104 വർഷം, 100 മില്യൺ അംഗത്വം; ചരിത്രത്തിലാദ്യമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗത്വം 10 കോടിയിലേക്ക്

നാളെ പാര്‍ട്ടിയുടെ 104ാം വാര്‍ഷികം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് സിസിപിയുടെ ഓര്‍ഗനൈസേഷന്‍ വകുപ്പാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്

dot image

ബെയ്ജിങ്: ചരിത്രത്തിലാദ്യമായി ചൈനയില്‍ 10 കോടി (100 മില്യണ്‍) അംഗങ്ങളുമായി ചൈനീസ് കമ്മ്യൂണിസ്റ്റ്  പാര്‍ട്ടി (സിസിപി). കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് 10 കോടി അംഗങ്ങള്‍ എന്ന കണക്കിലേക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഉയര്‍ന്നതെന്ന് ഇന്ന് പുറത്ത് വന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുപ്രകാരം ചൈനയിലെ 14ല്‍ ഒരാള്‍ വീതം പാര്‍ട്ടി അംഗമാണ്.

നാളെ പാര്‍ട്ടിയുടെ 104ാം വാര്‍ഷികം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് സിസിപിയുടെ ഓര്‍ഗനൈസേഷന്‍ വകുപ്പാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 15 ശതമാനത്തിലധികം ഉയര്‍ന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2014ല്‍ 8.78 കോടി അംഗങ്ങളാണ് പാര്‍ട്ടി അംഗങ്ങളായിരുന്നവര്‍.

എന്നാല്‍ പാര്‍ട്ടി അംഗത്വത്തില്‍ വര്‍ധനവുണ്ടായെങ്കിലും മുന്‍ വര്‍ഷങ്ങളേക്കാള്‍ നേരിയ അളവിലുള്ള വര്‍ധനവാണ് കാണാന്‍ സാധിക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് 2023നേക്കാള്‍ 1.1 ശതമാനത്തിന്റെ വര്‍ധനവ് മാത്രമാണ് കഴിഞ്ഞ വര്‍ഷം അംഗത്വത്തില്‍ കാണാന്‍ സാധിക്കുക. 2021ല്‍ മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് 3.7 ശതമാനം വര്‍ധനവാണ് അംഗത്വത്തില്‍ ഉണ്ടായത്. അതിന് ശേഷം നേരിയ തോതിലുള്ള വര്‍ധനവാണുണ്ടായതെന്നാണ് ബ്ലൂംബെര്‍ഗ് ചൂണ്ടിക്കാട്ടുന്നത്.

ജോലിയുമായി ബന്ധപ്പെടുത്തി കൊണ്ടാണ് കൂടുതല്‍ പേരും പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രധാനമായും സര്‍ക്കാര്‍ ജോലികള്‍ക്ക് പാര്‍ട്ടി ബന്ധം ആവശ്യമാണ്. പാര്‍ട്ടി അംഗത്വം നേടുന്ന സ്ത്രീകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 30.9 ശതമാനം സ്ത്രീകളാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. 2023ല്‍ അത് 30.4 ശതമാനവും 2021ല്‍ 29.4 ശതമാനവുമായിരുന്നു.

Content Highlights: Chinese Communist Party cross 100 million membership

dot image
To advertise here,contact us
dot image