
ബെയ്ജിംഗ്: അധിക വ്യാപാര തീരുവയുമായി മുന്നോട്ട് പോകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരിക്കെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ് ചൈന. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ഇരുപതിലധികം ലോക നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ ചൈനയിലെ വടക്കൻ തുറമുഖ നഗരമായ ടിയാൻജിനിലാണ് എസ്‌സിഒ ഉച്ചകോടി നടക്കുക. പുടിനും നരേന്ദ്ര മോദിയും അടക്കമുള്ള ലോകനേതാക്കളുമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉച്ചകോടിക്കിടെ നടത്തുന്ന കൂടിക്കാഴ്ചകളെ ലോകം വലിയ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പുറമേ മധ്യേഷ്യ, മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളും ഉച്ചകോടിയിൽ സംബന്ധിക്കും. ട്രംപ് വ്യാപാര തീരുവയുടെ പേരിൽ സമ്മർദ്ദം ശക്തമാക്കുമ്പോൾ കിഴക്കുള്ള രാജ്യങ്ങളുടെ ആഗോള ഐക്യദാർഢ്യം എന്ന നിലയിലാണ് ഇത്തവണത്തെ ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടി വിലയിരുത്തപ്പെടുന്നത്. ഇന്ത്യയും ചൈനയും റഷ്യയും തമ്മിലുള്ള ത്രികക്ഷി സഹകരണത്തിലും ടിയാൻജിനിൽ നടക്കുന്ന കൂടിക്കാഴ്ചകൾ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ.
2020-ൽ ഇന്ത്യയും ചൈനയും തമ്മിൽ നടന്ന അതിർത്തി സംഘർഷങ്ങളെ തുടർന്ന് ഇരുരാജ്യങ്ങൾക്കും ഇടയിലെ ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഇതിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തുന്നത്. ഇരുരാജ്യങ്ങൾക്കും ഇടയിൽ മഞ്ഞുരുകുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഘട്ടത്തിലാണ് മോദിയുടെ ചൈനാ സന്ദർശനം. നേരത്തെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ നരേന്ദ്രമോദി ചൈനീസ്-റഷ്യൻ പ്രസിഡൻ്റുമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചൈനയുമായും ഇന്ത്യയുമായും ത്രികക്ഷി ചർച്ചകൾ ഉടൻ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ന്യൂഡൽഹിയിലെ റഷ്യൻ എംബസി ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
ഇതിനിടെ അമേരിക്കൻ നേതൃത്വത്തിലുള്ള ഒരു ലോകക്രമത്തെ മാറ്റിമറിക്കുക എന്ന ലക്ഷ്യവും എസ്‌സിഒ ഉച്ചകോടിയിലൂടെ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് ലക്ഷ്യമിടുന്നതായി വിലയിരുത്തലുണ്ട്. അധിക തീരുവ അടക്കം ചുമത്തി ട്രംപ് എതിർചേരിയിൽ നിർത്തിയിരിക്കുന്ന ചൈന, ഇറാൻ, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങൾക്കിടയിൽ കൂടുതൽ തുറന്ന ചർച്ചകളും ധാരണകളും എസ്‌സിഒ ഉച്ചകോടിയോടെ രൂപപ്പെട്ടേക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
2001-ൽ എസ്‌സിഒ സ്ഥാപിതമായതിനുശേഷം നടക്കുന്ന ഏറ്റവും വലിയ ഉച്ചകോടിയായിരിക്കും ഈ വർഷം നടക്കുകയെന്ന് നേരത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. പുതിയ നിലയിലുള്ള അന്താരാഷ്ട്ര ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന ശക്തി എന്നും എസ്‌സിഒ ബ്ലോക്കിനെ ചൈനീസ് ഉദ്യോഗസ്ഥൻ വിശേഷിപ്പിച്ചിരുന്നു.
ഉച്ചകോടിക്ക് പിന്നാലെ നരേന്ദ്ര മോദി ചൈനയിൽ നിന്നും മടങ്ങുമെന്നാണ് റിപ്പോർട്ട്. എന്നാൽ പതിവിന് വിരുദ്ധമായി റഷ്യൻ പ്രസിഡൻ്റിൻ്റെ ചൈനീസ് സന്ദർശനം ഇത്തവണ ദൈർഘ്യമേറിയതാണ്. റഷ്യയ്ക്ക് പുറത്ത് പുടിൻ അധികം ദിവസം തങ്ങുന്നത് അസാധാരണമാണ്. ഈ ആഴ്ച അവസാനം ബീജിംഗിൽ നടക്കുന്ന രണ്ടാം ലോകമഹായുദ്ധ സൈനിക പരേഡിൽ പങ്കെടുത്തതിന് ശേഷമാണ് പുടിൻ മടങ്ങുക.
Content Highlights: The SCO summit in Tianjin will feature Narendra Modi's first visit to China in more than seven years