
വാഷിംഗ്ടൺ: ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇന്ത്യ അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറാവുമെന്നും ക്ഷമാപണം നടത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചേർന്ന് പുതിയ വ്യാപാര കരാർ ഒപ്പുവയ്ക്കുമെന്നും യു എസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക്ക്. അമേരിക്കയുടെ ശക്തമായ സമ്മർദ്ദത്തെ മറികടന്ന് റഷ്യയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് യുഎസിലെ ഉന്നത ഉദ്യോഗസ്ഥനായ ലുട്ട്‌നിക്കിന്റെ പരാമർശം. ഒപ്പം ഇന്ത്യ അമേരിക്കയെ പിന്തുണച്ചില്ലെങ്കിൽ അമ്പത് ശതമാനം കയറ്റുമതി ചുങ്കം നൽകേണ്ടി വരുമെന്ന ഭീഷണിയും ലുട്ട്നിക്കിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ഏറ്റവും വലിയ ഉപഭോക്താവുമായി കൊമ്പുകോർക്കുക എന്നത് ധീരമായ ഒരു നടപടിയാണ്. പക്ഷേ അമേരിക്കയുമായി വ്യാപാരത്തിന് ഒരു കരാർ അവസാനം അത്യാവശ്യമായി വരുമെന്ന് ഇന്ത്യയെ ലക്ഷ്യംവച്ച് ലുട്ട്‌നിക്ക് പറഞ്ഞു.
'ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണം, ബ്രിക്‌സിൽ നിന്ന് പിൻമാറണം. ചൈനയും റഷ്യയുമായി ബന്ധം തുടരാനാണ് ഇന്ത്യയുടെ ഉദ്ദേശമെങ്കിൽ അത് ചെയ്‌തോളു. പക്ഷേ ഏറ്റവും വലിയ ഉപഭോക്താവായ യുഎസിന് ഒപ്പം നിൽക്കണമെങ്കിൽ ഡോളറിനെ പിന്തുണയ്ക്കണം. അല്ലെങ്കിൽ അമ്പത് ശതമാനം നികുതി നൽകേണ്ടി വരും. എത്രനാളിത് നീണ്ടുനിൽക്കുമെന്ന് കാണാമെന്നും ലുട്ട്‌നിക്ക് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താക്കളായ തങ്ങളിലേക്ക് എല്ലാവർക്കും തിരിച്ചുവരേണ്ടി വരുമെന്നും ലുട്ട്‌നിക്ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. റഷ്യൻ എണ്ണയ്ക്ക് ഉപരോധം കൊണ്ടുവന്നതും വില കുറവായതും എണ്ണ വിൽക്കാൻ റഷ്യ ആളുകളെ തേടി നടന്ന സാഹചര്യത്തിലുമാണ് ഇന്ത്യ എണ്ണ വാങ്ങാമെന്ന് തീരുമാനിച്ചത്. വിലകുറച്ച് വാങ്ങി ടൺ കണക്കിന് പണമുണ്ടാക്കാമെന്നാണ് ഇന്ത്യയുടെ ചിന്തയെന്നും ലുട്ട്‌നിക്ക് കുറ്റപ്പെടുത്തി.
ഇന്ത്യയും റഷ്യയും ഏറ്റവും ഇരുണ്ട ചൈനയ്‌ക്കൊപ്പമാണെന്നും മൂന്ന് രാജ്യങ്ങൾക്കും ദീർഘകാലം നീണ്ടുനിൽക്കുന്ന നല്ലൊരു ഭാവിയുണ്ടാകട്ടെയെന്ന് പരിഹസിച്ച് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പരിഹസിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് വാണിജ്യ സെക്രട്ടറിയുടെ പ്രസ്താവന. ന്യൂഡൽഹിയും മോസ്‌കോയും ബീജിങും തമ്മിലുള്ള ബന്ധം ദൃഢമാകുന്നത് ട്രംപ് പരസ്യമായി അംഗീകരിച്ചതിന്റെ തെളിയിക്കുന്നതാണ് ഈ പ്രസ്താവന. ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം മറികടക്കാനുള്ള സാധ്യതയായി ഇന്ത്യയെയാണ് നേരത്തെ വാഷിംഗ്ടൺ പരിഗണിച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ ഇന്ത്യ-അമേരിക്ക ബന്ധത്തിൽ വിള്ളൽ സംഭവിക്കുകയും ചൈനയോടും റഷ്യയോടും ഇന്ത്യ കൂടുതൽ അടുക്കുകയും ചെയ്തുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: India will say sorry within two months says US Commerce Secretary