
ജനീവ: ഗാസയില്‍ പൂര്‍ണമായ വെടിനിര്‍ത്തല്‍ വേണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഗാസയില്‍ ഭീകരത മൂന്നാംവര്‍ഷത്തിലേക്ക് കടക്കുകയാണെന്നും മനുഷ്യത്വത്തെ വെല്ലുവിളിക്കുന്ന തീരുമാനങ്ങളുടെ ഫലമാണിതെന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെ ന്യായീകരിക്കാനാവില്ലെന്നും ഹമാസിന്റെയും ഇസ്രയേലിന്റെയും ആക്രമണങ്ങളെ താന്‍ ആവര്‍ത്തിച്ച് അപലപിച്ചിട്ടുണ്ടെന്നും ഗുട്ടെറസ് വ്യക്തമാക്കി. യുഎന്‍ പൊതുസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണത്തെ ന്യായീകരിക്കാനാവില്ല. അതുപോലെ ഇസ്രയേല്‍ ആക്രമണത്തെയും. രണ്ടും ഞാന്‍ അപലപിച്ചിട്ടുണ്ട്. പലസ്തീന്‍ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്നതും ഗാസയെ ആസൂത്രിതമായി നശിപ്പിക്കുന്നതിനെയും ഒരിക്കലും ന്യായീകരിക്കാനാവില്ല. എന്താണ് വേണ്ടതെന്ന് നമുക്കറിയാം. സ്ഥിരമായ വെടിനിര്‍ത്തല്‍ വേണം. ബന്ദികളെ വിട്ടയക്കണം. പൂര്‍ണമായ മാനുഷിക സഹായം ലഭ്യമാക്കണം. സുസ്ഥിരമായ മിഡില്‍ ഈസ്റ്റ് സമാധാനത്തിന്റെ കാര്യത്തില്‍ നാം വിട്ടുവീഴ്ച്ച ചെയ്യരുത്. മനുഷ്യാവകാശവും മനുഷ്യന്റെ അന്തസുമാണ് നാം തെരഞ്ഞെടുക്കേണ്ടത്. മനുഷ്യാവകാശങ്ങള്‍ അലങ്കാരമല്ല. അതാണ് സമാധാനത്തിന്റെ അടിത്തറ': അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ഗാസയിലെ വെടിനിര്‍ത്തലിന് വേണ്ടി ആഴത്തില്‍ പ്രവര്‍ത്തിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും യുഎൻ പൊതുസമ്മേളനത്തിൽ പറഞ്ഞിരുന്നു. 'ഗാസയിലെ യുദ്ധം ഉടന്‍ അവസാനിപ്പിക്കണം. നമ്മള്‍ അത് നിര്‍ത്തണം. നമ്മള്‍ സമാധാന ചര്‍ച്ച നടത്തേണ്ടതുണ്ട്. ബന്ദികളെ തിരികെ കൊണ്ടുവരേണ്ടതുണ്ട്. 38 മൃതദേഹങ്ങളും നമ്മള്‍ക്ക് വേണം. സമാധാനം സ്ഥാപിക്കാനുള്ള ന്യായമായ വാഗ്ദാനങ്ങള്‍ ഹമാസ് ആവര്‍ത്തിച്ച് നിരസിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാശ്ചാത്യ രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചത് ഹമാസിനുള്ള പ്രതിഫലമാണ്': എന്നാണ് ട്രംപ് പറഞ്ഞത്.
Content Highlights: A complete ceasefire is needed in Gaza, humanitarian aid must be delivered: Antonio Guterres