'സഞ്ജുവിന് ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ കഴിയും, ഏഷ്യാ കപ്പിൽ അവസരം നൽകണം': സുനിൽ ​ഗവാസ്കർ

തന്റെ അഭിപ്രായത്തിൽ, സഞ്ജുവിനായിരിക്കും ടീമിൽ മുൻഗണന ലഭിക്കുകയെന്ന് ഗവാസ്കർ

'സഞ്ജുവിന് ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ കഴിയും, ഏഷ്യാ കപ്പിൽ അവസരം നൽകണം': സുനിൽ ​ഗവാസ്കർ
dot image

അടുത്തയാഴ്ച ആരംഭിക്കുന്ന ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കണമെന്ന് മുൻ താരവും കമന്റേറ്ററുമായ സുനിൽ ​ഗവാസ്കർ. സഞ്ജുവിനെയും ജിതേഷ് ശർമയെയും പോലുള്ള രണ്ട് കഴിവുള്ള താരങ്ങൾ ടീമിലുള്ളപ്പോൾ ഒരാളെ തിരഞ്ഞെടുക്കുക പ്രയാസകരമായിരിക്കും. എങ്കിലും തന്റെ പരി​ഗണന സഞ്ജുവിനാണെന്ന് ​ഗവാസ്കർ സോണി സ്പോർട്സിനോട് പ്രതികരിച്ചു.

'ഏത് സെലക്ഷൻ കമ്മിറ്റിക്കും ഉണ്ടാകാവുന്ന വലിയൊരു തലവേദനയാണിത്. കാരണം നിങ്ങൾക്ക് രണ്ട് മികച്ച ബാറ്റർമാരുണ്ട്. എന്നാൽ സഞ്ജു സാംസണെപ്പോലെയുള്ള ഒരാൾക്ക് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനും ആവശ്യമെങ്കിൽ ആറാം നമ്പറിൽ ഫിനിഷറായി കളിക്കാനും സാധിക്കും. ജിതേഷ് അടുത്തിടെ അവസാനിച്ച ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എന്നാൽ എന്റെ അഭിപ്രായത്തിൽ, സഞ്ജുവിനായിരിക്കും ടീമിൽ മുൻഗണന ലഭിക്കുക. '​ഗവാസ്കർ പ്രതികരിച്ചു.

ഈ മാസം ഒമ്പതാം തിയതിയാണ് ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമാകുക. 10-ാം തിയതി യുഎഇയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. കഴിഞ്ഞ വർഷം അഭിഷേക് ശർമയ്ക്കൊപ്പം സഞ്ജു സാംസൺ ഇന്ത്യൻ ട്വന്റി 20 ടീമിന്റെ ഓപണറായിരുന്നു. എന്നാൽ ഏഷ്യാ കപ്പിനുള്ള ടീമിൽ ശുഭ്മൻ ​ഗിൽ ഇടംപിടിച്ചതോടെയാണ് ഓപണിങ്ങിൽ ആര് കളിക്കുമെന്നതിൽ ചർച്ചയുണ്ടായത്. അഭിഷേക് ശർമയ്ക്കൊപ്പം ​ഗിൽ അല്ലെങ്കിൽ സഞ്ജു സാംസൺ ഓപൺ ചെയ്യുമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യസിലക്ടർ അജിത്ത് അ​ഗാർക്കർ പ്രതികരിച്ചത്.

ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ​ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുംമ്ര, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ, റിങ്കു സിങ്.

റിസർവ് താരങ്ങൾ: പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടൺ സുന്ദർ, റിയാൻ പരാ​ഗ്, ധ്രുവ് ജുറേൽ, യശസ്വി ജയ്സ്വാൾ.

Content Highlights: Sunil Gavaskar Reveals Ideal Batting Spot For Sanju Samson In Asia Cup

dot image
To advertise here,contact us
dot image