
വാഷിംഗ്ടൺ: ഇസ്രയേൽ സൈനിക നടപടി ശക്തമാക്കണമെന്നും 'ഗാസയെ വൃത്തിയാക്കണ'മെന്നും ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്ക മുന്നോട്ട് വെച്ച വെടിനിർത്തൽ നിർദ്ദേശം ഹമാസ് നിരസിച്ച സാഹചര്യത്തിലാണ് ട്രംപിൻ്റെ പ്രസ്താവന. ഹമാസിന് സമാധാനത്തിൽ താൽപ്പര്യമില്ലെന്നും ട്രംപ് ചൂണ്ടിക്കാണിച്ചു. 'ഹമാസ് ശരിക്കും ഒരു കരാറിൽ ഏർപ്പെടാൻ ആഗ്രഹിച്ചില്ല. അവർ മരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു' എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. 'ഇത് വളരെ വളരെ മോശമാണ്. നിങ്ങൾ ജോലി പൂർത്തിയാക്കേണ്ട ഒരു ഘട്ടത്തിലെത്തണം' എന്നും ട്രംപ് കൂട്ടിച്ചേർത്തു. സ്കോട്ട്ലൻഡിലേക്കുള്ള യാത്രയ്ക്ക് മുമ്പായിരുന്നു ട്രംപിൻ്റെ പ്രതികരണം.
തന്ത്രം പുനഃപരിശോധിക്കുന്നതിനായി നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വെടിനിർത്തൽ ചർച്ചകളിൽ നിന്ന് അമേരിക്ക പിന്മാറുകയാണെന്ന് അമേരിക്കയുടെ മിഡിൽ ഈസ്റ്റ് സമാധാന ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസിനെതിരെയുള്ള ട്രംപിൻ്റെ നിലപാട് എന്നതാണ് ശ്രദ്ധേയം. 'ഇപ്പോൾ നമ്മൾ അവസാന ബന്ദികളുടെ പട്ടികയിലേക്ക് എത്തി. അവസാന ബന്ദികളെ ലഭിച്ചതിനുശേഷം എന്ത് സംഭവിക്കുമെന്ന് അവർക്കറിയാം.അടിസ്ഥാനപരമായി, അവർ ഒരു കരാറിൽ ഏർപ്പെടാൻ ആഗ്രഹിച്ചില്ല' എന്നും ട്രംപ് ചൂണ്ടിക്കാണിച്ചു.
ഗാസയിലെ മാനുഷിക സാഹചര്യം അതിവേഗം വഷളാകുകയും സാധാരണക്കാർക്കിടയിൽ പട്ടിണി വർദ്ധിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ വരുന്ന സാഹചര്യത്തിൽ നയതന്ത്ര മാർഗ്ഗം ഇനി പ്രായോഗികമല്ലെന്ന സൂചനയും ട്രംപ് നൽകി. ഇസ്രയേൽ പോരാടുകയും ഗാസ വൃത്തിയാക്കുകയും ചെയ്യേണ്ടിവരുമെന്നും ഹമാസിനെ വേട്ടയാടേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി. ഗാസയിൽ നിന്ന് ബന്ദികളെ തിരികെ കൊണ്ടുവരുന്നതിനും ഗാസ മുനമ്പിലെ ഹമാസ് ഭരണം അവസാനിപ്പിക്കുന്നതിനും ഇസ്രായേൽ ഇപ്പോൾ ബദൽ മാർഗ്ഗങ്ങൾ ആലോചിക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു.
നിലവിലെ പ്രതിസന്ധിക്ക് കാരണം ഹമാസാണെന്ന് സമാധാന ചർച്ചയിലെ യുഎസ് പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞിരുന്നു. വിറ്റ്കോഫ് കാര്യങ്ങൾ ശരിയായി മനസ്സിലാക്കിയതായും നെതന്യാഹു പറഞ്ഞിരുന്നു. ചർച്ചകൾ ക്രിയാത്മകമായിരുന്നുവെന്നാണ് മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ ബാസെം നയിം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. ഇസ്രായേലിന് വേണ്ടി സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് വിറ്റ്‌കോഫിൻ്റെ പരാമർശങ്ങൾ എന്നും ഹമാസ് പ്രതിനിധി വിമർശിച്ചു. സാഹചര്യത്തിന്റെ സങ്കീർണ്ണതയെക്കുറിച്ചുള്ള പൂർണ്ണ അവബോധത്തോടെയും ധാരണയോടെയുമാണ് നിലപാട് അവതരിപ്പിച്ചതെന്നും ഹമാസ് പ്രതിനിധി ചൂണ്ടിക്കാണിച്ചു.
ഏറ്റവും പുതിയ റൗണ്ട് ചർച്ചകളിൽ ചില പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് മധ്യസ്ഥരായ ഖത്തറും ഈജിപ്തും വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ പങ്കാളിത്തത്തോടെ വെടിനിർത്തൽ ധാരണയിലെത്താൻ തുടർന്നും ശ്രമിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Donald Trump says Hamas wants to die urges Israel to 'finish the job' in Gaza