
തെഹ്റാൻ: അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ രൂക്ഷവിമർശനവുമായി ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. അമേരിക്കയെയും അവരുടെ നായയായ ഇസ്രയേലിനെയും നേരിടാൻ ഇറാൻ തയ്യാറാണെന്നായിരുന്നു ഖമേനിയുടെ പ്രതികരണം. ഇറാൻ ആണവ ചർച്ചകൾക്ക് തയ്യാറാകണമെന്ന ആവശ്യത്തിനിടെയാണ് ഖമേനിയുടെ രൂക്ഷ പ്രതികരണം വരുന്നത്. 'നമ്മുടെ രാഷ്ട്രം അമേരിക്കയുടെ ശക്തിയെയും അതിന്റെ നായയായ സയണിസ്റ്റ് ഭരണകൂടത്തെയും നേരിടാൻ തയ്യാറാണെന്ന വസ്തുത വളരെ പ്രശംസനീയമാണ്' എന്നാണ് ഇറാനിയൻ സ്റ്റേറ്റ് ടിവിയോട് ഖമേനി പ്രതികരിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിന് നേരെ കഴിഞ്ഞ മാസം നടന്ന ആക്രമണം ടെഹ്‌റാൻ വാഷിംഗ്ടണിനെതിരെ പ്രഹരമേൽപ്പിക്കുന്നതിൻ്റെ തുടക്കം മാത്രമാണെന്നും യുഎസിനും മറ്റുള്ളവർക്കും ഇതിലും വലിയ പ്രഹരം ഏൽക്കുമെന്നും ഖമേനി മുന്നറിയിപ്പ് നൽകി. വേനൽക്കാലം അവസാനിക്കുന്നതോടെ അമേരിക്കയ്ക്ക് ആണവ ചർച്ചകളിൽ മുന്നോട്ടു പോകാൻ കഴിയുന്നില്ലെങ്കിൽ പാശ്ചാത്യ രാജ്യങ്ങൾ സ്നാപ്പ്ബാക്ക് ഉപരോധങ്ങൾ ശക്തിപ്പെടുത്താൻ ആലോചിക്കുന്നതായി ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഖമേനിയുടെ പ്രതികരണം വരുന്നത്.
അന്താരാഷ്ട്ര സമൂഹത്തിന്റെ സുരക്ഷാ താൽപ്പര്യങ്ങൾ അഭിസംബോധന ചെയ്യുന്ന സുസ്ഥിരവും പരിശോധിക്കാവുന്നതുമായ ഒരു നയതന്ത്ര പരിഹാരം അത്യാവശ്യമാണ് എന്നാണ് വിഷയത്തിൽ ജർമ്മൻ വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രതികരിച്ചിരുന്നു. വേനൽക്കാലത്തിന്റെ അവസാനത്തോടെ അത്തരമൊരു പരിഹാരം നേടിയില്ലെങ്കിൽ,സ്നാപ്പ്ബാക്ക് സംവിധാനം ഒരു ഓപ്ഷനായി E3 പങ്കാളികൾ തുടരുമെന്നും ജർമ്മൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. "ഈ വിഷയത്തിൽ ഞങ്ങളുടെ E3 പങ്കാളികളുമായി അടുത്ത ഏകോപനം നടത്തുന്നത് തുടരുന്നു എന്നായിരുന്നു 2015 ലെ ആണവ കരാറിൽ ഒപ്പുവച്ച യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, ജർമ്മനി, യുകെ എന്നിവയെ പരാമർശിച്ചുകൊണ്ട് ജർമ്മൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. സ്നാപ്പ്ബാക്ക് ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് ഏകദേശം 190 രാജ്യങ്ങൾ ഒപ്പുവച്ച ലോകത്തിലെ ഏറ്റവും വലിയ ആണവ കരാറായ ആണവായുധ വ്യാപന നിരോധന ഉടമ്പടിയിൽ നിന്ന് പിന്മാറാൻ ഇറാനെ പ്രേരിപ്പിച്ചേക്കാമെന്ന അപകട സാധ്യതയും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കൂടുതൽ സൈനിക നടപടികൾ ഒഴിവാക്കാൻ ഇറാനുമായി ചർച്ചകൾ തുടരാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഒരു കരാറിലെത്തേണ്ട സമയപരിധി അവസാനിക്കാറായിട്ടും 'സംസാരിക്കാൻ തിടുക്കമില്ല' എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. ജൂണിൽ ഫോർദോ ആണവ കേന്ദ്രത്തിൽ നടത്തിയ ആക്രമണത്തിന് ശേഷം ഇറാന്റെ ആണവ പദ്ധതി രണ്ട് വർഷം പിന്നോട്ട് പോയതായി അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇസ്രായേൽ ആക്രമണങ്ങൾ ഇറാന്റെ മിസൈൽ, ഡ്രോൺ പദ്ധതികളെ പിന്നോട്ടടിപ്പിച്ചെന്ന് പറയുമ്പോഴും അതിന്റെ സംഭരണികളെയും വിക്ഷേപണ ശേഷികളെയും എത്രമാത്രം തകർക്കാൻ കഴിഞ്ഞുവെന്ന് വ്യക്തമല്ലായെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇറാൻ്റെ മിസൈൽ, ഡ്രോൺ പരിപാടികൾ ഒരു സുപ്രധാന ഭീഷണിയായി തുടരുന്നുവെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇസ്രയേലിൻ്റെ ആക്രമണങ്ങൾക്ക് ശേഷവും ഇറാന് ഇപ്പോഴും ഏകദേശം 1,500 ഇടത്തരം ബാലിസ്റ്റിക് മിസൈലുകളും അതിന്റെ വിക്ഷേപണ ശേഷിയുടെ 50 ശതമാനവും ഉണ്ടെന്ന് ഫൗണ്ടേഷൻ ഫോർ ഡിഫൻസ് ഓഫ് ഡെമോക്രസീസിന്റെ (FDD) "ലോംഗ് വാർ ജേണൽ" എഡിറ്ററായ ബിൽ റോജിയോ റിപ്പോർട്ട് ചെയ്തതും അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Content Highlights: Iranian Supreme Leader Ayatollah Ali Khamenei issued his latest threat against America and Israel