
ഭാര്യയും ഫോറൻസിക് സർജനുമായിരുന്ന രമയെക്കുറിച്ച് ഓർത്ത് നടൻ ജഗദീഷ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട തന്‍റെ കൂടെ ഉണ്ടാവണം എന്ന് ആഗ്രഹിച്ചയാള്‍ ഇന്ന് തന്‍റെ ഒപ്പം ഇല്ലെന്നും എന്നാൽ പത്നിയെ ഓർത്ത് എന്നും അഭിമാനമുണ്ടെന്നും ജഗദീഷ് പറഞ്ഞു. തന്റെ കരിയറിനേക്കാൾ ഒരു സോഷ്യൽ ആക്ടിവിറ്റി ഏറ്റെടുത്ത് ജീവിതവിജയം കൈവരിച്ച ഒരു സ്ത്രീരത്നത്തിന്റെ ഭർത്താവ് എന്നറിയപ്പെടുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.
'എല്ലാ കാലത്തും സന്തോഷിച്ച് മതിമറന്ന് നടന്നയാൾ അല്ല ഞാൻ. എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്‍റെ കൂടെ ഉണ്ടാവണം എന്ന് ആഗ്രഹിച്ചയാള്‍ ഇന്ന് എന്‍റെ ഒപ്പം ഇല്ല. എന്നാൽ അത് എനിക്കൊരു പ്രചോദനം ആയി ഞാൻ എടുക്കുകയാണ്. എന്റെ പത്നി എനിക്ക് ഇന്നൊരു പ്രചോദനമാണ്. ഇന്ന് എന്റെ പത്നി എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്റെ ഇന്നത്തെ നില കണ്ടു എന്തുമാത്രം സന്തോഷിക്കും എന്നോർത്ത് ഞാൻ സംതൃപ്തി കണ്ടെത്താൻ ശ്രമിക്കുന്നു. അവളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന ഓരോ നല്ല വാക്കുകൾ കണ്ടും ഞാൻ സന്തോഷിക്കാറുണ്ട്. ഇരുപത്തിനായിരത്തിലും മേലെ പോസ്റ്റ് മോർട്ടം അവർ നടത്തിയിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിലൂടെ ഒരു സോഷ്യൽ ആക്ടിവിറ്റി ഏറ്റെടുത്ത് ജീവിതവിജയം കൈവരിച്ച ഒരു സ്ത്രീരത്നത്തിന്റെ ഭർത്താവ് എന്നറിയപ്പെടുന്നതിൽ എന്റെ കരിയറിനേക്കാളും സന്തോഷിക്കുന്ന ആളാണ് ഞാൻ', ജഗദീഷിന്റെ വാക്കുകൾ.
തന്റെ സിനിമാജീവിതത്തിനെക്കുറിച്ചും നടൻ മനസുതുറന്നു. 'ഞാൻ ഈ നിലയിൽ എത്തിയത് ഗ്രാജുവൽ ആയൊരു ഗ്രാഫിലൂടെ ആണ്. ചെറിയ വേഷങ്ങളിൽ തുടങ്ങി കൊമേഡിയൻ ആയി, നായകനായി പിന്നെ സ്വഭാവനാടൻ ആയി. പിന്നീട് അതിനനുസരിച്ച് നമുക്ക് വേഷങ്ങൾ ലഭിക്കാതെ ആയപ്പോൾ ഞാൻ ടിവിയിലേക്ക് പോയി, കുറെ വർഷം ജഡ്ജ് ആയി അവിടെ ശ്രദ്ധ കൊടുത്തു. പിന്നീട് റോഷാക്, ലീല തുടങ്ങിയ സിനിമകളിലൂടെ എനിക്ക് വേറെ ഒരു രൂപം കിട്ടി, ഒപ്പം കുറെ അവാർഡുകളും. ആ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല', ജഗദീഷ് പറഞ്ഞു.
Content Highlights: Jagdish emotional words about his wife