

ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ (DGCA) മുന്നറിയിപ്പ് നല്‍കി. കമ്പനിയില്‍ നടത്തിയ ഓഡിറ്റിലാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജറുകളില്‍ വീഴ്ചകളും എയര്‍ക്രാഫ്റ്റ് (Carriage of Dangerous Goods) റൂള്‍സ് 2026ലെ ചില വ്യവസ്ഥകളുടെ ലംഘനവും കണ്ടെത്തിയത്.
2026 ജനുവരിയില്‍ ഒരു വിമാനം ലക്ഷ്യസ്ഥാനത്തെത്തിയതിന് ശേഷം നടത്തിയ പരിശോധനയില്‍ ചരക്ക് നഷ്ടം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ വിശദമായ ഓഡിറ്റിലാണ് നടപടിക്രമ ലംഘനങ്ങള്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിസിഎ മുന്നറിയിപ്പ് കത്ത് നല്‍കി. 2026 ജൂലൈ 8നാണ് കമ്പനിക്ക് ഈ കത്ത് ലഭിച്ചത്.
സെബിയുടെ ലിസ്റ്റിംഗ് ചട്ടങ്ങള്‍ പ്രകാരമുള്ള റെഗുലേഷന്‍ 30 അനുസരിച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നല്‍കിയ വിവരത്തില്‍, കണ്ടെത്തിയ വീഴ്ചകള്‍ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന സമര്‍പ്പിക്കാന്‍ ഡിജിസിഎ നിര്‍ദേശിച്ചതായി ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ അറിയിച്ചു. അതേസമയം, ഈ മുന്നറിയിപ്പിന്റെ ഭാഗമായി കമ്പനിക്കെതിരെ പിഴയോ, പ്രവര്‍ത്തന നിയന്ത്രണമോ, മറ്റ് ശിക്ഷാനടപടികളോ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും, കമ്പനിയുടെ സാമ്പത്തിക സ്ഥിതിയിലോ പ്രവര്‍ത്തനങ്ങളിലോ കാര്യമായ പ്രതികൂല സ്വാധീനം ഉണ്ടായിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
കൂടാതെ, ഡിജിസിഎയുടെ മുന്നറിയിപ്പ് ലഭിച്ച വിവരം സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിക്കുന്നതില്‍ ഉണ്ടായ താമസം മനഃപൂര്‍വമല്ലെന്നും കമ്പനി വിശദീകരിച്ചു. ആശയവിനിമയത്തില്‍ ഉണ്ടായ വൈകല്യമാണ് വിവരം പുറത്തുവിടുന്നത് വൈകാന്‍ കാരണമായതെന്ന് കമ്പനി സെക്രട്ടറി ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ നീരജ ശര്‍മ്മ ഒപ്പുവെച്ച ഫയലിംഗില്‍ വ്യക്തമാക്കി.
Content Highlights: The DGCA has issued a warning to IndiGo's parent, InterGlobe Aviation, after an audit found SOP deviations and violations of dangerous goods handling rules following a cargo spillage incident. No penalty or operational restrictions have been imposed