എ പത്മകുമാറിനെ സിപിഐഎം ആറന്മുള മണ്ഡലം സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി

യോഗത്തില്‍ പത്മകുമാറിനെ പാര്‍ട്ടി ചുമതലകളില്‍ നിന്നും നീക്കാനുളള തീരുമാനം ഉണ്ടായേക്കും

എ പത്മകുമാറിനെ സിപിഐഎം ആറന്മുള മണ്ഡലം സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി
dot image

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്ത ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും സിപിഐഎം നേതാവുമായ എ പത്മകുമാറിനെ സിപിഐഎം ആറന്മുള മണ്ഡലം സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി. പത്തനംതിട്ട ജില്ലാ കമ്മറ്റിയുടേതാണ് തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഓമല്ലൂര്‍ ശങ്കരന് ആറന്മുള മണ്ഡലം സെക്രട്ടറിയായി പകരം ചുമതല നല്‍കി. നാളെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരും. യോഗത്തില്‍ പത്മകുമാറിനെ പാര്‍ട്ടി ചുമതലകളില്‍ നിന്നും നീക്കാനുളള തീരുമാനം ഉണ്ടായേക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളും സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കും.

ആറന്മുള മണ്ഡലത്തില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് എ പത്മകുമാറായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആ ചുമതല പത്മകുമാര്‍ വഹിക്കേണ്ട എന്ന തീരുമാനത്തിലാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. ഓമല്ലൂര്‍ ശങ്കരനായിരിക്കും മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുക. നേരത്തെ പത്മകുമാറിനെ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഔദ്യോ​ഗിക വാട്‌സ്ആപ്പ് ​ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയിരുന്നു. അതിന്റെ സ്ക്രീൻഷോട്ടും പുറത്തുവന്നിരുന്നു.

ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ മാർച്ച് നാലാം തീയതിയായിരുന്നു പത്മകുമാർ ജയിൽ മോചിതനായത്. അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമായിരുന്നു പത്മകുമാര്‍ പുറത്തേയ്ക്ക് പോയത്. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ കേസുകളില്‍ എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കൊല്ലം വിജിലന്‍സ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചത്.

കട്ടിളപ്പാളിയിലെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു പത്മകുമാറിനെ ആദ്യം പ്രതി ചേര്‍ക്കുന്നത്. പിന്നീട് ദ്വാരപാല ശില്‍പ കേസിലും പ്രതി ചേര്‍ക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡ് മിനുട്‌സില്‍ മാറ്റം വരുത്തിയതും സ്വര്‍ണം ചെമ്പെന്ന് തിരുത്തി എഴുതിയതും പത്മകുമാറാണെന്നായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തല്‍. സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ അറിവോടെയാണെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2025 നവംബര്‍ 20നായിരുന്നു പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.

Content Highlights: A Padmakumar removed from the post of CPI(M) Aranmula constituency secretary

dot image
To advertise here,contact us
dot image