ഇന്ത്യയ്ക്കുമേലുള്ള അമേരിക്കയുടെ 50 ശതമാനം തീരുവ ഉപേക്ഷിച്ചേക്കും?പുടിനെ കണ്ടതിനു പിന്നാലെ മയപ്പെട്ട് ട്രംപ്

ഇന്ത്യയ്ക്ക് മേലുള്ള അധിക തീരുവ ഉപേക്ഷിച്ചേക്കുമെന്ന സൂചന നൽകി ട്രംപിന്റെ പ്രതികരണം

dot image

വാഷിംഗ്ടൺ: ഇന്ത്യയ്ക്കുമേലുള്ള അമേരിക്കയുടെ 50 ശതമാനം തീരുവ ഉപേക്ഷിച്ചേക്കുമെന്ന സൂചന നൽകി ഡോണൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഇന്ത്യയ്ക്ക് മേലുള്ള അധിക തീരുവ ഉപേക്ഷിച്ചേക്കുമെന്ന സൂചന നൽകിയുള്ള ട്രംപിന്റെ പ്രതികരണം.

റഷ്യയിൽനിന്നും എണ്ണ വാങ്ങുന്നുവെന്നതിന്റെ പേരിലാണ് ഇന്ത്യയ്ക്ക്‌മേൽ ട്രംപ് 50 ശതമാനം തീരുവ ചുമത്തിയത്. ആദ്യം 25 ശതമാനം തീരുവയും പിന്നീട് 25 ശതമാനം അധിക തീരുവയും ചുമത്തുകയായിരുന്നു. എന്നാൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ ഉടനടി പ്രതികാര നടപടി വേണ്ടെന്ന് നിലപാടിലാണ് ട്രംപ്. എന്നാൽ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ഇത് വീണ്ടും പരിഗണിക്കേണ്ടി വന്നേക്കാം. ഇപ്പോൾ അതിനെകുറിച്ച് ചിന്തിക്കുന്നില്ലെന്നും ഫോക്‌സ് ന്യൂസിനോട് ട്രംപിന്റെ പ്രതികരിച്ചു.

അതേസമയം ഇന്ത്യക്കുമേൽ താരിഫ് ചുമത്തിയതുകൊണ്ട് പുടിനെ തടയാൻ കഴിയില്ലെന്നും യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തെ അഭിസംബോധന ചെയ്യാൻ ട്രംപിന് ശരിക്കും ആഗ്രഹമുണ്ടെങ്കിൽ പുടിനെ ശിക്ഷിക്കുകയും യുക്രൈന് സൈനിക സഹായം നൽകുകയുമാണ് വേണ്ടതെന്ന് യുഎസ് ഡെമോക്രാറ്റിക് പാനൽ പ്രതികരിച്ചു.

ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കൾ. എന്നാൽ ഇന്ത്യക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചപ്പോൾ ചൈനയോട് യുഎസ് അത്തരം നടപടി സ്വീകരിച്ചിരുന്നില്ല. വിഷയത്തിൽ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്ത് വന്നിരുന്നു. സ്വന്തം കഴിവിലും വിഭവങ്ങളിലും വിശ്വസിക്കാം. ഡോളറിനേയും പൗണ്ടിനേയും മാത്രം ആശ്രയിക്കേണ്ടതില്ലെന്നാണ് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പറഞ്ഞത്. യുഎസിന്‍റെ നടപടിക്ക് മറുപടി നല്‍കണമെന്ന ആവശ്യവും ബിജെപിയില്‍ ശക്തമായിരുന്നു.

യുക്രൈൻ- റഷ്യ വെടിനിർത്തലിൽ നിർണായക തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന അലാസ്‌ക കൂടിക്കാഴ്ച യാതൊരു ധാരണയിലുമെത്താതെയാണ് പിരിഞ്ഞത്. മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ വെടിനിർത്തലിനായുള്ള അന്തിമ കരാറിലെത്തിയില്ലെങ്കിലും പല കാര്യങ്ങളിലും ധാരണയായി എന്ന് ട്രംപ് അറിയിച്ചിരുന്നു. തുടർചർച്ചയ്ക്കായി ട്രംപിനെ റഷ്യയിലേക്ക് പുടിൻ ക്ഷണിക്കുകയും ചെയ്തു. ആറ് വർഷത്തിന് ശേഷമാണ് പുടിനും ട്രംപും നേരിട്ട് കാണുന്നത് എന്ന പ്രത്യേകതയും ഈ ചർച്ചയ്ക്കുണ്ട്.

Content Highlights: Donald Trump hints at possible lifting of US tariffs on India

dot image
To advertise here,contact us
dot image