
ടെഹ്‌റാന്‍: ഇസ്രയേല്‍ ആക്രണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് പരിക്കേറ്റിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇറാന്‍ വാര്‍ത്ത ഏജന്‍സി. ഇറാന്റെ ദേശീയ കൗണ്‍സില്‍ യോഗം നടക്കുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്. ജൂണ്‍ 16നുണ്ടായ ഇസ്രയേലിൻ്റെ അപ്രതീക്ഷിത വ്യോമാക്രമണത്തിലായിരുന്നു ഇറാന്‍ പ്രസിഡൻ്റിനുൾപ്പടെ പരിക്കേറ്റത്.
പെസെഷ്‌കിയാന്റെ കാലിനായിരുന്നു പരിക്കേറ്റത്. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്, ജുഡീഷ്യറിയുടെ തലവന്‍ മൊഹ്‌സേനി എജെയ് തുടങ്ങിയവരടങ്ങുന്ന യോഗത്തില്‍ പങ്കെടുക്കവെയാണ് ആക്രമണം ഉണ്ടായത്. ടെഹറാന്റെ പടിഞ്ഞാറന്‍ മേഖലയിലുണ്ടായ മിസൈലാക്രമണത്തിലായിരുന്നു അപകടം.
ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രള്ളയെ കൊലപ്പെടുത്തിയ രീതിയില്‍ തന്നെ പെസെഷ്‌കിയാനെ ഉന്നം വെച്ചുള്ള ആക്രമണമാണ് ഇസ്രയേല്‍ പദ്ധതിയിട്ടിരുന്നത്. പെസെഷ്‌കിയാനുണ്ടായിരുന്ന കെട്ടിടത്തിലെ വായു സഞ്ചാരം പൂര്‍ണമായും തടഞ്ഞ ശേഷം വിഷപ്പുക ഉള്ളിലേക്ക് കടത്താനായിരുന്നു ഇറാന്റെ ശ്രമം. ഇതിനായി ആറ് മിസൈലുകളാണ് ഇസ്രയേല്‍ തൊടുത്തത്. എന്നാല്‍ കെട്ടിടത്തിൽ രഹസ്യപാത ഉണ്ടായിരുന്നതിനാല്‍ ഇതുവഴി ഇവര്‍ രക്ഷപ്പെടുകയായിരുന്നു. 2024 ല്‍ ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ളയെ സമാനമായ തരത്തില്‍ മിസൈലില്‍ നിന്നുള്ള വിഷപുക ശ്വസിപ്പിച്ചാണ് കൊലപ്പെടുത്തിയിരുന്നത്.
Content Highlights- Iranian President injured in Israeli attack, escaped through secret passageway in building; report