

വാഷിങ്ടൺ: യുഎസ് തീരുവ വർധനവ് കോടതികൾ റദ്ദാക്കിയാൽ സാമ്പത്തിക മാന്ദ്യമുൾപ്പെടെയുള്ള വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇറക്കുമതി തീരുവ വർധനവ് ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടമുണ്ടാക്കി. ഇത് സർക്കാർ വരുമാനത്തിൽ വൻ വർദ്ധനവുണ്ടാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു.
'ഓഹരി വിപണിയിൽ തീരുവ വർധനവ് നല്ല സ്വാധീനം ചെലുത്തുന്നുണ്ട്. മിക്കവാറും എല്ലാ ദിവസവും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കപ്പെടുന്നു. കൂടാതെ നമ്മുടെ രാജ്യത്തിന്റെ ഖജനാവിലേക്ക് നൂറുകണക്കിന് ബില്യൺ ഡോളറുകൾ ഒഴുകിയെത്തുകയാണ്. കോടതി നമുക്കെതിരെ വിധി പ്രസ്താവിച്ചാൽ, ഈ ഭീമമായ തുകകൾ വീണ്ടെടുക്കുകയോ തിരിച്ചടയ്ക്കുകയോ ചെയ്യുന്നത് അസാധ്യമായിരിക്കും. 1929 പോലെ വീണ്ടും ഒരു വലിയ സാമ്പത്തിക മാന്ദ്യമായിരിക്കും ഉണ്ടാവുക. ഇത്തരമൊരു ജുഡീഷ്യൽ ദുരന്തത്തിൽ നിന്ന് അമേരിക്കയ്ക്ക് കരകയറാൻ ഒരു വഴിയുമില്ല. പക്ഷേ നമ്മുടെ കോടതി വ്യവസ്ഥയെ മറ്റാരെക്കാളും നന്നായി എനിക്കറിയാം, എന്നെപ്പോലെ പരീക്ഷണങ്ങളിലൂടെയും കഷ്ടപ്പാടുകളിലൂടെയും അനിശ്ചിതത്വങ്ങളിലൂടെയും കടന്നുപോയ ആരും ചരിത്രത്തിലില്ല. തികച്ചും ഭയാനകവും ചിലപ്പോൾ അതിശയകരമാം വിധം മനോഹരവുമായ കാര്യങ്ങൾ സംഭവിക്കാം. നമ്മുടെ രാജ്യം വിജയത്തിനും മഹത്വത്തിനും അർഹമാണ്. ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ!' ട്രംപ് പറഞ്ഞു.
60-ൽ അധികം രാജ്യങ്ങളിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾക്ക് 10 ശതമാനമോ അതിൽ കൂടുതലോ തീരുവ ഏർപ്പെടുത്താനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപിന്റെ പ്രതികരണം. യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 15 ശതമാനവും തായ്‌വാൻ, വിയറ്റ്നാം, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 20% തീരുവയുമാണ് നികുതി ചുമത്തിയത്.
Content Highlights: Donald Trump warned of a '1929-style Great Depression' if the court rules against tariffs