

തെഹ്റാൻ: അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഭൗതികദേഹം വഹിച്ച വിമാനം സംസ്കാരച്ചടങ്ങുകൾക്കായി അദ്ദേഹത്തിന്റെ ജന്മനാടായ മഷ്ഹദിൽ എത്തി. ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ ആണ് ഇത് റിപ്പോർട്ട് ചെയ്തത്. ഇറാഖിലെ നജഫ്, കർബല എന്നീ വിശുദ്ധ നഗരങ്ങളിൽ നടന്ന അനുശോചന ചടങ്ങുകൾക്ക് ശേഷമാണ് ഖമനയിയുടെ ഭൗതികദേഹം മഷ്ഹദിലേക്ക് കൊണ്ടുവന്നത്. ഇറാഖിലെ വിശുദ്ധ നഗരത്തിൽ നടന്ന ചടങ്ങുകളിൽ ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്. വൻജനത്തിരക്ക് കാരണം ഖമനയിയുടെ സംസ്കാരച്ചടങ്ങ് വൈകിയതായി ഇറാന്റെ സർക്കാർ ടെലിവിഷൻ അറിയിച്ചു. ആദ്യം രാവിലെ നടത്താനിരുന്നചടങ്ങ് ഇപ്പോൾ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.30-ന് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
ഇതിനിടെ ആയത്തുള്ള ഖമനയിയുടെ സംസ്കാര ചടങ്ങ് നടക്കുന്ന മഷ്ഹദിലേയ്ക്കുള്ള ട്രെയിൻ സർവീസ് നിർത്തി വെച്ചിരിക്കുകയാണെന്ന് ഇറാൻ റെയിൽവെ അറിയിച്ചു. അമേരിക്കൻ ആക്രമണത്തിൽ ടെഹ്റാൻ-മഷ്ഹദ് റെയിൽപാതയുടെ ഒരു ഭാഗം തകർന്നതിനാലാണ് യാത്രാ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി ഇറാൻ റെയിൽവേ അറിയിച്ചു. അറ്റകുറ്റപ്പണികൾ അതിവേഗം പുരോഗമിക്കുകയാണെന്നും കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ റോഡ് മാർഗം മഷ്ഹദിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. കുവൈത്തിലെ പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനം, മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന ഖത്തറിലെ ഉപഗ്രഹ ആന്റിന കേന്ദ്രം, ബഹ്റൈനിലെ അമേരിക്കൻ സൈന്യത്തിന്റെ ഇന്ധന സംഭരണശാലകൾ എന്നിവയാണ് ലക്ഷ്യമിട്ടതെന്ന് ഇറാൻ സൈന്യം അറിയിച്ചു. വിവിധ തരത്തിലുള്ള നിരവധി ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. അമേരിക്കൻ പ്രസിഡന്റിന്റെ ലക്ഷ്യങ്ങൾ ഒരിക്കലും സഫലമാകാൻ അനുവദിക്കില്ല. ഇസ്‌ലാമിക വിപ്ലവത്തിന്റെ ആശയങ്ങളെ അന്തിമ വിജയം വരെ സംരക്ഷിക്കും എന്നായിരുന്നു ഇറാൻ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇറാനിലെ അഞ്ച് പ്രവിശ്യകളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇറാനെതിരെ പുതിയ ഘട്ട വ്യോമാക്രമണം പൂർത്തിയാക്കിയതായി അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പൽഗതാഗതത്തെയും സാധാരണ നാവികരെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണ ശേഷി ദുർബലപ്പെടുത്തുകയാണ് നടപടിയുടെ ലക്ഷ്യമെന്നാണ് സെൻറ്റ്‌കോം അറിയിച്ചിരിക്കുന്നത്. ഇറാനിൽ 90 സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതാണ് അമേരിക്കയുടെ അവകാശവാദം. വ്യോമപ്രതിരോധ സംവിധാനങ്ങൾ, തീരനിരീക്ഷണ കേന്ദ്രങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, നാവിക സൈനിക ശേഷി, സൈനിക ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് അമേരിക്കയുടെ അവകാശവാദം.
ബുധാനാഴ്ച അതിശക്തമായ വ്യോമാക്രമണമാണ് ഇറാനിൽ അമേരിക്കനടത്തിയത്. ഹോർമുസ് കടലിടുക്കിനോട് ചേർന്നുള്ള ബുഷെഹർ, ചാബഹാർ, ബന്ദർ അബ്ബാസ്, സിറിക്, ജാസ്‌ക്, അബു മൂസ ദ്വീപ് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ കേട്ടതായാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. തെക്കുകിഴക്കൻ നഗരമായ കോണറാക്കിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻഷഹറിലെ വിമാനത്താവള സമുച്ചയം ലക്ഷ്യമിട്ട ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിന്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലും നിർണായക പങ്ക് വഹിക്കുന്ന പ്രദേശമായ സിറികിൽ അമേരിക്ക കനത്ത ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. പ്രധാന തുറമുഖ നഗരമായ ചാബഹാറിൽ തുറമുഖത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ചില സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ ബോംബാക്രമണം നടന്നതായാണ് റിപ്പോർട്ട്. തെക്കുപടിഞ്ഞാറൻ നഗരമായ ബുഷെഹറിലും നിരവധി വ്യോമാക്രമണങ്ങൾ നടന്നതായാണ് റിപ്പോർട്ട്. ഇറാനിലെ പ്രധാന ആണവ നിലയങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്ന നഗരമാണിത്. എന്നാൽ ആണവ നിലയത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്.
Content Highlights: Ayatollah Ali Khamenei, Ali Khamenei Funeral, Khamenei Funeral Procession, Mashhad, Iran News, Iran US Conflict, US Attack On Iran, Iran Attack, Middle East News, Iran Latest News, Mashhad Funeral, Iran Tensions, Iran Military Strike, Breaking News Iran, Iran Conflict Updates