
ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ ഇസ്രയേല്‍ ആക്രമണം. ഡമാസ്‌കസിലെ സൈനിക ആസ്ഥാനത്തിനും പ്രതിരോധ മന്ത്രാലയത്തിനും നേരെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്വെയ്ദയില്‍ ആക്രമണം തുടരുന്നതിനിടെയാണ് ഇസ്രയേല്‍ ഡമാസ്‌കസിലും ആക്രമണം നടത്തിയിരിക്കുന്നത്. ഡമാസ്‌കസില്‍ പലയിടത്തും സ്‌ഫോടനം നടന്നെന്നാണ് റിപ്പോര്‍ട്ട്.
തെക്കന്‍ സിറിയയിലെ ഡ്രൂസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് സിറിയ ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് ഇസ്രയേല്‍ ഡമാസ്‌കസിലെ സൈനിക ആസ്ഥാനത്തിനു നേരെ ആക്രമണം നടത്തിയത്. സൈനിക ആസ്ഥാനത്തിന്റെ പ്രധാന കവാടം അടക്കം ഷെല്ലാക്രമണത്തില്‍ തകര്‍ന്നുവെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. വെടിനിര്‍ത്തല്‍ കരാറുണ്ടായിരുന്ന സ്വെയ്ദ പ്രദേശത്ത് സിറിയന്‍ ഭരണകൂടവും ഡ്രൂസ് വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 250-ലധികം പേര്‍ മരിച്ചെന്ന് ഇസ്രയേല്‍ ആരോപിച്ചു. സിറിയയില്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടം വീണതിനുശേഷം ആഭ്യന്തര യുദ്ധം അവസാനിച്ചെങ്കിലും പുതിയ സര്‍ക്കാരിന്റെ ഭരണപരിഷ്‌കാരങ്ങള്‍ മതന്യൂനപക്ഷങ്ങളുടെ എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്. തെക്കന്‍ സിറിയയിലെ ഡ്രൂസ് വിഭാഗക്കാര്‍ ഭരണവിരുദ്ധ വികാരമുളളവരാണ്. ഇവരെ സംരക്ഷിക്കാനെന്ന പേരിലാണ് ഇസ്രയേല്‍ ഇപ്പോള്‍ സിറിയന്‍ സൈനിക ആസ്ഥാനം ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരിക്കുന്നത്.
ഡമാസ്‌കസിലെ സിറിയന്‍ സൈനിക ആസ്ഥാനവും പ്രസിഡന്റിന്റെ കൊട്ടാരവും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. തെക്കന്‍ സിറിയയിലെ ഡ്രൂസ് സിവിലിയന്‍മാര്‍ക്കെതിരായ ഭരണകൂടത്തിന്റെ നടപടികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇസ്രയേല്‍ അറിയിച്ചു.
Content Highlights: Israeli attack on military headquarters in Syria: One killed and 34 injured