ഗാസയിൽ വെടിനിർത്തൽ ഒരാഴ്ചയ്ക്കകമെന്ന് ട്രംപ്; പ്രസ്താവന നെതന്യാഹു അമേരിക്ക സന്ദർശിക്കാനിരിക്കെ

ഇനിതിടെ ബെഞ്ചമിൻ നെതന്യാഹു ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി അമേരിക്കയിലേയ്ക്ക് തിരിച്ചു

dot image

​വാഷിംഗ്ടൺ: ഒരാഴ്ചയ്ക്കകം ​ഗാസയിൽ വെടിനിർത്തൽ കരാർ പ്രാവർത്തികമാകുമെന്ന് അമേരിക്കൻ പ്രസിഡ‍ൻ്റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വാഷിം​ഗ്ടണിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുമ്പായിരുന്നു ട്രംപിൻ്റെ പ്രസ്താവന. ഇനിതിടെ ബെഞ്ചമിൻ നെതന്യാഹു ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി അമേരിക്കയിലേയ്ക്ക് തിരിച്ചു. ഗാസയിൽ വെടിനിർത്തൽ കരാറിന് അടുത്തെത്തിയെന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു. ബന്ദികളെ വിട്ടയയ്ക്കലും വെടിനിർത്തൽ കരാറും ഈ ആഴ്ച തന്നെ നടപ്പിലാകുമെന്നും ഇത് ഏതാനും ബന്ദികളുടെ വിട്ടയയ്ക്കലിന് വഴിതെളിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. 'ഈ ആഴ്ച തന്നെ ഹമാസുമായി ഒരു ധാരണയിലെത്താൻ സാധിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്. ഞങ്ങൾ ഇസ്രയേലുമായി നിരവധി കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. അതിൽ പ്രധാനം ഒരുപക്ഷെ ഇറാനുമായി സ്ഥിരമായി ഒരു ധാരണയുണ്ടാക്കുക എന്നതാണ്. ഞങ്ങൾ ​ഗാസയിൽ ഒരു ധാരണയുടെ അടുത്തെത്തിയിട്ടുണ്ട്. അത് ഈ ആഴ്ച തന്നെ ഉണ്ടാകും' എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. ന്യൂജേഴ്സിലെ വാരാന്ത്യ ​ഗോൾഫിം​ഗിന് ശേഷം വാഷിം​ഗ്ടണിൽ മടങ്ങിയെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

ഇതിനിടെ ​ഗാസയിൽ സ്ഥിരമായ വെടിനിർത്തൽ നടപ്പിലാക്കാനും ​ഗാസയിൽ യുദ്ധം അവസാനിപ്പിക്കാനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മേൽ സമ്മർദ്ദം ശക്തമായി. നെതന്യാഹുവിൻ്റെ സർക്കാരിനെ പിന്തുണയ്ക്കുന്ന തീവ്രവലതുപക്ഷ കക്ഷികളുടെ സമ്മർദ്ദം മൂലമാണ് ​ഗാസയിലെ പോരാട്ടം നെതന്യാഹു നീട്ടിക്കൊണ്ടു പോകുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെ ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ബെഞ്ചമിൻ നെതന്യാഹു ശുഭപ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനകം ഇസ്രയേൽ അം​ഗീകരിച്ച ധാരണകളുടെ അടിസ്ഥാനത്തിൽ വേണം വെടിനിർത്തലെന്ന് ദോഹയിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കുന്ന ഇസ്രയേലി പ്രതിനിധികൾക്ക് നിർദ്ദേശം ൻൽകിയിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. ധാരണകളുമായി ബന്ധപ്പെട്ട് ഹമാസ് ആവശ്യപ്പെട്ടിരിക്കുന്ന മാറ്റങ്ങൾ അസ്വീകാര്യമാണെന്നും നെതന്യാഹു പറഞ്ഞിരുന്നു. ​ഗാസയിൽ തടവിലുള്ള ബന്ദികളെ തിരിച്ചെത്തിക്കുന്നതും ഹമാസിൻ്റെ ഭീഷണി ഇല്ലാതാക്കലും ഉറപ്പാക്കുമെന്ന ദൃഢനിശ്ചയവും നെതന്യാഹു പ്രകടിപ്പിച്ചിരുന്നു.

ഇതിനിടെ ​ഗാസ സിറ്റിയിൽ ഇസ്രയേൽ നടത്തിയ കനത്ത ആക്രമണത്തിൽ 39 പേർ കൊല്ലപ്പെട്ടു. ​ഗാസയിലുടനീളം ഇന്ന് നടത്തിയ ആക്രമണത്തിൽ 82 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ​ഗാസമുനമ്പിൽ ഇസ്രയേൽ നടത്തിയ വ്യാപക ആക്രമണത്തിൽ 78 പേരോളം കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ​ഇതിനിടെ ​ഗാസയിൽ സഹായം എത്തിക്കുന്ന ​ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടെഷൻ ഇടങ്ങളിൽ ഇസ്രയേൽ സൈന്യം ഇതുവരെ നടത്തിയ ആക്രമണത്തിൽ 743 പലസ്തീനികൾ കൊല്ലപ്പെട്ടുവെന്നാണ് ​ഗാസയിലെ ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

Content Highlights: Chance to have a deal with Hamas Donald Trump says

dot image
To advertise here,contact us
dot image