
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ ബേൺലിയെ വീഴ്ത്തിയാണ് ചുവന്ന ചെകുത്താന്മാർ വിജയമധുരം നുണഞ്ഞത്. യുണൈറ്റഡിന്റെ ഗംഭീര തിരിച്ചുവരവ് കണ്ട ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബേൺലിയെ മുട്ടുകുത്തിച്ചത്. സീസണിലെ ആദ്യ മത്സരം പരാജയപ്പെടുകയും രണ്ടാം മത്സരം സമനിലയിലാവുകയും ചെയ്ത മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം മത്സരത്തിൽ വിജയവഴി കണ്ടെത്തിയിരിക്കുകയാണ്.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ യുണൈറ്റഡ് തന്നെയാണ് ആദ്യം ലീഡെടുത്തത്. 23ാം മിനിറ്റിൽ ജോഷ് കുല്ലന്റെ ഓൺ ഗോളിലൂടെയാണ് യുണൈറ്റഡ് മുന്നിലെത്തിയത്. ഒടുവിൽ ആദ്യ പകുതി റെഡ് ഡെവിൾസ് ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ടുനിന്നു.
Our skipper earns us three points at the death! ❤️🔥
— Manchester United (@ManUtd) August 30, 2025
രണ്ടാം പകുതി കൂടുതൽ ആവേശകരമായി മാറി. മത്സരത്തിന്റെ 55-ാം മിനിറ്റിൽ ലൈൽ ഫോസ്‌റ്ററിലൂടെ ബേൺലിയുടെ മറുപടിയെത്തി. എന്നാൽ രണ്ട് മിനിറ്റുകൾക്ക് ശേഷം ബ്രയാൻ എംബ്യൂമോ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് തിരിച്ചുനൽകി.
എന്നാൽ 66-ാം മിനിറ്റിൽ ജെയ്ഡൺ ആന്റണിയുടെ ഗോളിലൂടെ ബേൺലി സമനില ഗോൾ നേടി. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച നിമിഷം ഇഞ്ചുറി ടൈമിൽ യുണൈറ്റഡിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. പെനാൽറ്റി കിക്ക് കൃത്യമായി ലക്ഷ്യത്തിലെത്തിച്ച ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവേശകരമായ വിജയം സമ്മാനിക്കുകയായിരുന്നു.
നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. മൂന്ന് മത്സരങ്ങളിൽ നിന്നും ഓരോ വീതം ജയവും സമനിലയും തോൽവിയുമായി നാല് പോയിന്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സമ്പാദ്യം. സെപ്റ്റംബർ 14ന് മാഞ്ചസ്റ്റർ സിറ്റിക്കെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം. മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlights: Bruno Fernandes Rescues Manchester United in Dramatic 3-2 Win Over Burnley