
വാഷിംഗ്ടൺ: യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കും അധിക തീരുവ ചുമത്തി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. 30 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നത്. ഇറക്കുമതി തീരുവയിലെ വർധന ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഏതെങ്കിലും വ്യാപാര പങ്കാളികൾ അമേരിക്കയ്ക്കെതിരെ പകരം ഇറക്കുമതി തീരുവ ചുമത്തിയാൽ തിരിച്ചടി ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രസിഡന്റിന്റെ പുതിയ തീരുമാനം. തന്റെ ഔദ്യോഗിക ട്രൂത്ത് പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
തീരുമാനം നടപ്പിലാക്കാൻ ഇനിയും ദിവസങ്ങൾ ഉണ്ടെന്നും അതിന് മുൻപ് വ്യാപാര കരാറുകളിൽ ചർച്ചകൾ തുടർന്നാൽ മെക്സിക്കോയ്ക്കും യൂറോപ്യൻ യൂണിയനും അത് ഗുണം ചെയ്യുമെന്നും ട്രംപ് ട്രൂത്ത് പോസ്റ്റിൽ കുറിച്ചു. ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിൽ പ്രതികരണവുമായി യൂറോപ്യൻ യൂണിയനും മെക്സിക്കോയും രംഗത്തെത്തിയിട്ടുണ്ട്. താരിഫുകൾ അന്യായവും വിനാശകരവുമാണെന്നായിരുന്നു പ്രതികരണം. അമേരിക്കയുമായി ഒരു കരാറിലെത്താൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോം പറഞ്ഞു. ഏത് പ്രശ്‌നത്തെയും ശാന്തതയോടെ നേരിടണമെന്നാണ് താൻ എപ്പോഴും വിശ്വസിക്കുന്നതെന്നും മെക്സിക്കൻ പ്രസിഡൻ്റ് പറഞ്ഞു. അമേരിക്കൻ ഗവൺമെൻ്റുമായി എങ്ങനെ പ്രവർത്തിക്കണമെന്നതിലും നമുക്ക് എന്തുചെയ്യാൻ കഴിയില്ല എന്നതിലും മെക്സിക്കോയ്ക്ക് വ്യക്തതയുണ്ട്. മെക്‌സിക്കൻ സംസ്ഥാനമായ സോനോറയിൽ നടന്ന ഒരു പൊതു പരിപാടിയിലാണ് ഷെയിൻബോംയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് 35 ശതമാനം തീരുവ ചുമത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. 2025 ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ താരിഫ് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ബാധകമാണെന്നാണ് ട്രംപ് വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക കത്ത് ട്രംപ് പുറത്ത് വിട്ടത്. അമേരിക്കയിലേയ്ക്കുള്ള ഫെന്റനൈലിന്റെ ഒഴുക്ക്, അന്യായമായ വ്യാപാര രീതികൾ എന്നിവയാണ് കാനഡയ്‌ക്കെതിരെ ഉയർന്ന തീരുവ ചുമത്തുന്നതിൻ്റെ കാരണമായി ട്രംപ് ചൂണ്ടിക്കാണിച്ചിരുന്നത്. പ്രധാന വിഷയങ്ങളിൽ സഹകരിക്കുന്നതിൽ കാനഡ പരാജയപ്പെട്ടെന്നാണ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. അമേരിക്കയിലെ ക്ഷീര കർഷകരുടെ ഉത്പന്നങ്ങൾക്ക് കാനഡ ഉയർന്ന ഇറക്കുമതി തീരുവ ചുമത്തിയത് വ്യാപാര കമ്മിക്ക് കാരണമാകുമെന്നും ട്രംപ് കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ജപ്പാൻ, ദക്ഷിണകൊറിയ, ബ്രസീൽ, മ്യാൻമർ, ലാവോസ്, തായ്‌ലൻഡ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, കസാക്കിസ്ഥാൻ, ഇന്തോനേഷ്യ, ടുണീഷ്യ, മലേഷ്യ, സെർബിയ, കംബോഡിയ, ബോസ്നിയ & ഹെർസഗോവിന, അൾജീരിയ, ബ്രൂണൈ, ഇറാഖ്, ലിബിയ, മോൾഡോവ, ഫിലിപ്പീൻസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾക്കുമേൽ ഉയർന്ന താരിഫ് നിരക്കുകൾ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകുന്ന കത്ത് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചിരുന്നു.
ബ്രസീലിന് മേൽ 50 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ജപ്പാനും ദക്ഷിണ കൊറിയയ്ക്കും മേൽ അമേരിക്ക 25 ശതമാനം താരിഫ് ചുമത്തുമെന്നാണ് ട്രംപിൻ്റെ പ്രഖ്യാപനം. അൾജീരിയ, ഇറാഖ്, ലിബിയ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് 30 ശതമാനവും ബ്രൂണൈ, മോൾഡോവ എന്നിവയ്ക്ക് 25 ശതമാനവും ഫിലിപ്പീൻസിന് 20 ശതമാവും തീരുവയാണ് ചുമത്തിയിരിക്കുന്നത്. ഈ രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയ തീരുവ ഓഗസ്റ്റ് ഒന്നുമുതലായിരിക്കും പ്രാബല്യത്തിൽ വരിക. അമേരിക്കയുമായി പുതിയ വ്യാപാരക്കരാർ ഓഗസ്റ്റ് ഒന്നിന് മുൻപ് ഉണ്ടാക്കിയില്ലെങ്കിൽ അധിക തീരുവ ഏർപ്പെടുത്തുമെന്ന് കാണിച്ചായിരുന്നു അമേരിക്ക കത്തയച്ചത്. ലാവോസിനും മ്യാൻമറിനും 40 ശതമാനം തീരുവ ചുമത്തുമെന്നാണ് ഭീഷണി.
Content Highlights: Donald Trump intensifies trade war with threat of 30% tariffs on European Union and Mexico