കള്ളാടി മണ്ണിടിച്ചില്‍; മൂന്നംഗ സമിതിയെ നിയോഗിച്ചു, മണ്ണ് നീക്കുന്നതിൽ റിപ്പോർട്ട് നൽകും

വിദഗ്ധസമിതി അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കും

കള്ളാടി മണ്ണിടിച്ചില്‍; മൂന്നംഗ സമിതിയെ നിയോഗിച്ചു, മണ്ണ് നീക്കുന്നതിൽ റിപ്പോർട്ട് നൽകും
dot image

തിരുവനന്തപുരം: കള്ളാടിയിൽ മണ്ണിടിഞ്ഞ സ്ഥലത്തെ മണ്ണ് നീക്കുന്നത് പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. മൂന്നംഗ സമിതിയെയാണ് നിയമിച്ചിരിക്കുന്നത്. കാലിക്കറ്റ് എന്‍ഐടി പ്രൊഫസര്‍ ഡോ. സന്തോഷ് ജി. തമ്പി, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. ജൂഡ് ഇമ്മാനുവല്‍, എന്‍സിഇഎസ്എസ് ഡയറക്ടറുടെ പ്രതിനിധി എന്നിവരാണ് സമിതിയിലുള്ളത്. മണ്ണ് നീക്കം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ സാങ്കേതിക സഹായം തേടിയിരുന്നു. വിദഗ്ധസമിതി അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കുകയും മണ്ണ് നീക്കം ചെയ്യുന്നതിന് വേണ്ട പദ്ധതി തയ്യാറാക്കുകയും ചെയ്യും.

കള്ളാടി മണ്ണിടിച്ചില്‍ അപകടത്തില്‍ കരാര്‍ കമ്പനിയെ കുറ്റപ്പെടുത്തി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഖനനം ചെയ്ത മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കമ്പനിക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. മെയ് 26നും ജൂണ്‍ നാലിനുമാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയത്.

നിര്‍മ്മാണ അവശിഷ്ടങ്ങള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകരുതെന്നും ആവശ്യമെങ്കില്‍ തൊഴിലാളികളെയും പൊതുജനങ്ങളെയും ഒഴിപ്പിക്കണം എന്നും നിര്‍ദേശിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കണമെന്ന് അപകടത്തിന് തലേദിവസവും ആവശ്യപ്പെട്ടിരുന്നു. കൊങ്കണ്‍ റെയില്‍വേയോടും കരാര്‍ കമ്പനിയോടുമാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത് എന്നും ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ പരിസ്ഥിതി അനുമതി വ്യവസ്ഥ കമ്പനി പാലിച്ചോയെന്ന് പരിശോധിക്കുന്നുവെന്നുമാണ് സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട്. പരുക്കേറ്റവരുടെ ചികിത്സാ ചെലവും കൂട്ടിരിപ്പുകാരുടെ ചെലവും സര്‍ക്കാര്‍ വഹിക്കണം എന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. പ്രഖ്യാപിച്ച ധനസഹായം സര്‍ക്കാര്‍ എത്രയും വേഗം നല്‍കണം. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം ഉടന്‍ വിട്ടുനല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ ഹൈക്കോടതി നിരീക്ഷിക്കും. സംസ്ഥാനത്തെ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. തുരങ്കപാത പ്രദേശം മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശമെന്നാണ് പാരിസ്ഥിതിക അനുമതി റിപ്പോര്‍ട്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ള പരിസ്ഥിതി ദുര്‍ബല പ്രദേശം വഴിയാണ് തുരങ്കപാത കടന്നുപോകുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മണ്ണിടിച്ചിലിന് കാരണമാകാം. പാരിസ്ഥിതിക ആഘാതത്തില്‍ വ്യക്തതയില്ലെന്നും വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.

Content Highlights: kerala government appoints expert committee to investigate kalladi landslide

dot image
To advertise here,contact us
dot image