
ലോസ് ആഞ്ചല്‍സ്: ലോസ് ആഞ്ചല്‍സ് നഗരത്തില്‍ ഗഡ്ക അഭ്യാസം നടത്തിയ സിഖുകാരനെ പൊലീസ് വെടിവച്ചുകൊന്നു. നഗരത്തിലെ ക്രിപ്‌റ്റോ.കോം അരീനയ്ക്ക് സമീപം ആയുധവുമായി എത്തിയ ഇയാള്‍ ആശങ്ക സൃഷ്ടിക്കുകയായിരുന്നു. ആയുധവുമായി യുവാവ് റോഡിലൂടെ തലങ്ങും വിലങ്ങും ഓടി, പൊലീസിന്റെ നിര്‍ദേശം അനുസരിക്കാതെ വന്നപ്പോളാണ് വെടിവച്ചു വീഴ്ത്തിയത്.
സംഭവത്തെ തുടര്‍ന്ന് ലോസ് ആഞ്ചല്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ 36കാരനായ ഗുര്‍പ്രീത് സിങ് ആയുധവുമായി ഓടുന്നതും വാഹനങ്ങള്‍ക്ക് പിന്നാലെ പായുന്നതുമെല്ലാം കാണാം. ഇന്ത്യന്‍ ആയോധന കലകളില്‍ ഉപയോഗിക്കുന്ന ഇരുതല മൂര്‍ച്ഛയുള്ള വാളായ ഖാണ്ഡ ഉപയോഗിച്ചാണ് ഇയാള്‍ പരാക്രമം നടത്തിയത് എന്ന് പിന്നീട് തിരിച്ചറിഞ്ഞു.
വാഹനം ഒരു വശത്ത് നിര്‍ത്തിയിട്ട ശേഷമാണ് ഇയാള്‍ റോഡിലേക്കിറങ്ങി പരാക്രമം നടത്തിയത്. ജൂലൈ 13ന് നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആയുധം താഴെയിടാന്‍ ഗുര്‍പ്രീതിനോട് പൊലീസ് പലതവണ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ അനുസരിക്കാന്‍ തയ്യാറായില്ല. പൊലീസ് അടുക്കാന്‍ ശ്രമിച്ചപ്പോഴേക്കും ഇയാള്‍ അവര്‍ക്ക് നേരെ ഒരു കുപ്പിയെറിഞ്ഞ ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ നോക്കിയപ്പോള്‍ പൊലീസ് പിന്തുടര്‍ന്നു. ഗുര്‍പ്രീത് അലക്ഷ്യമായി വാഹനമോടിക്കുകയും മറ്റൊരു പൊലീസ് വാഹനത്തില്‍ ഇടിക്കുകയും ചെയ്തു. തുടര്‍ന്ന് വാഹനം നിര്‍ത്തിയ സിങ് ആയുധവുമായി പൊലീസിന് നേരം പാഞ്ഞടുത്തു. ഈ സമയത്ത് പൊലീസ് ഗുര്‍പ്രീതിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു, അപ്പോഴാണ് വെടിയേറ്റത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlight; Sikh man shot dead by police in Los Angeles