതായി ഖത്തറിലേക്കുള്ള ആക്രമണം തെളിയിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Recep Tayyip Erdogan about against Israel on Gaza War in UN

dot image
To advertise here,contact us
dot image