
തൃശ്ശൂര്‍: കേരള ആയുഷ് കായകല്‍പ് അവാര്‍ഡ് ഏറ്റുവാങ്ങി കോലഴി അത്തേക്കാട് ഹോമിയോ ഡിസ്പെന്‍സറി. ഇന്നലെ തിരുവനന്തപുരത്ത് നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജില്‍ നിന്നും അവാര്‍ഡും കമന്‍ഡേഷന്‍ പ്രൈസ് 30,000 രൂപയും കോലഴി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലക്ഷ്മി വിശ്വംഭരന്‍, വികസനകാര്യ ചെയര്‍ പേഴ്‌സണ്‍ നിജ ജയകുമാര്‍, ക്ഷേമകാര്യ ചെയര്‍ പേഴ്‌സണ്‍ സുനിത വിജയഭാരത്, പഞ്ചായത്ത് മെമ്പര്‍ നിഷ സജീവന്‍, ഡോ. ജ്യോത്സ്‌ന സദാനന്ദന്‍, ഡോ. അനിത ഭട്ട് ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്.
സര്‍ക്കാര്‍ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച അവാര്‍ഡാണ് കേരള ആയുഷ് കായകല്‍പ്പ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആയുഷ് മേഖലയുടെ പുരോഗതിയ്ക്കായി ഈ സര്‍ക്കാര്‍ വലിയ ഇടപെടലുകളാണ് നടത്തുന്നത്. അതിന്റെ ഫലമായി ഈ സര്‍ക്കാരിന്റെ കാലത്ത് 250 ആയുഷ് സ്ഥാപനങ്ങള്‍ക്കാണ് എന്‍എബിഎച്ച് അംഗീകാരം ലഭിച്ചത്.
ഐഎസ്എം, ഹോമിയോപ്പതി വകുപ്പുകളില്‍ ജില്ലാ ആശുപത്രി, സബ് ജില്ലാ ആശുപത്രി, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ്. ജില്ലാ ആശുപത്രി വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 5 ലക്ഷം രൂപയുമാണ് അവാര്‍ഡ്. 1.5 ലക്ഷം രൂപ വീതമാണ് കമന്‍ഡേഷന്‍ അവാര്‍ഡ്. സബ് ജില്ലാ ആശുപത്രി തലത്തില്‍ ഒന്നാം സ്ഥാനം 5 ലക്ഷം രൂപയും രണ്ടാം സ്ഥാനം 3 ലക്ഷം രൂപയുമാണ്. 1 ലക്ഷം രൂപ വീതമാണ് കമന്‍ഡേഷന്‍ അവാര്‍ഡ്. ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് ജില്ലാതലത്തില്‍ ഒന്നാം സമ്മാനം 1 ലക്ഷം രൂപയും കമന്‍ഡേഷനായി 30000 രൂപ വീതവും നല്‍കുന്നു.
കേരളത്തിലെ എല്ലാ ആയുര്‍വേദ, ഹോമിയോപ്പതി ജില്ലാ ആശുപത്രികള്‍, സബ് ജില്ലാ/താലൂക്ക് ആയുഷ് ആശുപത്രികള്‍, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ (എ.എച്ച്.ഡബ്ല്യൂ.സി.) എന്നിവയില്‍ നിന്ന് പല ഘട്ടങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട മികച്ച ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് ആയുഷ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രി പരിപാലനം, ശുചിത്വം, അണുബാധാ നിയന്ത്രണം, മാലിന്യ നിര്‍മ്മാര്‍ജനം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശീലനം ലഭിച്ച അസ്സസര്‍മാര്‍ നടത്തിയ മൂല്യ നിര്‍ണയം ജില്ലാ/ സംസ്ഥാന കായകല്‍പ്പ് കമ്മിറ്റികള്‍ വിലയിരുത്തുകയും സമാഹരിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് കായകല്‍പ്പ് അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ഏറ്റവും മികച്ച സ്ഥാപനങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.
Content Highlights: Kolazhi Athekkad Homeo Dispensary receives Kerala AYUSH Kayakalp Award