ട്രംപിന് ക്രോണിക് വെനസ് ഇൻസഫിഷ്യൻസി രോഗം; ഊഹാപോഹങ്ങളിൽ വ്യക്തത വരുത്തി വൈറ്റ് ഹൗസ്

പ്രായമായവരിൽ, പ്രത്യേകിച്ച് 70 വയസ്സിനു മുകളിലുള്ളവരിൽ ഈ അവസ്ഥ ഒരു സാധാരണ പ്രശ്നമാണെന്നും പ്രസ് സെക്രട്ടറി പറഞ്ഞു

dot image

വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങളിൽ വ്യക്തത വരുത്തി വൈറ്റ് ഹൗസ്. പരിശോധനയിൽ ട്രംപിന് ക്രോണിക് വെനസ് ഇൻസഫിഷ്യൻസി (സിവിഐ) ഉണ്ടെന്ന് കണ്ടെത്തിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യാഴാഴ്ച പറഞ്ഞു. പ്രായമായവരിൽ, പ്രത്യേകിച്ച് 70 വയസ്സിനു മുകളിലുള്ളവരിൽ ഈ അവസ്ഥ ഒരു സാധാരണ പ്രശ്നമാണെന്നും പ്രസ് സെക്രട്ടറി പറഞ്ഞു. ട്രംപിന്റെ കണങ്കാലിൽ വീക്കവും കൈയിൽ ചതവും കണ്ടെത്തിയതായി നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

വൈറ്റ് ഹൗസ് മെഡിക്കൽ യൂണിറ്റിന്റെ വിലയിരുത്തലിനെത്തുടർന്ന് നടത്തിയ അൾട്രാസൗണ്ട് പരിശോധനയിലാണ് ട്രംപിന് അസുഖം കണ്ടെത്തിയത്. മറ്റ് ഗുരുതരമായ അസുഖങ്ങളുടെ സൂചനകളൊന്നും അദ്ദേഹത്തിന് ഇല്ലെന്നും ലീവിറ്റ് വ്യക്തമാക്കി. സിവിഐ രോഗത്താൽ ട്രംപിന് ഒരു അസ്വസ്ഥതയും ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു. കാലിലെ നീർവീക്കത്തിന് പുറമേ, ട്രംപിന്റെ കൈയുടെ പിൻഭാഗത്ത് ചതവ് ഉണ്ടായിരുന്നതായും ലീവിറ്റ് പറഞ്ഞു.

സിരകൾ ശരിയായി പ്രവർത്തിക്കാതിരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് സിവിഐ. ഈ രോഗമുള്ളവർക്ക് കാലുകളിൽ വേദനയോ തരിപ്പോ ഉണ്ടാകാം. ദീർഘനേരം നിന്നാൽ ക്ഷീണം അനുഭവപ്പെടാം. പ്രത്യേകിച്ച് കണങ്കാലിന് ചുറ്റും വീക്കം ഉണ്ടാവാനും സാധ്യതയുണ്ട്.

ഒരു പത്രസമ്മേളനത്തിനിടെയുള്ള ഡോണൾഡ് ട്രംപിന്റെ കൈയിലെ 'ചതഞ്ഞ' പാടിന്റെ ചിത്രം പുറത്തുവന്നതോടെയാണ് ഊഹാപോഹങ്ങൾ ഉയർന്നുതുടങ്ങിയത്. കൈയുടെ പിൻഭാഗത്തുള്ള പാട് മറയ്ക്കാൻ കനത്ത മേക്കപ്പ് ഉപയോഗിക്കുന്നുവെന്നതടക്കം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Content Highlights: Trump diagnosed with vein condition after photos of swollen ankles spark concern

dot image
To advertise here,contact us
dot image