

ട്യൂണിസ്: ഗാസയ്ക്ക് സഹായവുമായി യാത്ര തിരിച്ച പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗും സംഘവും സഞ്ചരിച്ച കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഗ്ലോബൽ സുമുദ് ഫ്ളോട്ടില്ല എന്ന കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. ടുണീഷ്യന്‍ തീരത്തായിരുന്നു സംഭവം. അപ്രതീക്ഷിതമായി കപ്പലില്‍ തീപടരുകയായിരുന്നു. കപ്പലില്‍ ഉണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരാണ്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് സംഘാടകർ പറഞ്ഞു.
കപ്പലിന്റെ പ്രധാന ഡെക്കിലും താഴെയുള്ള സംഭരണശാലയ്ക്കും തീപിടിച്ചതായാണ് വിവരം. കപ്പലില്‍ അപ്രതീക്ഷിതമായി തീപടരുകയായിരുന്നുവെന്നും ഡ്രോണ്‍ ആക്രമണം നടന്നോ എന്നതില്‍ വ്യക്തതയില്ലെന്നും ടുണീഷ്യന്‍ നാഷണല്‍ ഗാര്‍ഡ് അധികൃതര്‍ പറഞ്ഞു. സിഗരറ്റ് കത്തിച്ചപ്പോള്‍ തീ പടര്‍ന്നതാകാമെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിട്ടില്ല.
സെപ്റ്റംബര്‍ ഒന്നിനായിരുന്നു ഗാസയ്ക്ക് സഹായവുമായി ഗ്രേറ്റയും സംഘവും ബാഴ്‌സലോണയില്‍ നിന്ന് യാത്ര ആരംഭിച്ചത്. ഗ്രേറ്റയ്ക്ക് പുറമെ ചരിത്രകാരന്‍ ക്ലിയോനികി അലക്സോപൗലോ, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ യാസ്മിന്‍ അസര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ തിയാഗോ ആവില, അഭിഭാഷക മെലാനി ഷൈസര്‍, ശാസ്ത്രജ്ഞന്‍ കാരന്‍ മൊയ്നിഹാന്‍ തുടങ്ങി പല മേഖലകളില്‍ നിന്നുള്ളവരാണ് ബോട്ടിലുള്ളത്. ഗാസ മുനമ്പിലേയ്ക്ക് ഭക്ഷണം, വെള്ളം, മരുന്ന് അടക്കമുള്ള അവശ്യവസ്തുക്കള്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഘം ടുണീഷ്യയില്‍ എത്തിയത്. സംഘത്തിന് വലിയ സ്വീകരണമായിരുന്നു ടുണീഷ്യയില്‍ നല്‍കിയത്. പലസ്തീന്‍ ജനതയെ ഇസ്രയേല്‍ പട്ടണിക്കിടുകയാണെന്നും അത് അവരുടെ പുതിയ കൊലപാതക ഉപകരണമാണെന്നുമായിരുന്നു ടുണീഷ്യയിലെ സിഡി ബൗ സെയ്ദ് തുറമുഖത്ത് തടിച്ചുകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്ത് ഗ്രേറ്റ പറഞ്ഞത്.
ഇക്കഴിഞ്ഞ ജൂണില്‍ ഗാസ മുനമ്പിലേക്ക് ഗ്രേറ്റയും സംഘവും യാത്ര തിരിച്ചിരുന്നു. ഫ്രീഡം ഫ്ളോട്ടില്ല കൊയിലിഷന്‍ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു യാത്ര. എന്നാല്‍ തീരം തൊടുന്നതിന് മുന്‍പുതന്നെ ഗ്രേറ്റയേയും സംഘത്തെയും ഇസ്രയേല്‍ സൈന്യം തടയുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഗ്രേറ്റ അടക്കമുള്ളവര്‍ ശക്തമായി പ്രതിഷേധിച്ചെങ്കിലും ഇസ്രയേല്‍ സൈന്യം മടക്കി അയയ്ക്കുകയായിരുന്നു. പിടിച്ചെടുത്ത കപ്പല്‍ ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു.
Content Highlights- Global Sumud Flotilla reports drone attack on Gaza-bound ship in Tunisia