
വാഷിംഗ്ടണ്‍: പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇലോണ്‍ മസ്‌ക് കഴിഞ്ഞ അഞ്ച് ആഴ്ച്ചയിലേറെയായി സമനില നഷ്ടമായതുപോലെയാണ് പെരുമാറുന്നതെന്നും അതില്‍ താന്‍ അതീവ ദുഃഖിതനാണെന്നും ട്രംപ് പറഞ്ഞു. 'അമേരിക്കയില്‍ ഒരു മൂന്നാം രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കാന്‍ വരെ അദ്ദേഹം ആഗ്രഹിക്കുന്നു. ഈ സംവിധാനം അവര്‍ക്കുപറഞ്ഞിട്ടുളളതല്ല. സാധാരണയായി അവര്‍ ചെയ്യുന്നത് തടസങ്ങളും കുഴപ്പങ്ങളും സൃഷ്ടിക്കുക എന്നതാണ്. തീവ്ര ഇടതുപക്ഷ ഡെമോക്രാറ്റുകളില്‍ നിന്ന് അത് ആവശ്യത്തിന് ലഭിക്കുന്നുമുണ്ട്.'-ട്രംപ് പറഞ്ഞു.
എന്നാല്‍ റിപ്പബ്ലിക്കന്‍സ് നേരെ തിരിച്ചാണ്. ഞങ്ങള്‍ സംഘടിതരാണ്. പ്രധാനപ്പെട്ട ഒരു ബില്‍ അടുത്തിടെ പാസാക്കി. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബില്‍. മികച്ച ബില്ലാണത്. പക്ഷെ ഇലോണ്‍ മസ്‌കിന് അത് ഇഷ്ടപ്പെടില്ല. കാരണം അത് ഇലക്ട്രിക് വെഹിക്കിള്‍ മാന്‍ഡേറ്റ് (ഇവി) നീക്കം ചെയ്യുന്നതാണ്. ഇനി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ആരുടെ മേലും നിര്‍ബന്ധമുണ്ടാകില്ല. ആളുകള്‍ക്ക് ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറുകളും ഹൈബ്രിഡുകളും തുടങ്ങി ഇഷ്ടമുളളതെന്തും തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യമുണ്ട്. ഇനി നിര്‍ബന്ധിത ഇവി മാന്‍ഡേറ്റുകളില്ല. ഞാന്‍ പ്രഥമ പരിഗണന നല്‍കുന്നത് അമേരിക്കയിലെ ജനങ്ങള്‍ക്കാണ്'-ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ഇലോണ്‍ മസ്‌ക് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. 'അമേരിക്ക പാര്‍ട്ടി' എന്നാണ് മസ്‌കിന്റെ പുതിയ പാര്‍ട്ടിയുടെ പേര്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുളള ഭിന്നത രൂക്ഷമായതിനു പിന്നാലെയാണ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം. ഇലോണ്‍ മസ്‌ക് എക്‌സിലൂടെയാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചത്. 'ഇന്ന് നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നല്‍കുന്നതിനായാണ് അമേരിക്ക പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്'-എന്നാണ് മസ്‌ക് എക്‌സില്‍ കുറിച്ചത്. ഇലോണ്‍ മസ്‌ക് എക്‌സിലൂടെയാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചത്. ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' കഴിഞ്ഞ ദിവസം നിയമമായിരുന്നു.
Content Highlights: Donald Trump mocks Elon Musk for new political party