ഗാസയെ മോചിപ്പിക്കുകയാണ് ലക്ഷ്യം; ഹമാസിന്റെ പരാജയം ഉറപ്പാക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്ന് നെതന്യാഹു

ഗാസയുടെ പല പ്രശ്‌നങ്ങൾക്കും കാരണം ഹമാസാണെന്ന് നെതന്യാഹു കുറ്റപ്പെടുത്തി

dot image

ജറുസലേം: ജോലി പൂർത്തിയാക്കുകയും ഹമാസിന്റെ പരാജയം ഉറപ്പാക്കുകയും അല്ലാതെ ഇസ്രായേലിന് മറ്റ് മാർഗമില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ജറുസലേമിൽ വിദേശ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു നെതന്യാഹുവിൻ്റെ പ്രതികരണം. ഗാസ പിടിച്ചെടുക്കുകയല്ല ലക്ഷ്യമെന്നും ഗാസയെ മോചിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും നെതന്യാഹു വ്യക്തമാക്കി. ​ഗാസ സിറ്റി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഇസ്രയേലിലും പുറത്തും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ഇതിനെ 'നുണകളുടെ ആഗോള പ്രചാരണം' എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഗാസയിലെ അടുത്ത ഘട്ടങ്ങൾക്കായി 'വളരെ ചെറിയ സമയക്രമം' മനസ്സിൽ ഉണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.

ഗാസയെ സൈനിക രഹിതമാക്കുക, ഇസ്രായേൽ സൈന്യത്തിൻ്റെ സുരക്ഷാ നിയന്ത്രണം ഒഴിവാക്കി ഇസ്രായേലി ഇതര സിവിലിയൻ ഭരണകൂടം ചുമതലയേൽക്കുക എന്നതാണ് ​ഗാസയിലെ ലക്ഷ്യമെന്നും നെതന്യാഹു വ്യക്തമാക്കി. സമീപ ദിവസങ്ങളിൽ കൂടുതൽ വിദേശ പത്രപ്രവർത്തകരെ ​ഗാസയിലേയ്ക്ക് കൊണ്ടുവരാൻ ഇസ്രായേലി സൈന്യത്തോട് നിർദ്ദേശിച്ചതായും നെതന്യാഹു പറഞ്ഞു. സൈനിക നിയന്ത്രണങ്ങളില്ലാതെ അവരെ ഗാസയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നത് ശ്രദ്ധേയമായ ഒരു സംഭവമായിരിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സാധാരണ പൗരന്മാരുടെ മരണങ്ങൾ, നാശം, സഹായക്ഷാമം എന്നിവയുൾപ്പെടെ ഗാസയുടെ പല പ്രശ്‌നങ്ങൾക്കും കാരണം ഹമാസാണെന്നും നെതന്യാഹു കുറ്റപ്പെടുത്തി.

ഇതിനിടെ ഗാസ സിറ്റി ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ ഇസ്രയേലിൽ പ്രതിഷേധം കനക്കുന്നു. നെതന്യാഹുവിന്റെ ഈ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഇസ്രയേലി ബന്ദികളുടെയും ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും കുടുംബാംഗങ്ങൾ രൂപീകരിച്ച സംഘടനയായ ഒക്ടോബർ കൗൺസിൽ രംഗത്തെത്തിയിട്ടുണ്ട്. അടുത്ത ഞായറാഴ്ച ഇസ്രയേലിലാകെ പണിമുടക്കിന് ഒക്ടോബർ കൗൺസിൽ ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഇസ്രയേലിന്റെ ഈ നീക്കം ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്നും എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്നുമാണ് കൗൺസിലിന്റെ ആവശ്യം. പണിമുടക്കിന് ഇസ്രയേലിലെ പ്രതിപക്ഷത്തിന്റെയും പിന്തുണയുണ്ട്.

ഗാസ സിറ്റി ഏറ്റെടുക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീരുമാനത്തിന് ഓഗസ്റ്റ് എട്ടിനാണ് ഇസ്രയേലിന്റെ സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയത്. ഗാസയ്ക്ക് മേല്‍ ഇസ്രയേല്‍ സൈനിക നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് യോഗത്തിന് മുമ്പ് നെതന്യാഹു വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് അഞ്ച് പദ്ധതികള്‍ക്കും ഇസ്രയേലിന്റെ സുരക്ഷാ ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗാസാ മുനമ്പിലെ സുരക്ഷാ അധികാരം ഉള്‍പ്പെടെയുള്ള അഞ്ച് പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

Content Highlights: Benjamin Netanyahu defends his planned military offensive in Gaza

dot image
To advertise here,contact us
dot image